Wednesday, October 11, 2006

ഒരു സൈക്കിള്‍ സവാരിയും അനുബന്ധ മോഷണവും

ഒരുപാട് സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നുമില്ലാതെ പത്തനംതിട്ടയിലും പ്രാന്തപ്രദേശങ്ങളിലും ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം. പഠിച്ചിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും മാസാവസാനം പാപ്പരാകുന്ന അവസ്ഥ മാറാഞ്ഞതിനാലാണ്, മനസ്സിന്റെ ഉള്ളറകളിലെവിടെ നിന്നോ “നിനക്ക് ഗള്‍ഫില്‍ പോയിക്കൂടെ“ എന്ന മാറ്റൊലി കേട്ട് തുടങ്ങിയത്. അങ്ങനെയൊരു മാറ്റൊലി കേള്‍ക്കുവാന്‍ കാരണം മറ്റൊരു സിവിലുകാരനും എന്റെ ബന്ധുവുമായ വ്യക്തി യു.ഏ.ഈ-യില്‍ ദിബ്ബാ എന്ന സ്ഥലത്തുള്ളതിനാലാണ്. അങ്ങനെ അദ്ദേഹത്തെ യാദൃശ്ചികമായി ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ കാണുവാനിടയായി.

“നീ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമൊന്നുമ്മല്ല അവിടെ. വെയിലത്ത് നിന്ന് കുറച്ച് വര്‍ഷത്തെ എക്സ്പീരിയന്‍സ് എല്ലാമുണ്ടാക്കിയെടുത്തെങ്കിലേ രക്ഷയുള്ളൂ. ഞാന്‍ ജോലിചെയ്യുന്ന സ്ഥലം വളരേ ചെറിയ ഒരു ടൌണാണ്. അവിടെ അധികം ശമ്പളമൊന്നുമില്ല, എങ്കിലും താമസ ചിലവ് കുറവാണ്. ചുരുക്കം പറഞ്ഞാല്‍ സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്..... അവിടെയെത്തിക്കഴിഞ്ഞെന്നെ പിന്നെ കുറ്റമൊന്നും പറയരുത്.”

സ്വന്തം നാട്ടിലെ ജോലിയുടെയത്ര സുഖമൊന്നും കിട്ടിയില്ലെങ്കിലും മാസാവസാനം എന്തെങ്കിലും മിച്ചം പിടിക്കാമല്ലോ.. .ഞാനോര്‍ത്തു. ഏതായാലും ഒന്ന് പോയി ട്രൈ മാഡി നോക്കാം. ‘ഞാന്‍ റെഡിയാണ്, നീ വിസാ ശരിയാക്ക്‘.. ഞാന്‍ എന്റെ സമ്മതം അറിയിച്ചു.

രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം വിസ എന്ന അനുമതിപത്രം കൈയ്യില്‍ കിട്ടി. അങ്ങനെ ഒരു മാര്‍ച്ച് മാസത്തില്‍ ഞാന്‍ നാടുവിട്ട് ഈ അറബി ദേശത്തെത്തി.

ജോയിനിങ്ങ് ഡേറ്റോ, റിപ്പോര്‍ട്ടിങ്ങോ ഒന്നുമില്ലാത്ത ഒരു ചെറിയ കെട്ടിട നിര്‍മ്മാണ കമ്പനി. എന്റെ ജോലി ആ കമ്പനിയുടെ ലൈസന്‍സ് നിലനിര്‍ത്തുക, കോണ്‍ക്രീറ്റീങ്ങിന്റെ സമയത്ത് മുനിസിപ്പാലിറ്റിക്കാരെക്കൊണ്ട് അനുമതി നേടുക എന്നതൊക്കെ മാത്രം. പണിക്കാരെയെല്ലാം നോക്കി നടത്തുന്നത് എഴുത്തും വായനയുമൊന്നുമറിയാത്ത, കണക്കുകൂട്ടാന്‍ മാത്രം അറിയാവുന്ന ഫോര്‍മാനായ അബ്ദുള്ള എന്ന പാക്കിസ്ഥാനി‍. ജോലി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രം. ‘ജോലിയോ അല്പം, ശമ്പളമോ തുച്ചം!‘

ആളുകള്‍ വളരെ വിരളമായി മാത്രമുള്ള ദിബ്ബയില്‍ ‘ടൈം പാസ്സിങ്ങ്‘ എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്. ഉച്ചയുറക്കമൊക്കെ ദീര്‍ഘിപ്പിച്ച് നായാഹ്നമാക്കുമ്പോള്‍ ദിബ്ബയെന്ന ആ ചെറിയ പട്ടണത്തിലേക്കിറങ്ങും. വായ് നോക്കാനോ കണ്ടുമോഹിക്കാനോ ഒരു തരുണീമണിയേപ്പോലും കാണുവാനില്ലാത്ത വഴികള്‍. ഹരമൊന്നുമില്ലാത്ത സായാഹ്ന നടത്തം മടുത്തപ്പോളാണ് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിന്റെ താഴെയുള്ള കടയിലെ കോഴിക്കോട്ടുകാരനായ അന്‍‌വറിനെ പരിചയപ്പെട്ടത്. ആ പരിചയമെന്നെ അദ്ദേഹത്തിന്റെ സൈക്കിളെടുത്ത് സായാഹ്ന സവാരി തുടങ്ങുന്നതിന് പ്രേരിപ്പിച്ചു. കയറ്റവും ഇറക്കവുമൊന്നുമില്ലാത്ത നിരപ്പായ റോഡുകളുള്ള ദിബ്ബയിലെ കടലോരത്തുകൂടിയുള്ള സായാഹ്ന സൈക്കിള്‍ സവാരികള്‍ അങ്ങനെ ഒരു പതിവായി മാറി. ഏകദേശം 2 മണിക്കൂറു വീതം സൈക്കിള്‍ ചവിട്ടി ആരോഗ്യം കാത്തു പരിപാലിച്ചിരുന്ന ആ കാലം.

ഒരു പതിവ് സൈക്കിള്‍ സവാരി കഴിഞ്ഞ് തിരികെ വരുമ്പോളാണ് കമ്പനിയിലെ രമേഷെന്ന യു.പി ക്കാരനെ റോഡില്‍ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം ഞാന്‍ അയാളുടെ കൂടെ ചായ കുടിക്കുവാനായി ഒരു റെസ്റ്റോറന്റിന്റെ മുന്‍പില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്തു. ഓപ്പണ്‍ എയറില്‍ കസേരയും മേശയുമൊക്കെ ഇട്ടിരുന്ന ആ റസ്റ്റോറിന്റിലിരുന്ന് ദിബ്ബായുടെ നിരത്തുകളിലെ ഇല്ലാത്ത സൌന്ദര്യം ചായക്കോപ്പയിലെ ഓരോ വലിയിലൂടെയും നുകര്‍ന്നെടുത്തു. ചായ കുടിച്ചതിനു ശേഷം സൈക്കിളെടുക്കുവാ‍നായി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, സൈക്കിളിരുന്നിടം ശൂന്യം!.

കള്ളത്തരമൊന്നുമില്ലെന്ന് പറഞ്ഞ ഈ ഗള്‍ഫില്‍ ഇങ്ങനേയും മോഷണമോ? ഇത്ര പെട്ടെന്ന് കണ്മുന്‍പില്‍ നിന്ന് സൈക്കിള്‍ അടിച്ച് മാറ്റിയ വിരുതന്റെ വിരുതിനെ ഞാനോര്‍ത്തു. ഞൊടിയിടയില്‍ കണ്മുന്‍പിലിരുന്ന സൈക്കിള്‍..........ഹോ.

‍“ ആപ് പരിശാന്‍ മത്ത് കീജിയേ, ഇദര്‍ക്കാ ബച്ചാ ലോക് കോയി ഉടാക്കെ ഗയാ ഹോഗാ, ഹം പക്കടേഗാ“ എന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന രമേഷെന്നെ ആശ്വസിപ്പിച്ചു.

ഞങ്ങള്‍ അവിടെ മാര്‍ക്കറ്റിലൊക്കെ സൈക്കിള്‍ പരതി നടക്കുമ്പോളാണ് ഒരാള്‍ എന്റെ സൈക്കിളുമായി ഞങ്ങള്‍ക്കഭിമുഖം വന്നത്. കണ്ടപ്പോളേക്കും ഞങ്ങള്‍ അയാളെ പിടി കൂടി.

എന്റെ സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന അയാളുടെ കാറില്‍ പോറിയതിന് ശേഷം ഒരു അറബി പയ്യന്‍ അതവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. അയാള്‍ സൈക്കിളുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്.

സൈക്കിളോ മറ്റൊരുത്തന്റെ, ഞാനോ അതില്‍ വെറുമൊരു സായാഹ്ന സവാരിക്കാരന്‍, കാറില്‍ പോറിയവനോ മറ്റൊരു വിരുതന്‍... കുപ്പിയിലകപ്പെട്ട ഞാന്‍ രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ നിന്ന് വിയര്‍ത്തു.

ഒടുവില്‍ ഇതിനൊരു പരിഹാരം കാണുവാനായി ഞങ്ങള്‍ മൂവരും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടന്നു.

ദൈവമേ..വന്നിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ, ഞാന്‍ അകത്താകുമോ..?, എന്റെ സൈക്കിള്‍ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുമോ..?, ഇവിടെ ജയിലില്‍ കിടക്കാനായിരിക്കും വിധി. ഇത്തരം മ്നോവിചാരങ്ങള്‍ എന്റെ ശരീരത്തെ കൂടുതല്‍ കൂടുതല്‍ വിയര്‍പ്പിച്ചുകൊണ്ടേയിരുന്നു.

സൈക്കിളിന്റെ ഉടയവന്റെ കൈയ്യില്‍ നിന്നും സവാരിക്കായി ഞാനെടുത്ത സൈക്കിള്‍ അടിച്ചുമാ‍റ്റിയ ഏതോ അറബി ചെറുക്കന്‍ ഒരു കാറില്‍ പോറിയിരിക്കുന്നു. ഇതെല്ലാം എങ്ങനെ അവിടെ പറഞ്ഞ് ഫലിപ്പിക്കും?

“ ആപ്പ് ടര്‍ണാ നഹി..മേം സബ് കുച്ച് സഹി കരേഗാ“ എന്ന രമേഷിന്റെ വാക്കുകള്‍ എന്നെ ആശ്വസിപ്പിച്ചു.

വളരേ വൃത്തിയുള്ള ഒരു പോലീസ് സ്റ്റേഷന്‍. ‘അയ്യോ സാറേ‘ എന്ന അലമുറകളൊന്നുമില്ലാത്ത, നിശബ്ദമായ അന്തരീക്ഷത്തോടെയുള്ള ദിബ്ബാ പോലീസ് സ്റ്റേഷന്‍. അറബിയല്ലാതെ മറ്റൊരു ഭാഷയുമറിയാത്ത പോലീസേമാന്‍മാര്‍ മാത്രമുള്ള സ്റ്റേഷന്‍. അത്തരം ഒരു പോലീസേമാന്റെ മുന്‍പില്‍ മുന്‍‌കൂര്‍ ‘മുട്ട് കയറ്റലൊന്നും‘ അനുഭവിക്കാതെ ഞങ്ങള്‍ മൂവരും നിന്നു.

പോലീസ് ചോദിക്കുന്നതിനെല്ലാം രമേഷ് എനിക്കുവേണ്ടി അറബിയില്‍ മറുപടി പറഞ്ഞു. ഭാഗ്യത്തിന് എന്റെ സ്പോണ്‍സര്‍ അവിടുത്തെ ഒരു പൌര പ്രധാനിയായിരുന്നു. എല്ലാറ്റിനും വളരെ വ്യക്തമായി രമേഷ് അറബിയില്‍ ഉത്തരങ്ങള്‍ കൊടുത്തു. പോലീസ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. തന്റെ നാട്ടിലെ പൈതങ്ങളുടെ പോക്രിത്തരങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ളതിനാലാവാം അദ്ദേഹം സംഭവത്തിന്റെ “മഹസ്സര്‍” അറബിയില്‍ തയ്യാറാക്കി.

രണ്ടു പേജ് നീളമുള്ള ആ എഴുത്തിന് ശേഷം എന്നോട് അതിന്റെ അടിയില്‍ ഒപ്പിടാന്‍ പറഞ്ഞു. എഴുതിയതെന്തെന്ന് അറിയാതെ ഞാനെങ്ങനെ ഒപ്പിടും? ഏറു കണ്ണിട്ട് രമേഷിനെ നോക്കി, ‘മുശ്ക്കില്‍ നഹി യേ ഇദര്‍ക്കാ കാനൂന്‍ ഹേ’..ഞാന്‍ സര്‍വ്വ ഈശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ച് ഒപ്പിട്ടു.

ഇനി നിങ്ങള്‍ക്ക് പോകാം..പോലീസുകാരന്‍ പറഞ്ഞു.എന്റെ ഭാഷയറിയില്ലെങ്കിലും എന്നെ തെറിവിളിക്കാതെ, ദേഹത്തൊന്ന് സ്പര്‍ശിക്കാതെ, വെറുതെ വിട്ട ആ പോലീസുകാരന് ആകെ അറിയാവുന്ന ഒരേയൊരു അറബിവാക്കില്‍ ഞാന്‍ മറുപടി കൊടുത്തു..ശുക്രാന്‍! ദേഹോപദ്രവം ഒന്നുമേല്‍ക്കാതെ നടുനിവര്‍ത്തി നെഞ്ച് വിരിച്ച് ഞാന്‍ ആ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി.

സ്റ്റേഷന് പുറത്ത് എനിക്കായ് കാത്ത് നില്‍ക്കുന്ന കൂട്ടുകാരോ, ബന്ധുക്കളോ ഉണ്ടായിരുന്നില്ല. എന്റെ ശരീരത്തില്‍ തലോടി, ‘നിന്നെയവര്‍ ഒരുപാടുപദ്രവിച്ചോ?‘ എന്ന് ചോദിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. കരച്ചിലുകളൊന്നും കേള്‍ക്കാഞ്ഞ ഞാന്‍ കേട്ടത് സൈക്കിളിന്റെ ഉടയവനായ അന്‍വറിന്റെ പൊട്ടിച്ചിരി മാത്രം. എനിക്കു പറ്റിയ അമളി കാരണമോ അതോ അവന്റെ സൈക്കിള്‍ തിരിച്ചു കിട്ടിയതിന്റെ അട്ടഹാസമോ?

എന്തെങ്കിലുമാവട്ടെ, ഭയാനകമായ പരിതസ്ഥിതിയില്‍ വിയര്‍ത്തു കുളിച്ച എന്റെ ശരീരം ഒന്ന് നന്നഞ്ഞു കുതിര്‍ന്ന് വൃത്തിയുള്ളതാവാന്‍ കൊതിച്ചു. തനിക്കു ക്ഷതമൊന്നുമേല്‍ക്കാത്ത ശരീരം, കുളിക്കുമ്പോള്‍ നൊംബരങ്ങളൊന്നുമുയര്‍ത്താതെ പതിവിലും കൂടുതല്‍ ഊര്‍‌ജ്ജ്വസ്വലതയോടെ എനിക്കുവേണ്ടി നനഞ്ഞു നിന്നു.