Monday, May 22, 2006

ഫുട്ബോള്‍

നേരം പരുപരാന്ന് വെളുക്കുന്ന ആ പതിവു പ്രവര്‍ത്തി ദിനത്തില്‍ മൈതാനത്തിലേക്കിറങ്ങാനുള്ള ആദ്യ വിസിലായ അലാറം മുഴങ്ങി.വാര്‍മപ്പിനായി ബാത്റൂമിലേക്ക് നടന്നു.ഗീസറിന്റെ ആവശ്യമില്ലാതെ ധാരധാരയായി ഒഴുകുന്ന ചൂടുവെള്ളത്തില്‍ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പണ്ട് അടുപ്പിലൂതി കണ്ണീരുമായ് വെള്ളം ചൂടാക്കി കുളിച്ചിരുന്ന കാലം ഓര്‍മ്മ വന്നു.അന്ന് ഇഞ്ജ തേച്ച് സമയമെടുത്ത് മെല്ലെ കുളിച്ചാല്‍ മതിയായിരുന്നു.ഇന്ന് തിരക്കു മാ‍ത്രമുള്ള ഈ മരുഭൂവാസത്തില്‍ കുളിയും ഒരു പ്രഹസനം മാത്രം.


ജേഴ്സിയായ റ്റൈയ്യും പാന്റും ഷര്‍ട്ടുമെല്ലാമിട്ട് മൈതാനത്തിലേക്കിറങ്ങാന്‍ തയ്യാറായി.എന്തൊരു വിയര്‍പ്പ്...എന്തു ചെയ്യാം..ഇതെല്ലാമണിയണമെന്നത് കോച്ചിന് നിര്‍ബന്ധമാണ്.ബാല്‍ക്കണിയില്‍ പോയി പന്തിനെയൊന്നു നോക്കി. ടീമിന്റെ സൈക്കോയായ വാച്മാന്‍ അതിനെ വ്രത്തിയാക്കുന്നതേയുള്ളൂ.5 മിനിറ്റ്കൂടെ വാര്‍മപ്പിനു സമയമുണ്ട്.


കട്ടിലില്‍ സുഗമായി ഉറങ്ങുന്ന നന്ദയെ നോക്കി നെടുവീര്‍പ്പിട്ടു.എത്ര ഭാഗ്യവതി.. ജോലിക്കൊന്നും പോകെണ്ടാതെ വീട്ടമ്മയായി ഇങ്ങെനെ നേരം പുലരും വരെ ഉറങ്ങുക. അമ്മയുടെ മാറില്‍ച്ചേര്‍ന്നുറങ്ങുന്ന മകനെ നോക്കി മനസ്സിലിങ്ങനെ പറഞ്ഞു,ഒന്ന് വേഗം വളരെടാ..എന്നിട്ട് വേണം നിന്റെ അമ്മയും എന്നെ പോലെ ജോലിക്ക് പോകുന്നതെന്നിക്കു കാണാന്‍.


നന്ദ എഴുന്നേറ്റ് ഫ്രിഡ്ജില്‍ തലേ ദിവസമേ തയ്യാറാക്കി വച്ചിരുന്ന ചോറ്റുപാ‍ത്രമെടുത്തു തന്നിട്ട് ദേവേട്ടാ എന്നത്തേയുപോലെ ഓഫീസിലെത്തിയാലുടനെ വിളിക്കണേയെന്ന മുന്നറിയിപ്പും നല്‍കി എന്നെ യാത്രയാക്കി.പുലര്‍ച്ചേയെഴുന്നേറ്റ് വിയര്‍ത്തൊഴുകുന്ന ശരീരവുമായി വാഴയിലയില്‍ പൊതിഞ്ഞ് ചൂട് ചോറുമായി എന്നെ യാത്രയാക്കിയിരുന്ന അമ്മയുടെ മുഖം അവളിലെനിക്ക് കാണാനായില്ല.


എല്ലാവരും ഓരോ പന്തുമായി കളിക്കുന്ന ഒരുപാടുനീളമുള്ള മൈതാനത്തിലേക്ക് ഷൂസിന്റെ കുളമ്പടി നാദവുമായി കാണികളുടെ കൈയ്യടികളൊന്നുമില്ലാതെ ആ ദിവസത്തെ കളിയുടെ സമാരംഭത്തിനായ് ഞാനിറങ്ങി.


തുടച്ച് വ്രത്തിയാക്കിയതിന്റെ ചിഹ്നമായി സൈക്കോ ഉയര്‍ത്തിവയ്ക്കാറുള്ള വൈപ്പര്‍ താഴ്ത്തി ഞാന്‍ എന്റെ നിസ്സാന്‍ പന്തിന്റെയുള്ളില്‍ കടന്നതിനെ സ്റ്റാര്‍ട്ട് ചെയ്തു.ഇന്നും സുഗമമായി ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എതിര്‍ ടീമിനെ ഗ്രൌണ്ടില്‍ ഒരുപാട് കൊണ്ടുവരരുതേയെന്ന മൌന പ്രാര്‍ത്ഥനയുമായി ഞാന്‍ പന്തു മെല്ലെ ഗ്രൌണ്ടിലേക്കുരുട്ടി.


നീണ്ടു നിവര്‍ന്നു കിടക്കുന്ന മൈതാനത്തിന്റെ ഒരു മൂലയില്‍ നിന്നും അതിന്റെ മധ്യ ഭാഗത്തുള്ള എമിരേറ്റ് റോഡ് വരെയും ഞാന്‍ പന്തു അതിവേഗം നീക്കി.എതിരാളികളെക്കൊണ്ടുനിറഞ്ഞ എമിരേറ്റ് റോഡിന്റെ കവാടത്തില്‍ ഞാന്‍ പന്തുമായി വിയര്‍ത്തു.എതിര്‍ റ്റീമിന്റെ ഡിഫന്റര്‍മാര്‍ ഹോര്‍ണടിച്ചും ഇന്റികേറ്ററിടാതെ കുത്തിക്കയറ്റിയും എന്നെ വിയര്‍പ്പിച്ചു.ഷോള്‍ഡര്‍ പുഷില്ലാത്തതിനാല്‍ ഞാന്‍ ഒരുവിധം എതിരാളികളുടെ ഇടയിലൂടെ മെല്ലെ ഗ്രൌണ്ടിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങി.എല്ലാവരും ഇഴഞ്ഞു നീങ്ങുന്ന ഗ്രൌന്‍ഡില്‍ ഏതോ കളിക്കാരനു പരുക്കുപറ്റിയ കാരണം എല്ലാ പന്തുകളും നിശ്ചലമാണ്.പരുക്കുപറ്റിയ് കളിക്കാരന്റെയടുത്തേക്ക് പോകുവാനായുള്ള ആമ്പുലന്‍സ് മുഴങ്ങി കേള്‍ക്കുന്ന സൈറണിലൂടെയും വെട്ടിത്തിളങ്ങുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന പ്രകാശകിരണങ്ങളിലൂടെയും കളിക്കാരെ വകഞ്ഞുമാറ്റി ഇടയിലൂടെ കടന്നുവരുന്നത് എന്റെ പന്തിന്റെ പുറകുവശം കാണാവുന്ന സ്പടിക തലത്തിലൂടെ ഞാന്‍ ദര്‍ശിച്ചു.


ഡോക്ടറിന് കടന്നു വരാ‍നായി എല്ലാ കളിക്കാരും ഗ്രൌണ്ടില്‍ സ്ഥലമൊരുക്കിക്കൊടുത്തു.നേടിയെടുത്ത വഴിയിലൂടെ ആംബുലന്‍സ് കുതിച്ച് നീങ്ങുന്നതിനിടയില്‍ എളുപ്പത്തില്‍ ഗോളടിക്കാമെന്ന ധാരണയോടെ ഒരു വിരുതന്‍ അതിന്റെ പിറകിലൂടെ പായുന്നതും കണ്ടു.ഇതെന്ത് അനീതിയെന്ന് എല്ലാവരും തങ്ങളുടെ പന്തിന്റെ ഹോര്‍ണുകള്‍ക്കൊണ്ട് ആരാഞ്ഞത് ലൈന്‍ അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തിയതും ഈ വിരുതനെ അമ്പയര്‍ ഗ്രൌണ്ടില്‍ നിന്നും പുറത്താക്കിയതും പെട്ടെന്നായിരുന്നു.


തുടര്‍ന്ന് കളിക്കുവാനാവാത്ത വിധം പരുക്കുപറ്റിയതിനാല്‍ കളിക്കാരനെ സ്ട്രെച്ചറില്‍ തൂക്കിയെടുത്ത്
ആംബുലന്‍സില്‍ വെളിയിലേക്ക് കൊണ്ടുപൊയി. അദ്ദേഹത്തിന്റെ പന്ത് തകര്‍ന്ന് മൈതാനത്തിന്റെയൊരു വശത്ത് ചുരുണ്ടുകൂടി കിടന്നു.ഗ്രൌണ്ടിന്റെ മധ്യ ഭാഗമായ ഈ എമിറേറ്റ്സ് റോഡില്‍ എന്നും ഓരൊ കളിക്കാര്‍ക്കും ജീവനോ അംഗവൈകല്യമോ സംഭവിക്കുന്നത് പതിവുകാഴ്ചയാണ്.അല്പസമയത്തിനു ശേഷം കളി പുനരാരംഭിക്കപ്പെട്ടു.പന്തുമായി കുതിച്ച് പാ‍ഞ്ഞോളു എന്നു റഫറി കൈവീശി ആംഗ്യം കാണിച്ചു.


ഈ കളിക്കാരന്റെ പരുക്കു കാരണം എല്ലാവര്‍ക്കും തക്ക സമയത്തു ഗോളടിക്കുവാനുള്ള അവസരം നഷ്ടപ്പെടുമെന്നു തോന്നിയതിനാലാവാം എതിരാളികള്‍ പന്തുകള്‍ അതിവേഗം നീക്കുവാനാരംഭിച്ചു.നീണ്ട ഹോര്‍ണടികളുടെയും ബ്രേയ്ക്കുപിടിക്കുന്നതിന്റെയും ശബ്ദം ഗ്രൌണ്ടിലെവിടേയും പ്രതിഫലിച്ചു.മുന്‍പിലായി വരുവാനിരിക്കുന്ന രാഷിദിയാ തടസ്സവും കഴിഞ്ഞ് ഇന്നു ഗോളാടിക്കാന്‍ 30-45 മിനിറ്റ് താമസം നേരിടുമെന്നു മനസ്സിലായതിനാല്‍ ഞാന്‍ പന്തുമായി അസ്വസ്ഥനായി മുന്നേറി. ഇടക്ക് മഞ്ഞ വരയുടെ അപ്പുറത്തുകൂടി ഒരു ബെന്‍സ് പന്തുമായി കുതിച്ചുപാഞ്ഞ എതിരാളിയെ പൊസ്റ്റിന്റെ മറവില്‍ മറഞ്ഞിരുന്ന റഫറി ഓഫ്സൈട് വിളിച്ച് പുറത്താക്കിയത് എന്നെ ഹര്‍ഷപുളകിതനാക്കി.


പ്രതീക്ഷിച്ചതുപോലെ രാഷിദിയാ എക്സിറ്റില്‍ മുന്നേറാന്‍ എന്റെ നിസ്സാന്‍ പന്ത് ഊഴവും കാത്ത് കിടന്നു.വലതുവശത്തുകൂടെ ഗ്രൌണ്‍ടിന്റെ വെളിയിലൂടെ വന്നു അകത്തേക്ക് പന്ത് കുത്തികയറ്റുന്ന എതിരാളികളെ ഹോര്‍ണ്‍ അടിച്ച് എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും അതു വകവെയ്ക്കാതെ അവര്‍ കുതിക്കുന്നതു കണ്ട് ഞാന്‍ എന്റെ പന്തുകൊണ്ട് ബമ്പര്‍-റ്റു-ബമ്പര്‍ ഡിഫെന്‍സ് പൊസിഷന്‍ കളിച്ചു.ഒരു മിഡ് ഫീല്‍ഡറെപ്പോലെ എല്ലാ പൊസിഷനിലും കളിക്കാനുള്ള വൈദഗ്ധ്യം ദിനംതോറുമുള്ള കളിയിലൂടെ ഞാന്‍ സ്വായത്തമാ‍ക്കിയിരുന്നു.


എതിര്‍വശത്തെ എതിരാളിയുടെ മുന്‍പിലേക്ക് ഇന്റികേറ്ററിടാതെ കുത്തികയറ്റിയപ്പോള്‍ മൊബൈലില്‍ നന്ദ കോളിങ്.ചേട്ടനിപ്പോളും റോഡില്‍ തന്നെയെന്ന് മനസ്സിലാക്കിയതിനാല്‍ അവളുടനെ അതു കട്ട് ചെയ്തു.മനസ്സല്പം കുളിര്‍ക്കുവാനായി റേഡിയോവിലെ സംഗീതവും കേട്ട് സിഗ്നല്‍ പച്ചയാവുന്നതും നോക്കിയിരുന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ താങ്കള്‍ എവിടെയെന്നു ചോദിച്ചുള്ള ആ ചോദ്യവുമായി ഓഫീസില്‍നിന്നും വിളി വന്നു.മൊബൈല്‍ തല്ലി തകര്‍ക്കുവാന്‍ എന്നുമെന്നതുപോലെയപ്പോഴും തോന്നി.വൈകി ഗോളടിച്ചാല്‍ കോച്ചില്‍നിന്നും നേരിടേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങളെയോര്‍ത്ത് യാന്ത്രികമായി എന്റെ പന്തിന്റെ വേഗം കൂടിക്കൊണ്ടേയിരുന്നു.


ഗോളടിക്കുവാനുള്ള വ്യഗ്രതയില്‍ മറ്റുള്ള കളിക്കാരെ ഫൌള്‍ ചെയ്തിടുന്ന കളിക്കാരെയും അവരെ മൈതാനത്തിനു പുറത്താക്കി പിഴയടിക്കുന്ന റഫറിമാരെയും എന്നത്തേയും പോലെ അന്നും ദ്രിശ്യമായി.


ഗോള്‍പോസ്റ്റിനടുത്തെത്താറായി എന്നു മന്സ്സിലക്കിയ ഞാന്‍ സിഗ്നലില്‍ വച്ച് എതിരാളികളെയെല്ലാം പിന്നിലാക്കി പന്തുമായി ഗോള്‍പൊസ്റ്റ് ലക്ഷ്യ്മാക്കി ഏകദേശം അന്‍പതു വാരയകലെനിന്നും ഒറ്റക്കുതിപ്പില്‍ ഒരു ലോങ്ങ് റേഞ്ജ് ഷോട്ടുതിര്‍ക്കുവാനായി ആക്സിലേട്റ്ററില്‍ കാലമര്‍ത്തുകയും സഹപ്രവര്‍ത്തകനും ഐ.എം.വിജയനെപ്പോലെ പന്തുമായി അസാധാരണ ഡ്രിബിളിങ്ങ് പാടവുമുള്ള തമ്പി തന്റെ പന്റുമായി എന്റെ മുന്നിലേക്കു കയറുവാനായി സൈടില്‍നിന്നും കുതിച്ചുവന്നു.വിഭ്രമിക്കാതെ വലത്ത് ഒഴിഞുകിടന്ന ഗോള്‍പ്പോസ്റ്റ് കണ്ടില്ലെന്നു നടിച്ച് ഇടത്തോട്ടുള്ള ഇന്റിക്കേറ്റരിട്ട് ഞാന്‍ വലത്തുവശത്തുള്ള ഗോള്‍പോസ്റ്റിലേക്ക് പന്തുരുട്ടിവിട്ടു.


ഗോള്‍..ആര്‍പ്പുവിളികളുയര്‍ന്നു ....അമ്പരപ്പോടെ ഗോളടിച്ചവന്റെ അഭിമാനതോടെ ഞാന്‍ ആര്‍പ്പുവിളികളെ എതിരേല്‍ക്കുമ്പോള്‍ പന്തിന്റെ താക്കോല്‍ ഇടത്തോട്ട് തിരിച്ചതും ആര്‍പ്പുവിളികള്‍ നിശബ്ദമായതുമൊന്നിച്ചായിരുന്നു.റേഡിയോയുടെ അവസരോചിതമായ ഇടപെടലില്‍ അഭൌമലോകത്തിലേക്ക് ക്ഷണികനേരത്തേക്കെത്തപ്പെട്ട ഞാന്‍ മൈതാനത്തിനു പുറത്തുള്ള കലുഷിത ഭൂമിയില്‍ മുഖം കറുപ്പിച്ചിരിക്കുന്ന കോച്ചായ മാനേജരേയും സഹപ്രവര്‍ത്തകരെയുമെല്ലാമോര്‍ത്ത് ഗോളടിച്ചെങ്കിലും തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന കളിക്കാരന്റെ മനസ്സോടെ ഓഫീസിന്റെ പടികളില്‍ ഒരോന്നായി കാലെടുത്തു വച്ചു.

11 comments:

Kuttyedathi said...

ഇതു വളരെ നന്നായിട്ടുണ്ടല്ലോ, പരസ്പരമേ. ഗള്‍ഫിലെ രാവിലെയും വൈകിട്ടുമുള്ള ഡ്രൈവിംഗ്‌ വല്ലാത്ത ഫ്രസ്റ്റ്രേഷനുണ്ടാക്കുന്നതാണെന്നു പലരുടെയും പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നു ഈയിടെ മനസ്സിലായി. എന്തായാലും, അതിനെ ഒരു ഫുട്ബോള്‍ കളിയോടുപമിച്ചു രസകരമായി പറഞ്ഞിരിക്കുന്നു.

പരസ്പരം said...

പരീക്ഷണം

പരസ്പരം said...

നന്ദി കുട്ട്യേടത്തി...പലരും പറയുന്ന പോലെ ഇവിടെ ട്രാഫിക്ക് പ്രശ്നത്തിനു മുഖ്യ കാരണം ഇതൊരു എണ്ണയുല്പാദന രാഷ്ട്രമായതിനാലാണ്.അവിടത്തേപ്പോലെയൊരു മാസ്സ് ട്രാന്‍സ്പ്പോര്‍‌‌ട്ട് സിസ്റ്റമായ ട്രയിനൊന്നുമിവിടില്ല. അതിന്റെ പണി സ്റ്റാ‍ര്‍ട്ടായിട്ടേയുള്ളൂ.ബാംഗ്ലൂരിലെ തിരക്ക് ഇതിലുമെത്രയോ അധികമായി എനിക്കു തോന്നിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലം വക്കാരിയുടെ റ്റോക്കിയൊ തന്നെ.വക്കാരിയെങ്ങെനെയവിടെ??.കുട്ട്യേടത്തി..അവിടെ അമേരിക്കയിലും നല്ല തിരക്കല്ലേ റോഡില്‍?

സു | Su said...

:)നന്നായിരിക്കുന്നു.

(അക്ഷരത്തെറ്റൊക്കെ ശരിയാക്കുമല്ലോ.തുടക്കത്തില്‍ ഉണ്ടാവും.)

Visala Manaskan said...

നൈസ് പോസ്റ്റ്.

‘എമിറേറ്റ്സ് റോഡിനെ
ഗ്രൌണ്ടോടുപമിച്ച...
കാവ്യഭാവനേ...
അഭിനന്ദനം, നിനക്കഭിനന്ദനം‘

മറ്റൊരു പന്തുകളിക്കാരന്‍!

ചില നേരത്ത്.. said...

പരസ്പരമേ..
ഞാനൊക്കെ ഈ കളിയുടെ കാണിയാണ്‍. വിസിലടിയും തള്ളികേറ്റവും കണ്ട് ദു:ഖം തോന്നാറുണ്ട്.

നല്ല്ലൊരു കളിക്കാരനാകൂ !!!
അര്‍ജന്റീന ഫാന്‍ ആണല്ലേ..ആ കേളീശൈലിക്കൊരു ലാറ്റിനമേരിക്കന്‍ ടച്ച്!!!

aneel kumar said...

ഭയങ്കരമായ കോച്ചിംഗാണെന്നൊക്കെ ആള്‍ക്കാര്‍ പറയുമെങ്കിലും ഫൌളുകാണിക്കാനാണ് അവിടെ കളിക്കാര്‍ക്ക് കൂടുതലും താല്പര്യം ല്ലേ?

നെറയെ പന്തുണ്ടല്ലോ ഈ ഗ്രൌണ്ടില്‍ ;)

- ആ ഗ്രൌണ്ടിന്റെ അറ്റത്തൊക്കെ വല്ലപ്പോഴും ഉരുട്ടിക്കളിക്കുന്ന ഒരു കാഴ്ചക്കാരന്‍.

Adithyan said...

ആഡംബരം സാധനം.. :-)
നന്നായിരിക്കുന്നു...

Santhosh said...

രസകരമായിരിക്കുന്നു. ഇവിടെ രാവിലെ ഞാന്‍ ‘ഫെയര്‍ പ്ലേ’യിലാണ് തുടങ്ങുന്നത്. ആരെങ്കിലും ഫൌള്‍ കാണിച്ചാല്‍ റഫറിക്കുവേണ്ടി കാത്തുനില്‍ക്കാനൊന്നും സമയമില്ലാത്തതിനാല്‍, ‘അവനാവാമെങ്കില്‍ എനിക്കുമാവാം’ എന്ന തത്വത്തില്‍ ഞാനും ഫൌള്‍ കാണിക്കുന്നു.

സസ്നേഹം,
സന്തോഷ്

പരസ്പരം said...

സു..
നന്ദി സു..പത്താംതരം വരെ ഒരു ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കേണ്ടി വന്നതിനാല്‍ അന്നൊക്കെ
മലയാളമൊരു അലര്‍ജിയായിരുന്നു.പിന്നെ എഞ്ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ കുറച്ച് വര്‍ഷം
ഏകാന്തവാസം നയിക്കുകയും മലയാള പുസ്തക പ്രേമിയായി മാറുകയും ചെയ്തു.അങ്ങനെ വായിച്ച്
കിട്ടിയ അല്പ ജ്ഞാനം മാത്രമുള്ളതിനാല്‍ ഇത്തരത്തിലോരുപാട് തെറ്റുകള്‍ കടന്ന് കൂടും.ആ തെറ്റുകളെ ചൂണ്ടികാണിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു.

വിശാലന്‍..
ഒരു ചെറിയ ഫുട്ബോള്‍ കളിക്കാരനായതിനാല്‍ വണ്ടിയോടിക്കുമ്പോളെല്ലാം എനിക്ക് തോന്നാറുണ്ട് വെറും ഗ്യാപ്പ് നോക്കി ലേന്‍ ചേയ്ഞ്ജ് ചെയ്തുള്ള ഒരു മുന്നേറ്റമല്ലേ ഡ്രൈവിങ്ങെന്നു.

ചിലനേരത്ത്..
ലാറ്റിനമേരിക്കന്‍ ശൈലിയൊന്നുമില്ല, വെരുമൊരൊറ്റയാന്‍ ടീമ്.

ആദിത്യന്‍..
പ്രോത്സാഹനത്തിന് നന്ദി.അത്രയാഡംമ്പരമുണ്ടോ??

സന്തോഷ്..
ഞാനും താങ്കളുടെ പോളിസി പിന്തുടര്‍ന്ന് ദിവസവും ഫൌള്‍ കാണിച്ചിരുന്നു.പ്രതിവര്‍ഷമുള്ള ഫൈനിന്റെ
അളവു കൂടിവന്നപ്പോള്‍ വെറും ഫെയര്‍പ്ല്യറായി മാറി. യാതൊരു തിടുക്കവും കാണിക്കാറില്ല റോഡില്‍. ഞാന്‍ വളരെ പതുക്കെ നീങ്ങുന്നതു കാരണം കോണ്‍വോയ് അടിസ്ഥാനത്തില്‍ കാറുകളുടെ നീണ്ട വാല്‍ എന്റെ പുറകിലുണ്ടാകാറുണ്ട്.

അനില്‍..
വല്ലപ്പോഴും മാത്രമേ ഈ റോഡില്‍ കളിക്കാന്‍ പറ്റുന്നുള്ളല്ലോ എന്നത് ഒരു മഹാ ഭാഗ്യം. ഫുജൈറപോലുള്ള സ്ഥലങ്ങളില്‍ ജീവിക്കാന്‍ പറ്റുന്നതും മറ്റൊരു മഹാഭാഗ്യം.

Adithyan said...

ഞാനൊരു ഫുട്ബോള്‍ ഭ്രാന്തനാണേയ്യ്!!! :-)