Saturday, December 16, 2006

മഴക്കാലം

മഴയുടെ ആരവം കേട്ടു തുടങ്ങിയത് നിദ്രയുടെ ഏതോ യാമത്തിലാണ്. അതിനാലാവാം അപ്രതീക്ഷിതമായ ഈ അഗതിയുടെ വരവില്‍ പന്തികേട് തോന്നി, കിടക്കയില്‍ നിന്നുമെഴുന്നേറ്റ് കര്‍ട്ടന്‍ മാറ്റി നോക്കിയത്. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കണ്ണുകളെ തിരുമ്മി നോക്കി, മരുഭൂമിയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു. അല്പനേരം ചില്ലുപാളികള്‍ക്കുള്ളില്‍ നിന്നും മഴയെ വീക്ഷിച്ചു. കണ്ടു നിന്നപ്പോള്‍ കൊതി കൂടിയതുകൊണ്ടാവണം, ബാല്‍ക്കണിയിലേക്കിറങ്ങി അതിനെ ഒന്ന് തൊടാന്‍ മനസ്സ് വെമ്പിയത്. കൈവെള്ളയില്‍ മഴത്തുള്ളികള്‍ പതിപ്പിച്ചു, നനവിനെ സ്പര്‍ശിച്ചറിഞ്ഞു. മഴത്തുള്ളികളുടെ തണുപ്പ് ശരീരത്തിന്റെ അഗാതതയിലേക്ക് പടര്‍ന്നിറങ്ങി. മരുഭൂമിയ്ക്ക് ദാനമായിക്കിട്ടിയ മഴയ്ക്ക് ഈശ്വരനോട് നന്ദി പറഞ്ഞിട്ട്, കിടക്കയിലെ വിരിപ്പിനുള്ളിലേക്ക് ശരീരം ചുരുണ്ടുകൂടി.




വീടിന്റെ പിന്നാമ്പുറത്തുള്ള ഇടവഴിയാണ്, ഈ ഇടവഴിയിലൂടെ ഞാന്‍ നഗ്നപാദനായി വെള്ളം തെറ്റിക്കളിക്കുന്നു. വര്‍ഷകാലമായാ‍ല്‍ ഇങ്ങനെയാണ് ഈ ഇടവഴി, ഭൂമിയുടെ അന്തര്‍ഭാഗത്തുനിന്നും തെളിനീര്‍ അതിന്റെ പ്രതലത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. തെളിനീര്‍ ചെളിയുള്ള ഇടവഴിയെ ഒരു ഫ്ലഷ് പോലെ എപ്പോഴും വൃത്തിയുള്ളതാക്കുന്നു. ആഞ്ചാം ക്ലാസ്സുകാരനായ എനിക്കും, എന്റെ കൂട്ടുകാര്‍ക്കും ഇതൊരല്‍ഭുതമാണ്. ഭൂമിയുടെ അടിയില്‍ നിന്നും തുടരെ തുടരെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന പ്രവഹിനിയെ ഞങ്ങള്‍ മണ്ണുകൊണ്ട് ചാലുണ്ടാക്കി വളച്ചു തിരിച്ചും ഒഴുക്കി വിട്ടു. ഇടയ്ക്കിടയ്ക്കിടയ്ക്ക് പൊട്ടുന്ന വളവുകളുടെ അതിരുകള്‍ ഞങ്ങള്‍ വീണ്ടും മണ്ണിട്ട് ശക്തിപ്പെടുത്തി. ഈ വെള്ളത്തിന്റെ ചാല്‍ പാ‍ടത്തിന്റെ അരുകിലെ ചെറിയ അരുവിയുടെ അടുത്തുള്ള ഒരു കുഴിയില്‍ വലിയ ശബ്ദതോടെ ചെന്ന് പതിക്കും. അതിന്റെ അടുത്തു വരെ പോകാനേ ഞങ്ങള്‍ക്ക് വീടുകളില്‍ നിന്നും അനുവാദമുള്ളൂ. പാടത്തിന്റെ നടുവിലെ ആ അരുവിയില്‍ അപ്പോള്‍ ചേട്ടന്മാരെല്ലാം മീന്‍പ്പിടുത്തമായിരിക്കും. അരുവിയില്‍ പോയി മീന്‍ പിടിക്കാ‍ന്‍ എട്ടാം ക്ലാസ്സിലോ ഒന്‍പതിലോ എത്തണം. അതിന് ഇനി മൂന്ന് വര്‍ഷം കൂടെ കാത്തിരിക്കണം. എല്ലാ മഴക്കാലത്തും ഞങ്ങള്‍ ചാലുകളുണ്ടാക്കുമായിരുന്നു. അതിന്റെ വരമ്പുകള്‍ തകര്‍ത്തും, പിന്നീട് പണിതും, വീണ്ടും തകര്‍ത്തും. ചാലുകളുണ്ടാക്കി അതിന്റെ പോക്കിന് ആക്കം കൂട്ടിയിരുന്ന ഞങ്ങളെ വെള്ളം ഒത്തിരി ഇഷ്ടപ്പെട്ടിട്ടുണ്ടാവണം.



പുറത്ത് വന്ന ടാങ്കര്‍ ലോറിയുടെ മഞ്ഞ ലൈറ്റുകളുടെ പ്രതിഫലനം മുറിയുടെ ഭിത്തികളില്‍ പതിച്ചു. ബാല്‍ക്കണിയിലേക്കിറങ്ങി നോക്കി, റോഡ് മുഴുവന്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നു. മരുഭൂമിയുടെ അന്തര്‍ഭാഗങ്ങളിലേക്കിറങ്ങാനാവാതെ മഴവെള്ളം ചളിനിറഞ്ഞ് റോഡില്‍ നിറഞ്ഞ് നിന്നു. ടാങ്കര്‍ ലോറികള്‍ ആ വെള്ളം കുടിച്ചു വറ്റിയ്ക്കുവാന്‍ കാത്ത് നിന്നു. നേപ്പാളി പയ്യന്മാര്‍ വെള്ളത്തിന്റെ അടിയില്‍ ഒഴുകി വന്ന യന്ത്ര ഭാഗങള്‍ പെറുക്കിയെടുക്കാന്‍ തക്കം പാര്‍ത്ത് നിന്നു. വെള്ളം കുടിച്ചകത്താക്കി ലോറി ദൂരെയെവിടെയ്ക്കോ നീങ്ങി. പയ്യന്മാര്‍ യന്ത്ര സാമഗ്രികള്‍ പെറുക്കി കൂട്ടി. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട പ്രവര്‍ത്തി. റോഡ് വീണ്ടും അതിന്റെ കറുത്ത പ്രതലം കൂടുതല്‍ മനോഹരമായി കാണിച്ച് പുഞ്ചിരിച്ചു, മഞ്ഞവരകള്‍ അതിന്റെ അരികുകളില്‍ ഞാന്‍ ഒലിച്ച് പോകയില്ലാ എന്ന് ഉറപ്പിച്ച് പറഞ്ഞ് ചിറി കോട്ടി നിന്നു.



വീടിനു പിന്നാമ്പുറത്തുള്ള ഇടവഴിയിലൂടെ തോര്‍ത്ത് മുണ്ട് അരയില്‍ ചുറ്റി ഞങ്ങള്‍ നാല്‍‌വര്‍ സംഘം പാടത്തിന്റെ നടുവിലുള്ള അരുവിയിലേക്ക് നീങ്ങുന്നു. ഇടവഴിയില്‍ ചെറിയ പയ്യന്മാര്‍ ചാലുകളുണ്ടാക്കി കളിക്കുന്നു. ഞങ്ങളുടെ ആ നടത്തത്തില്‍ ചില ചാല്‍ വരമ്പുകള്‍ കാലുകൊണ്ട് തകര്‍ത്ത് ഞങ്ങള്‍ കുസൃതി കാട്ടി. വീണ്ടും അവര്‍ ചാലുണ്ടാക്കുന്നത് കണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് തീരെ സമയമുണ്ടായിരുന്നില്ല. എട്ടാം തരത്തില്‍ പഠിക്കുന്ന ഞങ്ങള്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന ആ പയ്യന്മാരുമായി അടിപിടികൂടുന്നത് അത്ര ശരിയുമല്ലല്ലോ. മഴ തോര്‍ന്ന് നില്‍ക്കുന്ന ആ സമയം അരുവിയിലെ കലക്കവെള്ളത്തില്‍ പരല്‍മീനുകള്‍ ചാടിമറിയുന്നുണ്ടായിരുന്നു. മീന്‍പിടുത്തക്കാരുടെ ചെറിയ കൂട്ടങ്ങളെ അവിടിവിടെയായി ആ അരുവിയുടെ ഇരു കരകളിലും കാണാമായിരുന്നു. കൂട്ടത്തില്‍ ചെറുപ്പക്കാരായ ഞങ്ങളുടെ ആയുധം വലയ്ക്കു പകരം അരയില്‍ തിരുകിയ തോര്‍ത്തുമുണ്ട് ആയിരുന്നു. അത് നിവര്‍ത്തി പരല്‍മീനുകളെ ആവശ്യത്തിന് കോരിയെടുത്തു. ഭാഗ്യമുള്ള മീനുകള്‍ തോര്‍ത്തുമുണ്ടില്‍ പെടാതെ ഞങ്ങള്‍ക്ക് നിര്‍ഭാഗ്യം സമ്മാനിച്ചു. കൂടുതല്‍ മീനുകള്‍ കിട്ടാതെ വന്നപ്പോള്‍ ദൌത്യം മതിയാക്കി, കിട്ടിയ മീനുകള്‍ ചേമ്പിലയില്‍ പകിട്ടിടെടുത്ത്, നേരെ വീട്ടിലേക്കോടി. മഴയത്ത് വീടിനു വെളിയിലിറങ്ങിയതിന്, അമ്മയുടെ കൈയ്യില്‍ നിന്ന് പ്രതീക്ഷിച്ചപോലെ തുടയില്‍ ചുട്ടയടിയും, ശകാരവും കിട്ടി. എങ്കിലും ഉച്ചയൂണിന്, വറുത്ത പരല്‍മീനുകള്‍ കറുമുറാ തിന്നപ്പോള്‍ അടിയുടെ വേദന എവിടെയോ പോയ് മറഞ്ഞു. എന്നാലും ഉത്തരം വ്യക്തമായി കിട്ടാത്ത ഒരു ചോദ്യം മാത്രം മനസ്സിലവശേഷിച്ചു. മീന്‍ പിടിച്ച് നല്‍കിയിട്ടും അമ്മ തുടയില്‍ അടി തന്നന്തെന്തിന്?, അമ്മയ്ക്ക് ജോലി കൂടിയതിനാലോ, അതോ മകന്‍ പിടിച്ചുകൊടുത്ത മീനിന്റെ ആവശ്യമില്ലാതെ കഴിഞ്ഞുകൂടുവാനുള്ള വകയുണ്ടെന്നതിനാ‍ലോ?, അതോ ഭാവിയില്‍ മകന്‍ വെറുമൊരു മീന്‍പിടുത്തക്കാരനായി മാറുമെന്ന ഭയം മൂലമോ?.



കാറൊഴിഞ്ഞ് മേഘം തെളിഞ്ഞു. സൂര്യകിരണങ്ങള്‍ മഴയെ തടഞ്ഞു നിര്‍ത്തി. തലേന്ന് പെയ്ത മഴയില്‍ നഗരം സ്തംഭിച്ചു നില്‍ക്കുന്നു. നിരത്തുകളില്‍ യാതൊരു തിരക്കും കാണുവാനില്ല. പുറത്തേക്കിറങ്ങുവാന്‍ മടിച്ച ആളുകള്‍ അനവധി കാരണങ്ങള്‍ നിരത്തി കിടക്കയില്‍ ചുരുണ്ടു കൂടി. ടാങ്കര്‍ ലോറികള്‍ ബാക്കിയുള്ള വെള്ളക്കുഴികള്‍ വറ്റിക്കുന്നു. ഈ മരുഭൂമിയില്‍ ഇന്നലെ മഴ തകര്‍ത്തു പെയ്തത് നിങ്ങളറിഞ്ഞില്ലേ? റേഡിയോകള്‍ക്ക് വിഷയ ദാരിദ്രം താല്‍ക്കാലികമായി മാറിക്കിട്ടി. ചെറിയ വെള്ളക്കെട്ടുകളില്‍ വാഹനം നിന്ന് പോയവര്‍ അക്ഷമരായി കാണപ്പെട്ടു. അഴുക്കു പുരണ്ട വാഹനം കണ്ട് സഹികെട്ട അതിന്റെ ഉടമകള്‍ സര്‍വീസ് സെന്ററുകളുടെ മുന്‍പില്‍ നിരനിരയായി കാത്ത് കിടന്നു.



തെങ്ങോലകള്‍ക്കിടയില്‍ സൂര്യകിരണം തെളിഞ്ഞു വന്നു. മഴ അല്പം നേരത്തേക്ക് വിട പറഞ്ഞിരിക്കുന്നു. വരാന്തയിലെ ചാരുകസേരയിലിരുന്ന് പത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കി. താഴ്ന്ന സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ പിടിയിലായിരിക്കുന്നു. കാലവര്‍ഷം ഇനിയും ശക്തി പ്രാപിച്ചേക്കാം. വെള്ളം കയറിയ പ്രദേശങ്ങളിലെ ആളുകള്‍ ദുരിധാശ്വാസ ക്യാമ്പുകളിലേക്ക് നീങ്ങുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നു. വെള്ളം എല്ലാ വര്‍ഷവും തങ്ങളുടെ ഭവനത്തെ മുക്കികളയുമെന്നറിഞ്ഞിട്ടും ഗത്യന്തരമില്ലാതെ താഴ്ന്ന പ്രദേശങ്ങളില്‍ തന്നെ കഴിയേണ്ടി വരുന്നവര്‍. നൂറ്റിയന്‍പത് വര്‍ഷം പഴക്കമുള്ള ഡാം ഏതു നിമിഷവും തുറന്ന് വിട്ടേയ്ക്കാമെന്ന മുന്നറിയിപ്പ് ഉച്ചഭാഷണിയിലൂടെ നിരത്തുകളില്‍ വന്നുകൊണ്ടേയിരുന്നു. വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയില്‍ കുട്ടികളുടെ കരച്ചിലുകളും, സ്ത്രീകളുടേയും പുരുഷന്മാരുടെയും ആ‍ക്രോശങ്ങളും, പാത്രങ്ങളുടെ കൂട്ടിമുട്ടലുകളും കേള്‍ക്കാം. അടുത്തുള്ള സ്കൂളിന്റെ ക്ലാസ്സ് മുറികളാണിനി ആ കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും കുറച്ചു ദിവസത്തേക്ക് ഭവനം. പുതിയ അയല്‍ക്കാര്‍, കുട്ടികള്‍ക്ക് അയല്‍‌പ്പക്കത്ത് പുതിയ കൂട്ടുകാര്‍, ചെറുപ്പക്കാര്‍ക്ക് അയല്‍‌പ്പക്കത്ത് പുതിയ പ്രണയിനികള്‍, മുതിര്‍ന്നവര്‍ക്ക് പറിച്ചുനടലിന്റെ പ്രാരബ്ദ്ധങ്ങള്‍, വൃദ്ധര്‍ക്ക് തീക്ഷ്ണമായ തണുപ്പിന്റെ വ്യഥകള്‍.



രണ്ടാഴ്ച നീണ്ടു നിന്ന മഴ പെയ്തൊഴിഞ്ഞു. നിരത്തുകളില്‍ തിരക്കേറിവന്നു. ശേഷിച്ച വെള്ളക്കെട്ടുകള്‍ ടാങ്കര്‍ ലോറികള്‍ വറ്റിയ്ക്കുന്നു, റോഡിലെ അഴുക്കുകള്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ വൃത്തിയാക്കുന്നു. ഋതുഭേദങ്ങളില്ലാത്ത ഈ മരുഭൂമിയില്‍ പെയ്തിറങ്ങിയ മഴയില്‍ നനഞ്ഞു കുതിര്‍ന്ന മണല്‍പ്പരപ്പ് കാറ്റില്‍ പറന്നുയര്‍ന്ന് സ്ഥാന ചലനം കിട്ടാനാവാതെ വിറങ്ങലിച്ച് നിന്നു. മനുഷ്യര്‍ തങ്ങള്‍ക്ക് വിരളമായി കാണുവാന്‍ കിട്ടുന്ന വെള്ളച്ചാട്ടങ്ങള്‍ കാണുവാനായി മലമടക്കുകളിലേക്ക് യാത്രയായി. മഴ ധാരാളമായി കണ്ടിട്ടുള്ള ബംഗ്ലാദേശി സ്വദേശി നിര്‍വികാരനായി വെളുത്ത പാന്റുമണിഞ്ഞ് ചെളി നിറഞ്ഞ നിരത്തുകളിലൂടെ നടന്നകന്നു. മുണ്ടു മടക്കികുത്തി വെളിയില്‍ നടക്കാന്‍ കഴിയാതെ വിഷണ്ണനായ ദൈവത്തിന്റെ സ്വന്തം നാട്ടുകാ‍രന്‍ പാന്റ് മടക്കി വച്ച് ആ നിരത്തുകളിലൂടെ പാദരക്ഷകള്‍ അകാരണമായി ഉരച്ച് ശബ്ദമുണ്ടാക്കി അസ്വസ്ഥനായി നടന്നകന്നു.



മരുഭൂമിയിലെ മഴ എപ്പോളുമെന്നപോലെ മാദ്ധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. മാദ്ധ്യമങ്ങളുടെ വെബ് സൈറ്റുകള്‍ മഴകാ‍ഴ്ചകളുടെ ചിത്രങ്ങള്‍ മാത്രമടങ്ങിയ പാക്കേജ് ഡൌണ്‍ലോട് ചെയ്യാന്‍ ഉപയോഗ്ത്താക്കളെ പ്രേരിപ്പിച്ചു. റേഡിയോ നിലയങ്ങള്‍ മഴ സംഗീതം തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്ത് മഴയുടെ കുളിര്‍മയ്ക്ക് ആക്കം കൂട്ടി. വെള്ളം ഊര്‍ന്ന് പോകുവാന്‍ സ്ഥലമില്ലാതെ വിമ്മിഷ്ടപ്പെട്ട മണല്‍തരികള്‍ മഴ നിലച്ചപ്പോള്‍ കിട്ടിയ സൂര്യരശ്മികളില്‍ വെട്ടിത്തിളങ്ങി. ഇനി ഇത്തരം വിമ്മിഷ്ടങ്ങള്‍ വിദൂരതയില്‍ മാത്രമ്മെന്നോര്‍ത്ത് അവ സമാശ്വസിച്ചു. മഴമൂലം വേഗത നഷ്ടപ്പെട്ട വാഹനങ്ങള്‍ കൂടുതല്‍ വേഗതയില്‍ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞു. വല്ലപ്പോഴും നനഞ്ഞു കുതിരാന്‍ മാത്രം വിധിയ്ക്കപ്പെട്ട ഡാമുകളുടെ കോണ്‍ക്രീറ്റ് ഭിത്തികള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരവസ്ഥയോര്‍ത്ത് അസൂയാലുക്കളായി.



രണ്ട് മാസം നീണ്ടു നിന്ന മഴയുടെ ആരവം കെട്ടടങ്ങി. താല്‍ക്കാലിക ക്യാമ്പുകളില്‍ നിന്നും താമസക്കാര്‍ വെള്ളമൊഴിഞ്ഞ സ്വന്തം വീടുകളിലേക്ക് ചേക്കേറുന്നു. കുട്ടികള്‍ പുതിയ കൂട്ടുകാരോട് വിടപറയുന്നു, ചെറുപ്പക്കാര്‍ പുതിയ പ്രണയിനികളോട് വീണ്ടും കാണാം എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നു. വൃദ്ധര്‍ സുഹൃത്തുക്കളോട് ദൈവേഷ്ടമുണ്ടെങ്കില്‍ അടുത്ത വര്‍ഷം..., എന്നു പറഞ്ഞ് പിരിയുന്നു. മുതിര്‍ന്നവര്‍ ഈ വര്‍ഷത്തെ പുനരധിവാസം ഭംഗിയുള്ളതാക്കാന്‍ സ്വന്തം വീടുകള്‍ വൃത്തിയുള്ളതാക്കുന്നു. വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങി ദുര്‍ഗ്ഗന്ധം വമിക്കുന്ന ആടുമാടുകളുടെ ശരീരാവശിഷ്ടങ്ങള്‍ മറവുചെയ്‌വാന്‍ മനുഷ്യര്‍ മണ്ണില്‍ കുഴികളെടുക്കുന്നു. അനാഥമായി വെള്ളത്തില്‍ ഒലിച്ചു വരുന്ന ശരീരാവശിഷ്ടങ്ങള്‍ കൊത്തിയെടുക്കുവാന്‍ കഴുകന്‍‌മാര്‍ അരുവിയുടെ ഇരുവശവും വട്ടമിട്ടു പറക്കുന്നു. പകര്‍ച്ചവ്യാധി ചിക്കുന്‍ ഗുനിയ എന്ന രൂപത്തില്‍ പടര്‍ന്ന് പിടിച്ചു. മുന്‍വര്‍ഷങ്ങളിലെ ജപ്പാന്‍ ജ്വരത്തേക്കാളും, ഡെങ്കിപ്പനിയെക്കാളും, എലിപ്പനിയെക്കാളും, "ചിക്കുന്‍" സംഹാരശേഷിയുള്ളവനായിരുന്നു. "ചിക്കുന്‍" സംഹാര താണ്ഡവമാടിയപ്പോള്‍ രാഷ്ടീയക്കാര്‍ തമ്മില്‍ തമ്മില്‍ ചെളി വാരിയെറിഞ്ഞ് തടിതപ്പി. മരണമടഞ്ഞവര്‍ സ്വന്തക്കാര്‍ക്ക് തീരാനഷ്ടം സമ്മാനിച്ച്, വീടിന്റെ ഭിത്തികളില്‍ ഒരു ചിത്രമായി അവശേഷിച്ചു.



കുറച്ചു ദിവസങ്ങള്‍ സൂര്യന്‍ അതിശക്തമായി തന്റെ സാന്നിദ്ധ്യമറിയിച്ചതിനാലാവണം വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയിലെ വെള്ളത്തിന്റെ വരവ് നിലച്ചുപോയത്. മറ്റൊരു മഴയുടെ വരവ് തീരെ പ്രതീക്ഷിക്കാത്ത ഒരു വെള്ളിയാഴ്ച രാത്രിയിലായിരുന്നു വീണ്ടും മഴ പെയതു തുടങ്ങിയത്. ഇടതടവില്ലാതെ പെയ്ത മഴ വീണ്ടും താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയമുണ്ടാക്കി. മറ്റൊരു പറിച്ചു നടലില്‍ വിറളിപൂണ്ട താഴ്ന്ന പ്രദേശത്തെ താമസക്കാര്‍ വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയിലൂടെ രാത്രിയിലെപ്പോഴോ ആക്രോശവുമായി കടന്നു പോയി.



രാവിലെ വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയില്‍ നിന്നും ചൂളമടി കേട്ടു, എനിക്ക് മഴയില്‍ ആഹ്ലാദിക്കുവാന്‍ സമയമായി എന്ന സുഹൃത്തുക്കളുടെ സൂചനയാണ് ആ ചൂളമടി. അപ്പുറത്തെ ചിറയില്‍ വെള്ളം പൊങ്ങിയിരിക്കുന്നു. അവിടെ ഇനി ഞങ്ങള്‍ ചങ്ങാടമിറക്കും. വെള്ളത്തിന്റെ പ്രതലത്തില്‍ തുഴഞ്ഞ് നടന്ന്, അറിഞ്ഞും അറിയാതേയും ചങ്ങാടം മറിച്ച്, മുങ്ങിയും പൊങ്ങിയും ഞങ്ങള്‍ സമയം ചെലവിടും. പ്രാരാബ്ദങ്ങളില്ലാത്ത, വ്യഥകളില്ലാത്ത, പരിഭവങ്ങളില്ലാത്ത, രോഗങ്ങളില്ലാത്ത എന്റെ കാതുകളില്‍, ചൂളമടിയുടെ ശബ്ദം, മഴയുടെ ആരവത്തെക്കാ‍ള്‍ ശക്തിയേറിതായിരുന്നു.

Wednesday, October 11, 2006

ഒരു സൈക്കിള്‍ സവാരിയും അനുബന്ധ മോഷണവും

ഒരുപാട് സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നുമില്ലാതെ പത്തനംതിട്ടയിലും പ്രാന്തപ്രദേശങ്ങളിലും ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം. പഠിച്ചിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും മാസാവസാനം പാപ്പരാകുന്ന അവസ്ഥ മാറാഞ്ഞതിനാലാണ്, മനസ്സിന്റെ ഉള്ളറകളിലെവിടെ നിന്നോ “നിനക്ക് ഗള്‍ഫില്‍ പോയിക്കൂടെ“ എന്ന മാറ്റൊലി കേട്ട് തുടങ്ങിയത്. അങ്ങനെയൊരു മാറ്റൊലി കേള്‍ക്കുവാന്‍ കാരണം മറ്റൊരു സിവിലുകാരനും എന്റെ ബന്ധുവുമായ വ്യക്തി യു.ഏ.ഈ-യില്‍ ദിബ്ബാ എന്ന സ്ഥലത്തുള്ളതിനാലാണ്. അങ്ങനെ അദ്ദേഹത്തെ യാദൃശ്ചികമായി ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ കാണുവാനിടയായി.

“നീ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമൊന്നുമ്മല്ല അവിടെ. വെയിലത്ത് നിന്ന് കുറച്ച് വര്‍ഷത്തെ എക്സ്പീരിയന്‍സ് എല്ലാമുണ്ടാക്കിയെടുത്തെങ്കിലേ രക്ഷയുള്ളൂ. ഞാന്‍ ജോലിചെയ്യുന്ന സ്ഥലം വളരേ ചെറിയ ഒരു ടൌണാണ്. അവിടെ അധികം ശമ്പളമൊന്നുമില്ല, എങ്കിലും താമസ ചിലവ് കുറവാണ്. ചുരുക്കം പറഞ്ഞാല്‍ സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്..... അവിടെയെത്തിക്കഴിഞ്ഞെന്നെ പിന്നെ കുറ്റമൊന്നും പറയരുത്.”

സ്വന്തം നാട്ടിലെ ജോലിയുടെയത്ര സുഖമൊന്നും കിട്ടിയില്ലെങ്കിലും മാസാവസാനം എന്തെങ്കിലും മിച്ചം പിടിക്കാമല്ലോ.. .ഞാനോര്‍ത്തു. ഏതായാലും ഒന്ന് പോയി ട്രൈ മാഡി നോക്കാം. ‘ഞാന്‍ റെഡിയാണ്, നീ വിസാ ശരിയാക്ക്‘.. ഞാന്‍ എന്റെ സമ്മതം അറിയിച്ചു.

രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം വിസ എന്ന അനുമതിപത്രം കൈയ്യില്‍ കിട്ടി. അങ്ങനെ ഒരു മാര്‍ച്ച് മാസത്തില്‍ ഞാന്‍ നാടുവിട്ട് ഈ അറബി ദേശത്തെത്തി.

ജോയിനിങ്ങ് ഡേറ്റോ, റിപ്പോര്‍ട്ടിങ്ങോ ഒന്നുമില്ലാത്ത ഒരു ചെറിയ കെട്ടിട നിര്‍മ്മാണ കമ്പനി. എന്റെ ജോലി ആ കമ്പനിയുടെ ലൈസന്‍സ് നിലനിര്‍ത്തുക, കോണ്‍ക്രീറ്റീങ്ങിന്റെ സമയത്ത് മുനിസിപ്പാലിറ്റിക്കാരെക്കൊണ്ട് അനുമതി നേടുക എന്നതൊക്കെ മാത്രം. പണിക്കാരെയെല്ലാം നോക്കി നടത്തുന്നത് എഴുത്തും വായനയുമൊന്നുമറിയാത്ത, കണക്കുകൂട്ടാന്‍ മാത്രം അറിയാവുന്ന ഫോര്‍മാനായ അബ്ദുള്ള എന്ന പാക്കിസ്ഥാനി‍. ജോലി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രം. ‘ജോലിയോ അല്പം, ശമ്പളമോ തുച്ചം!‘

ആളുകള്‍ വളരെ വിരളമായി മാത്രമുള്ള ദിബ്ബയില്‍ ‘ടൈം പാസ്സിങ്ങ്‘ എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്. ഉച്ചയുറക്കമൊക്കെ ദീര്‍ഘിപ്പിച്ച് നായാഹ്നമാക്കുമ്പോള്‍ ദിബ്ബയെന്ന ആ ചെറിയ പട്ടണത്തിലേക്കിറങ്ങും. വായ് നോക്കാനോ കണ്ടുമോഹിക്കാനോ ഒരു തരുണീമണിയേപ്പോലും കാണുവാനില്ലാത്ത വഴികള്‍. ഹരമൊന്നുമില്ലാത്ത സായാഹ്ന നടത്തം മടുത്തപ്പോളാണ് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിന്റെ താഴെയുള്ള കടയിലെ കോഴിക്കോട്ടുകാരനായ അന്‍‌വറിനെ പരിചയപ്പെട്ടത്. ആ പരിചയമെന്നെ അദ്ദേഹത്തിന്റെ സൈക്കിളെടുത്ത് സായാഹ്ന സവാരി തുടങ്ങുന്നതിന് പ്രേരിപ്പിച്ചു. കയറ്റവും ഇറക്കവുമൊന്നുമില്ലാത്ത നിരപ്പായ റോഡുകളുള്ള ദിബ്ബയിലെ കടലോരത്തുകൂടിയുള്ള സായാഹ്ന സൈക്കിള്‍ സവാരികള്‍ അങ്ങനെ ഒരു പതിവായി മാറി. ഏകദേശം 2 മണിക്കൂറു വീതം സൈക്കിള്‍ ചവിട്ടി ആരോഗ്യം കാത്തു പരിപാലിച്ചിരുന്ന ആ കാലം.

ഒരു പതിവ് സൈക്കിള്‍ സവാരി കഴിഞ്ഞ് തിരികെ വരുമ്പോളാണ് കമ്പനിയിലെ രമേഷെന്ന യു.പി ക്കാരനെ റോഡില്‍ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം ഞാന്‍ അയാളുടെ കൂടെ ചായ കുടിക്കുവാനായി ഒരു റെസ്റ്റോറന്റിന്റെ മുന്‍പില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്തു. ഓപ്പണ്‍ എയറില്‍ കസേരയും മേശയുമൊക്കെ ഇട്ടിരുന്ന ആ റസ്റ്റോറിന്റിലിരുന്ന് ദിബ്ബായുടെ നിരത്തുകളിലെ ഇല്ലാത്ത സൌന്ദര്യം ചായക്കോപ്പയിലെ ഓരോ വലിയിലൂടെയും നുകര്‍ന്നെടുത്തു. ചായ കുടിച്ചതിനു ശേഷം സൈക്കിളെടുക്കുവാ‍നായി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, സൈക്കിളിരുന്നിടം ശൂന്യം!.

കള്ളത്തരമൊന്നുമില്ലെന്ന് പറഞ്ഞ ഈ ഗള്‍ഫില്‍ ഇങ്ങനേയും മോഷണമോ? ഇത്ര പെട്ടെന്ന് കണ്മുന്‍പില്‍ നിന്ന് സൈക്കിള്‍ അടിച്ച് മാറ്റിയ വിരുതന്റെ വിരുതിനെ ഞാനോര്‍ത്തു. ഞൊടിയിടയില്‍ കണ്മുന്‍പിലിരുന്ന സൈക്കിള്‍..........ഹോ.

‍“ ആപ് പരിശാന്‍ മത്ത് കീജിയേ, ഇദര്‍ക്കാ ബച്ചാ ലോക് കോയി ഉടാക്കെ ഗയാ ഹോഗാ, ഹം പക്കടേഗാ“ എന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന രമേഷെന്നെ ആശ്വസിപ്പിച്ചു.

ഞങ്ങള്‍ അവിടെ മാര്‍ക്കറ്റിലൊക്കെ സൈക്കിള്‍ പരതി നടക്കുമ്പോളാണ് ഒരാള്‍ എന്റെ സൈക്കിളുമായി ഞങ്ങള്‍ക്കഭിമുഖം വന്നത്. കണ്ടപ്പോളേക്കും ഞങ്ങള്‍ അയാളെ പിടി കൂടി.

എന്റെ സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന അയാളുടെ കാറില്‍ പോറിയതിന് ശേഷം ഒരു അറബി പയ്യന്‍ അതവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. അയാള്‍ സൈക്കിളുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്.

സൈക്കിളോ മറ്റൊരുത്തന്റെ, ഞാനോ അതില്‍ വെറുമൊരു സായാഹ്ന സവാരിക്കാരന്‍, കാറില്‍ പോറിയവനോ മറ്റൊരു വിരുതന്‍... കുപ്പിയിലകപ്പെട്ട ഞാന്‍ രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ നിന്ന് വിയര്‍ത്തു.

ഒടുവില്‍ ഇതിനൊരു പരിഹാരം കാണുവാനായി ഞങ്ങള്‍ മൂവരും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടന്നു.

ദൈവമേ..വന്നിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ, ഞാന്‍ അകത്താകുമോ..?, എന്റെ സൈക്കിള്‍ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുമോ..?, ഇവിടെ ജയിലില്‍ കിടക്കാനായിരിക്കും വിധി. ഇത്തരം മ്നോവിചാരങ്ങള്‍ എന്റെ ശരീരത്തെ കൂടുതല്‍ കൂടുതല്‍ വിയര്‍പ്പിച്ചുകൊണ്ടേയിരുന്നു.

സൈക്കിളിന്റെ ഉടയവന്റെ കൈയ്യില്‍ നിന്നും സവാരിക്കായി ഞാനെടുത്ത സൈക്കിള്‍ അടിച്ചുമാ‍റ്റിയ ഏതോ അറബി ചെറുക്കന്‍ ഒരു കാറില്‍ പോറിയിരിക്കുന്നു. ഇതെല്ലാം എങ്ങനെ അവിടെ പറഞ്ഞ് ഫലിപ്പിക്കും?

“ ആപ്പ് ടര്‍ണാ നഹി..മേം സബ് കുച്ച് സഹി കരേഗാ“ എന്ന രമേഷിന്റെ വാക്കുകള്‍ എന്നെ ആശ്വസിപ്പിച്ചു.

വളരേ വൃത്തിയുള്ള ഒരു പോലീസ് സ്റ്റേഷന്‍. ‘അയ്യോ സാറേ‘ എന്ന അലമുറകളൊന്നുമില്ലാത്ത, നിശബ്ദമായ അന്തരീക്ഷത്തോടെയുള്ള ദിബ്ബാ പോലീസ് സ്റ്റേഷന്‍. അറബിയല്ലാതെ മറ്റൊരു ഭാഷയുമറിയാത്ത പോലീസേമാന്‍മാര്‍ മാത്രമുള്ള സ്റ്റേഷന്‍. അത്തരം ഒരു പോലീസേമാന്റെ മുന്‍പില്‍ മുന്‍‌കൂര്‍ ‘മുട്ട് കയറ്റലൊന്നും‘ അനുഭവിക്കാതെ ഞങ്ങള്‍ മൂവരും നിന്നു.

പോലീസ് ചോദിക്കുന്നതിനെല്ലാം രമേഷ് എനിക്കുവേണ്ടി അറബിയില്‍ മറുപടി പറഞ്ഞു. ഭാഗ്യത്തിന് എന്റെ സ്പോണ്‍സര്‍ അവിടുത്തെ ഒരു പൌര പ്രധാനിയായിരുന്നു. എല്ലാറ്റിനും വളരെ വ്യക്തമായി രമേഷ് അറബിയില്‍ ഉത്തരങ്ങള്‍ കൊടുത്തു. പോലീസ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. തന്റെ നാട്ടിലെ പൈതങ്ങളുടെ പോക്രിത്തരങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ളതിനാലാവാം അദ്ദേഹം സംഭവത്തിന്റെ “മഹസ്സര്‍” അറബിയില്‍ തയ്യാറാക്കി.

രണ്ടു പേജ് നീളമുള്ള ആ എഴുത്തിന് ശേഷം എന്നോട് അതിന്റെ അടിയില്‍ ഒപ്പിടാന്‍ പറഞ്ഞു. എഴുതിയതെന്തെന്ന് അറിയാതെ ഞാനെങ്ങനെ ഒപ്പിടും? ഏറു കണ്ണിട്ട് രമേഷിനെ നോക്കി, ‘മുശ്ക്കില്‍ നഹി യേ ഇദര്‍ക്കാ കാനൂന്‍ ഹേ’..ഞാന്‍ സര്‍വ്വ ഈശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ച് ഒപ്പിട്ടു.

ഇനി നിങ്ങള്‍ക്ക് പോകാം..പോലീസുകാരന്‍ പറഞ്ഞു.എന്റെ ഭാഷയറിയില്ലെങ്കിലും എന്നെ തെറിവിളിക്കാതെ, ദേഹത്തൊന്ന് സ്പര്‍ശിക്കാതെ, വെറുതെ വിട്ട ആ പോലീസുകാരന് ആകെ അറിയാവുന്ന ഒരേയൊരു അറബിവാക്കില്‍ ഞാന്‍ മറുപടി കൊടുത്തു..ശുക്രാന്‍! ദേഹോപദ്രവം ഒന്നുമേല്‍ക്കാതെ നടുനിവര്‍ത്തി നെഞ്ച് വിരിച്ച് ഞാന്‍ ആ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി.

സ്റ്റേഷന് പുറത്ത് എനിക്കായ് കാത്ത് നില്‍ക്കുന്ന കൂട്ടുകാരോ, ബന്ധുക്കളോ ഉണ്ടായിരുന്നില്ല. എന്റെ ശരീരത്തില്‍ തലോടി, ‘നിന്നെയവര്‍ ഒരുപാടുപദ്രവിച്ചോ?‘ എന്ന് ചോദിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. കരച്ചിലുകളൊന്നും കേള്‍ക്കാഞ്ഞ ഞാന്‍ കേട്ടത് സൈക്കിളിന്റെ ഉടയവനായ അന്‍വറിന്റെ പൊട്ടിച്ചിരി മാത്രം. എനിക്കു പറ്റിയ അമളി കാരണമോ അതോ അവന്റെ സൈക്കിള്‍ തിരിച്ചു കിട്ടിയതിന്റെ അട്ടഹാസമോ?

എന്തെങ്കിലുമാവട്ടെ, ഭയാനകമായ പരിതസ്ഥിതിയില്‍ വിയര്‍ത്തു കുളിച്ച എന്റെ ശരീരം ഒന്ന് നന്നഞ്ഞു കുതിര്‍ന്ന് വൃത്തിയുള്ളതാവാന്‍ കൊതിച്ചു. തനിക്കു ക്ഷതമൊന്നുമേല്‍ക്കാത്ത ശരീരം, കുളിക്കുമ്പോള്‍ നൊംബരങ്ങളൊന്നുമുയര്‍ത്താതെ പതിവിലും കൂടുതല്‍ ഊര്‍‌ജ്ജ്വസ്വലതയോടെ എനിക്കുവേണ്ടി നനഞ്ഞു നിന്നു.

Sunday, July 30, 2006

എ ഡൌണ്‍ലോടിങ്ങ് @ മൂവാറ്റുപുഴ

ഏകദേശം 1994-95ല്‍ മംഗലാപുരത്ത് എഞ്ജിനീയറിങ്ങിന് പഠിക്കുന്ന കാലം. പത്തിരുന്നൂറ് രൂപാ മാസം മിച്ചം വന്നാല്‍ നാട്ടില്‍ പോകുന്ന പതിവ്. നാട്ടില്‍ പോകുന്നതിന്റെ മുഖ്യ ഉദ്ദേശം അടുത്ത മാസത്തേക്കുള്ള ‘ചിക്കിലി’ ഒപ്പിക്കുക, മുഷിഞ്ഞ തുണിയൊക്കെ സ്വയം മേലനങ്ങാതെ കഴുകി തിരിച്ചു കൊണ്ടു വരിക,നാട്ടിലെ സുഹൃത്തുകളുമായ് ഒന്നു കൂടുക ഇവയൊക്കെ. ക്ലാസ്സില്‍ കയറുക എന്ന ശീലം എച്ച്.ഓ.ടി വാര്‍ണിങ്ങ് തരുമ്പോള്‍ മാത്രമായതിനാല്‍ അറ്റന്‍‌ഡന്‍സ് ഒരു പ്രശ്നമാക്കാറില്ലായിരുന്നു.



ഇങ്ങനെ ഏകദേശം മുന്നൂറ് രൂപാ മിച്ചമുണ്ടായിരുന്ന ഒരു മാസം ഞാനുമെന്റെ സഹ മുറിയനും നാട്ടില്‍ പോകുവാന്‍ തീരുമാനിച്ചു. മംഗലാപുരത്ത് നിന്നും ഏകദേശം 150 കി.മി അകലെയാണ് ഞങ്ങളുടെ കോളേജ് സ്ഥിതി ചെയ്യുന്ന ബട്ക്കല്‍ എന്ന സ്ഥലം. താമസ്സിക്കുന്ന വീട്ടില്‍ നിന്നും 5 രൂപാ ബട്ക്കല്‍ ബസ്സ് സ്റ്റാന്‍ഡിലേക്കും അവിടെ നിന്നും മംഗലാപുരത്തേക്ക് 50 രൂപാ ബസ്സ് ചാര്‍ജ്ജും,മംഗലാപുരത്തുനിന്നും തിരുവല്ലായ്ക്ക് 125 രൂപാ ട്രയിന്‍ ചാര്‍ജ്ജും,പിന്നെ തിരുവല്ലായില്‍ നിന്നും വീട്ടിലേക്ക് 4 രൂപാ ബസ്സ് ചര്‍ജ്ജും. അങ്ങനെ മൊത്തം 184 രൂപാ മാത്രം യാത്രാചെലവ്. കയ്യില്‍ ഇപ്രാവശ്യം മുന്നൂറ് രൂപായുള്ളതിനാല്‍ ലാവിഷായി പോകാം,കണ്ണൂര്‍ക്കാരനായ കൂട്ടുകാ‍രന്റെ കയ്യിലും ആവശ്യത്തിന് പണം.



ബ്ട്ക്കലില്‍ നിന്നും ഉച്ചതിരിഞ്ഞ് ഏകദേശം ഒന്നര മണിയോടെ ഞങ്ങള്‍ക്ക് മംഗലാപുരത്തേക്കുള്ള ബസ്സ് കിട്ടി. കയ്യില്‍ ആവശ്യത്തിന്നു പൈസായുള്ളതിനാല്‍ ബോംബേയില്‍നിന്നു വരുന്ന ആ ബസ്സിന്റെ പുഷ് ബാക്ക് സീറ്റില്‍ അല്പം ഗമയോടെ നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങി. മലബാര്‍ എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്‌മെര്‍ന്റില്‍ ഇരിക്കാന്‍ പറ്റിയാല്‍ തന്നെ ഒരു ഭാഗ്യമാണെന്നതിനാല്‍ ഈ മുന്‍‌കൂര്‍ ഉറക്കം അത്യാവശ്യമാണ്. ആ ഉറക്കം നാലര മണിയായപ്പോള്‍ മംഗലാപുരത്ത് അവസാനിച്ചു. മലബാര്‍ എക്സ്പ്രസ്സ് ആറുമണിക്കേയുള്ളൂ, ലാവിഷ് സമയവും പൈസയുമുള്ളതിനാല്‍ അല്പം മുന്തിയ ഹോട്ടലില്‍ കയറി മുന്‍‌കൂര്‍ ഡിന്നര്‍ കഴിച്ചു. അങ്ങനെ മുന്‍‌കൂര്‍ ഉറക്കത്തിനും, ഭക്ഷണത്തിനും ശേഷം നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദവും, ഇന്ന് ഏത് തരുണീമണിയെയാവും ലൈനടിക്കാന്‍ ട്രയിനില്‍ കിട്ടുക എന്നതുമൊക്കെ സ്വപ്നം കണ്ട് മംഗലാപുരം റയില്‍‌വേ സ്റ്റേഷനിലെത്തിയപ്പോളാണ് ഞങ്ങള്‍ ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടത്.



മെസ്സില്‍ പപ്പടം നല്‍കാഞ്ഞതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള റയില്‍‌വേ ജീവനക്കാര്‍ പണിമുടക്കില്‍.ചുരുക്കത്തില്‍ മലബാര്‍ എക്സ്പ്രസ്സ് യാത്ര, നടക്കാത്ത ഒരു സ്വപ്നമായി എന്ന നഗ്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി.



പഴ്സിലെ സാമ്പത്തിക സ്ഥിതിയിലേക്ക് മനസ്സ് വിരല്‍ചൂണ്ടി. ഏയ്, ഇരുന്നൂറ്റി ചില്വാനം ബാക്കിയുണ്ട്. ഡയറക്റ്റ് ബസ്സൊന്നും ഈ നേരത്ത് കിട്ടില്ല, കട്ട് ജേര്‍ണിയടിച്ചു പോകാം.., എന്റെ സുഹൃത്ത് പറഞ്ഞു. ഇപ്പോള്‍ കാസര്‍ക്കോടിനു പോയാല്‍ മൂകാംബിക - ഗുരുവായൂര്‍ ബസ്സായ അംബിക കിട്ടാന്‍ സാധ്യത കണ്ടു. ഉടനെ ഞങ്ങള്‍ കാസര്‍ക്കോടേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ അംബിക പോയിട്ടില്ല എന്നറിഞ്ഞു. പക്ഷേ അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം ,‘ഞാന്‍ ഇങ്ങനെയെത്ര ചേട്ടന്‍‌മാരെ കണ്ടിട്ടുള്ളതാ’ എന്ന കണക്കേ അംബിക എന്ന അവള്‍ കാസര്‍കോട് ബസ്സ് സ്റ്റാന്‍‌ഡിനു മുന്‍പിലൂടെ നിര്‍ത്താതെ ചീറിപ്പാഞ്ഞു പോയി. സ്ഥലമില്ല മക്കളേ എന്ന് ആംഗ്യം കണ്ടക്ടര്‍ കൈകള്‍ പുറത്തേക്കിട്ടു കാണിച്ചു.



നിരാശനായി ഞാന്‍ എന്റെ സുഹൃത്തിന്റെ മുഖത്തേയ്ക്ക് നോക്കി. കണ്ണൂര്‍ വരെ മാത്രം പോകേണ്ട അവന്‍ വളരെ കൂളായി എന്നോട് പറഞ്ഞു “ഹൈവേയില്‍ പോയാല്‍ പാണ്ടി ലോറിയെന്തെങ്കിലും കിട്ടും, വാടാ..”. അവനെ അനുഗമിച്ച് ഞാന്‍ നടന്നു. ഹൈവേയിലെ അല്പ സമയത്തെ കാ‍ത്തിരിപ്പിനുശേഷം ഒരു മഹാരാഷ്ട്രക്കാരന്റെ ലോറി ഞങ്ങളുടെ മുന്‍പില്‍ നിര്‍ത്തി. അറിയാവുന്ന ഹിന്ദിയില്‍ വില പേശി കോഴിക്കോട് വരെ 50 രൂപയും, കണ്ണൂര്‍ വരെ 40 രൂപയും എന്ന അഗ്രിമെന്റില്‍ ആ ലോറിയില്‍ ഞങ്ങള്‍ യാത്രയായി.



നിറയെ പച്ചക്കറിയുമായി വരുന്ന ആ ലോറി കോഴിക്കോട് മാര്‍ക്കറ്റിലേക്കുള്ളതാണ്. നല്ല ലോഡുള്ളതിനാല്‍ വണ്ടിയ്ക്ക് സ്പീഡ് വളരെ കുറവായിരുന്നു. അറിയാവുന്ന മുറി ഹിന്ദിയിലൊക്കെ അയാളുമായി ഇടയ്ക്കൊക്കെ സംസാരിച്ചിരുന്ന് ഞാന്‍ അറിയാ‍തെ ഉറങ്ങിപ്പോയി. ഇടയ്ക്ക് എന്റെ സുഹൃത്ത് കണ്ണൂരായപ്പോള്‍ യാത്രപറഞ്ഞിറങ്ങി. ഒടുവില്‍ ഏകദേശം വെളുപ്പിന് 4.30 മണിയായപ്പോള്‍ കോഴിക്കോട് മാര്‍ക്കറ്റില്‍ അയാള്‍ എന്നെ ഇറക്കി വിട്ടു. കോഴിക്കോട് കെ.എസ്സ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ ആറ് മണിയ്ക്ക് തിരുവല്ലാ വഴി ഒരു തിരുവന‌ന്തപുരം എക്സ്പ്രസ്സ് ഉള്ളതായി അറിഞ്ഞു. അത് ഏകദേശം 2 മണിയാകുമ്പോള്‍ തിരുവല്ലായിലെത്തും എന്ന സന്തോഷത്തില്‍ ഞാന്‍ ആ ബസ്സിനായി കാത്തു നിന്നു. ഒടുവില്‍ ബസ്സ് വന്നു തിരുവല്ലായ്ക്ക് ടിക്കറ്റെടുത്തു. കൃത്യം ആറു മണിക്കു തന്നെ ആ തിരുവനതപുരം എക്സ്പ്രസ്സ് യാത്ര തിരിച്ചു. മലബാര്‍ എക്സ്പ്രസ്സ് തിരുവല്ലായില്‍ എത്തേണ്ട സമയം. ഇപ്പോള്‍ ഞാന്‍ ഏകദേശം എട്ട് മണിക്കൂര്‍ വൈകി യാത്രചെയ്തുക്കൊണ്ടിരിക്കുന്നു!



തിരുവന്തപുരം എക്സ്പ്രസ്സിലെ ഹൈ ബാക്ക് റെസ്റ്റ് സീറ്റ് ലോറിയിലെ പലക സീറ്റിനേക്കാള്‍ സുഖം പകര്‍ന്നതിനാലാവാം അല്പ നേരത്തിനുള്ളില്‍ തന്നെ ഞാന്‍ ഗാഡ നിദ്രയിലേക്കാണ്ടു വീണു. ചാലക്കുടി ബസ്സ് സ്റ്റാഡില്‍ പ്രഭാത ഭക്ഷണത്തിനായി ബസ്സ് നിര്‍ത്തിയപ്പോളാണ് ഞാനുണര്‍ന്നത്. നല്ല വിശപ്പും, നല്ല സാമ്പത്തിക സ്ഥിതിയുമുണ്ടായിരുന്നതിനാല്‍ രണ്ടു പ്ലേറ്റ് പൂരി കഴിച്ചു. പത്തിരുപതു നിമിഷത്തിനെ വിശ്രമത്തിന് ശേഷം ബസ്സ് വീണ്ടും യാത്ര തുടര്‍ന്നു.



വയര്‍ ഫുള്ളാക്കിയതിനാല്‍ കിട്ടിയ ഊര്‍ജ്ജത്തില്‍ ഞാന്‍ വഴിയോരകാഴ്ചകളൊക്കെ കണ്ട് രസിച്ചിരുന്നു. ആ രസത്തിന്റെ ഇടയിലാണ് എന്റെ വയറിനുള്ളില്‍ പ്രകമ്പനവുമായി ആ കയ്പ്പുനീരിറങ്ങിവന്നത്. വെറും ഗ്യാസ്സായിരിക്കാം എന്നോര്‍ത്തു മനസ്സിനെ സ്വയം സമാധാനിപ്പിച്ചു. അപ്പോളതാ വീണ്ടും..., ഇത് പ്രശ്നക്കാരന്‍ തന്നെ, സീറ്റില്‍ അമര്‍ന്നിരുന്ന് കണ്ണുകളടച്ച് ഉറങ്ങാന്‍ ശ്രമിച്ചു. കുറച്ചു നേരത്തിനു ശേഷം ബസ്സ് അങ്കമാലി ബസ്സ് സ്റ്റാന്‍ഡില്‍ നിര്‍ത്തി. അപ്പോള്‍ വയറിനുള്ളിലെ പ്രശ്നക്കാരന്‍ “ഡു യു വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന ചോദ്യമെന്നോട് ചോദിച്ചു. കൈയ്യില്‍ ഇനി വെറും ഇരുപത്തി അഞ്ച് രൂപാ മാത്രം ബാക്കി. ഇവിടെയെങ്ങാണുമിറങ്ങിയാല്‍ പിന്നെ വീട്ടിലെത്താന്‍ ഒരു വകുപ്പുമില്ല എന്ന കാരണത്താല്‍ സീറ്റിലൊന്നുകൂടി അമര്‍ന്നിരുന്നു. എന്റെ ഭാഗ്യത്തിന് വിശാലമായി ഇരിക്കാന്‍ എന്റെ സൈട് സീറ്റ് കാലിയായി കിടന്നു.



അങ്കമാലിയ്ക്കും പെരുമ്പാവൂരിനുമുള്ള യാത്രയ്ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്നക്കാരന്‍, പോപ്പ് അപ്പ് വിന്‍ഡോയിലെപ്പോലെ “ഡു യു വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു. നോ..നോ എന്ന് മറുപടി കൊടുത്തും, സീറ്റില്‍ ആസനത്തിന്റെ പൊസിഷന്‍ ചേയ്ജ് ചെയ്തു കൊണ്ടുമിരുന്നു. പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡ് പുതിയതായിരുന്നതിനാലാകാം ബസ്സ് അവിടെയെത്തിയപ്പോള്‍ അവന്‍ ഒരു പുതിയ ചോദ്യവുമായി കടന്നു വന്നത്. “ഡു യു റിയലി വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന്. പക്ഷേ ചോദ്യത്തിന് രണ്ട് ഓപ്ഷനുണ്ടായിരുന്നു നൌ-വും,ലേറ്റര്‍-ഉം. ഇവനെ ഡൌണ്‍ലോട് ചെയ്യാതെ നിവര്‍ത്തിയില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലായതിനാലും, സാമ്പത്തിക സ്ഥിതി പരുങ്ങലിലായതിനാലും , ഡൌണ്‍ലോട് ചെയ്യാതെ മാക്സിമം പിടിച്ചു നില്‍ക്കുക എന്ന പോളിസിയില്‍ ഞാന്‍ ‘ലേറ്റര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു.



പെരുമ്പാവൂരിനും മൂവാറ്റുപ്പുഴ്യ്ക്കുമിടയിലുള്ള യാത്രയില്‍ അവന്‍ തുടരെ തുടരെ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. വയറിനെ കൈകള്‍ക്കൊണ്ട് ഞെക്കിയും സീറ്റില്‍ നിന്ന് അല്പ സമയം ഉയര്‍ന്നു നിന്നും, ആസനം സീറ്റിലിട്ടുരസിയും, ആ ഡൌണ്‍ലോടിങ്ങ് മൂവാറ്റുപുഴ സ്റ്റാന്‍ഡിലാക്കാന്‍ ഞാന്‍ പണിപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ മൂ‍വാറ്റുപുഴ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ “ഐ വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന ധീരമായ തീരുമാനം ഞാനെടുത്തു. എന്റെ ഇറങ്ങാനുള്ള തയ്യാറെടുപ്പു കണ്ടപ്പോള്‍ താന്‍ തിരുവല്ലായ്ക്കല്ലേ ടിക്കറ്റെടുത്തത് എന്ന് കണ്ടക്ടര്‍ ചോദിച്ചു. ‘സാര്‍, അത്യാവശ്യമായി ഒരു
സുഹൃത്തിനെ ഇവിടെ കാണുവാനുണ്ട്’, എന്ന മറുപടി കൊടുത്തിട്ട് ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി ബസ്സ് സ്റ്റാന്‍ഡിലെ ഡൌണ്‍ലോടിങ്ങ് സെന്ററിലോട്ട് ഓടി.



പാതി ചാരിയിട്ടിരുന്ന ആ ഡൌണ്‍ലോടിങ്ങ് സെന്ററിന്റെയുള്ളില്‍ ബക്കറ്റോ, പാട്ടയോ ഒന്നും കാണാതെ ഞാന്‍ പരുങ്ങി നിന്നു. ‘റാംജി റാവു സ്പീക്കിങ്ങില്‍’ മുകേഷ് ചാടിക്കയറിയ പോലെ, ഒരദ്ദേഹം ഒരു പാട്ടയുമായ് വന്ന് സെന്റരിലേക്ക് ചാടിക്കയറി വാതിലിനു മുന്‍പില്‍ നിന്നുകൊണ്ട് എന്നോട് ‘എന്താ’..എന്ന് ചോദിച്ചു. ‘ഒന്ന് പോകനാണ്’, എന്ന് പരുങ്ങി പരുങ്ങി ഞാന്‍ മറുപടി പറഞ്ഞു. ‘ഇത് സ്റ്റാഫിനു മാത്രമുള്ളതാണ്, നിങ്ങള്‍ക്കു പോകാനാണെങ്കില്‍ പാലത്തിന് താഴെ പബ്ലിക്ക് കക്കൂസ്സുണ്ട്’ എന്നു പറഞ്ഞിട്ട് അയാള്‍ വാതിലടച്ച് അകത്ത് കടന്നു.



‘ദൈവമേ ഒന്ന് ഡൌണ്‍ലോട് ചെയ്യാന്‍ എന്തൊക്കെ ബുദ്ധിമുട്ട്, ഇനിയെവിടെയാണോ ഈ പാലം’എന്നീ മനോവിചാരങ്ങളുടെയിടയില്‍ വയറില്‍ നിന്ന് ‘ഡൊണ്‍ലോട് മീ നൌ’ എന്ന ആക്രോശവും വന്നുകൊണ്ടിരുന്നു. ആ ഭാരമേറിയ ബാഗും തൂക്കി ഞാന്‍ നിരത്തിലേക്കിറങ്ങി. വഴിയില്‍ കണ്ട മധ്യവയസ്ക്കനോട് , പബ്ലിക്ക് കക്കൂസ് എവിടെയാണെന്ന് ചോദിച്ചു. എന്റെ പാന്റും ഷൂസും ബാഗും എല്ലാം കണ്ടതിനാലാവാം ,‘ഗോ സ്റ്റ്രൈയ്റ്റ് ആന്റ് റ്റേണ്‍ റൈറ്റ്’ എന്നയാള്‍ ഇംഗ്ലീഷില്‍ മറുപടി തന്നു. അങ്ങനെ പത്തു പതിനഞ്ച് മിനിട്ടിന്റെ നടത്തത്തിനൊടുവില്‍ മൂവാറ്റുപ്പുഴയാറിന്റെ തീരത്തുള്ള ആ ഡൌണ്‍ലോടിങ്ങ് സെന്ററില്‍ ഞാന്‍ എത്തിചേര്‍ന്നു.



ആറിന്റെ തീരമായതിനാല്‍ വെള്ളം ഒരു പ്രശനമല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഡൌണ്‍ലോടിങ്ങിനവിടെ തടസ്സമൊന്നുമുണ്ടാവില്ലെന്ന് മനസ്സിലാക്കി. സെന്ററിന്റെ അകത്ത് കയറി പാട്ടയെടുത്ത് ആറ്റില്‍പോയി വെള്ളം നിറച്ചതിന് ശേഷം ഒരു എയര്‍ക്രാഫ്റ്റിന്റെ ക്രാഷ് ലാന്‍‌ഡിങ്ങ് പോലെ ഞാന്‍ ആ കൃത്യം നിര്‍വഹിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഡൌണ്‍ലോടിങ്ങിന് അങ്ങനെ മൂവാറ്റുപുഴ പാലം സാക്ഷിയായി നിന്നു.ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടം തരണം ചെയ്ത സന്തോഷത്തില്‍ ഞാന്‍ തുടര്‍ന്നുള്ള യാത്രയ്ക്കായി മൂവാറ്റുപുഴ സ്റ്റാന്‍ഡിലേയ്ക്ക് യാത്ര തിരിച്ചു.



ഇനിയും കയ്യിലുള്ളതു ആകെ ഇരുപത്തി അഞ്ച് രൂപാ. ഓര്‍ഡിനറി ബസ്സില്‍ യാത്ര ചെയ്താല്‍ മാത്രമേ വീട്ടിലെത്താന്‍ പറ്റുകയുള്ളൂ. ഏതായാലും തക്ക സമയത്ത് തന്നെ ഒരു കോട്ടയം ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി കിട്ടി കോട്ടയത്ത് എത്തിചേര്‍ന്നു. അവിടെ നിന്ന് അടുത്ത ഓര്‍ഡിനറിയില്‍ തിരുവല്ലായിലും എത്തിച്ചേര്‍ന്നു.



തിരുവല്ലാ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും കോഴഞ്ചേരി ബസ്സില്‍ കയറി ,ബാക്കി അഞ്ജു രൂപാ കൈയ്യിലുണ്ട്, നാലു രൂപായെ ടികറ്റാകുകയുള്ളൂ. ഇവിടെ വരെ എത്തിച്ചതിന് സകല ഈശ്വരന്‍മാര്‍ക്കും മനസ്സില്‍ നന്ദി പറഞ്ഞിരിക്കുമ്പോളാണ് ആ ബസ്സിലേക്ക് എന്റെ രണ്ടു സുഹൃത്തുക്കള്‍ കയറി വന്നത്. അവര്‍ എന്നെ കണ്ടാല്‍ അവരുടെ ടികറ്റെടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ ഞാന്‍,ഉടനെ തന്നെ ഉറക്കം നടിച്ച് കണ്ണുകള്‍ മുറുക്കിയടച്ചിരുന്നു. ‘മാരണം’ വന്നു തുടങ്ങിയാല്‍ അത് വന്ന് കൊണ്ടേയിരിക്കുമല്ലോയെന്നോര്‍ത്ത്, എന്നെ അവന്‍മാര്‍ കാണരുതേയെന്നു പ്രാര്‍ത്ഥനയോടെ കണ്ണുമടച്ചിരുന്നു. ബസ്സിനുള്ളില്‍ കയറി അല്പനേരത്തിനുള്ളില്‍ തന്നെ അവര്‍ എന്നെ കണ്ടു. ഉറക്കം നടിച്ച് കണ്ണടച്ചിരുന്ന എന്നെ അവരിലൊരാള്‍ തോണ്ടി വിളിച്ചു. ഗാഡമായ ഉറക്കത്തില്‍ നിന്നുമുണര്‍ന്നവനെപ്പോലെ കണ്‍പോളകള്‍ അല്പം മാത്രം തുറന്ന് ഞാന്‍ നോക്കി. ടിക്കറ്റെടുക്കാന്‍ കണ്ടക്റ്ററിതുവരെ വന്നിട്ടില്ലാ എന്ന് മനസ്സിലാക്കിയയതിനാലും, അവന്മാരുമായി സംസാരിക്കാന്‍ പോയാല്‍ അവരുടെ ടിക്കറ്റെടുക്കേണ്ടി വരുമെന്നതിനാലും, രണ്ടു പേര്‍ക്കും ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ചിട്ട് ഞാന്‍ വീണ്ടും കണ്ണുകള്‍ മുറുക്കെയടച്ചു കിടന്നു. സീറ്റ് ലഭിക്കാഞ്ഞതിനാല്‍ അവര്‍ ബസ്സിന്റെ പുറകിലേക്ക് നീങ്ങി നിന്നു. ഞാന്‍, എന്റെ ടിക്കറ്റ് മാത്രമെടുത്ത്, എന്റെ സ്റ്റോപ്പിന് രണ്ട് സ്റ്റോപ്പ് മുന്‍പിലവര്‍ ഇറങ്ങുന്നത് വരെ ഗാഡ നിദ്ര നടിച്ച് കിടന്നു. ഒടുവില്‍ ഞാന്‍ വീട്ടില്‍ ഏകദേശം 12 മണിക്കൂര്‍ ലേറ്റായി, വൈകുന്നേരം 7 മണിയോടെ ലാന്‍ഡു ചെയ്തു.




ജീവിത്തത്തിലെ ഏറ്റവും സുഖകരമായ ഡൌണ്‍ലോടിങ്ങും, സുഹൃത്തുകളുടെ മുന്നിലെ തന്ത്രപരമായ ഇടപെടലുകളിലും, കറക്റ്റ് ഒരു രൂപാ മാത്രം മിച്ചമായി ഇവിടെ എത്തിചേര്‍ന്നതും എല്ലാം ഓര്‍ത്ത്, സ്വയം അഭിമാനിച്ച്, ആ ദീര്‍ഘയാത്രയുടെ ക്ഷീണത്തില്‍ ഞാന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങി.



പിറ്റേന്ന് രാവിലത്തെ ഭക്ഷണമെല്ലാം കഴിഞ്ഞ് ഞാന്‍ കവലയിലേക്കിറങ്ങി. കവലയിലെ ഞങ്ങളുടെ ക്ലബിന്റെ മുന്‍പില്‍ സുഹൃത്തുക്കള്‍ കുറച്ചുപേര്‍ നില്‍ക്കുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം കാണുന്നതിന്റെ സന്തോഷത്തില്‍ ഞാന്‍ എല്ലാവരെയും കണ്ട് വെളുക്കെ ചിരിച്ചു. ആരും തിരിച്ചു ചിരിക്കാതെ , എന്നെ സഹതാപത്തോടെ നോക്കി.‘എന്തെടാ, എല്ലാവരുമിങ്ങനെ നോക്കുന്നത്’, എന്ന് ചോദിച്ചപ്പോളാണ് ആ കാര്യം ഞാനറിയുന്നത്.



എനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ടുവെന്നും, ഇന്നലെ ബസ്സില്‍വച്ച് കണ്ട സുഹൃത്തുക്കളെ എനിക്ക് മനസ്സിലായില്ലെന്നും, അവന്‍‌മാര്‍ അടിച്ചിറക്കിയിരിക്കുന്നു!

Tuesday, June 20, 2006

എരിഞ്ഞടങ്ങല്‍

എരിഞ്ഞടങ്ങലിന്റെ ഇടയ്ക്ക് ഭയാനകമായ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത് തലയോട്ടിയോ നട്ടെല്ലോ? തൊട്ടപ്പുറത്ത് ശവമെരിഞ്ഞിട്ടും ഞാനീ മുറിയില്‍ തന്നെ കിടന്നുറങ്ങിക്കോളാമെന്ന് നിര്‍ബന്ധം പിടിച്ചതാണ്. മുന്നറിയിപ്പൊന്നുമില്ലാതെ വല്ലപ്പോഴുമൊക്കെ കടന്നുവരാറുള്ള ഈ വീട്ടില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങാറുള്ള എന്റെ മുത്തശ്ശി.

എന്തിനായിരിക്കും ഈ ചെറിയ പ്രായത്തില്‍ വിധി അവളെ തട്ടിയെടുത്തത്? കേട്ടു കേള്‍വി മാത്രമുള്ള ആ പെണ്‍കുട്ടിയുടെ മരണം എന്നില്‍ ഭാവമാ‍റ്റമൊന്നും വരുത്തിയില്ലെങ്കിലും അവള്‍ എങ്ങനെ മരിച്ചുവെന്നതറിയുവാനുള്ള വ്യഗ്രത എന്നില്‍ നിലനിന്നു. ഒരുപാട് രാത്രിയായതിനാല്‍ ഒന്നും വിശദമായി മുത്തശ്ശിയോട് ചോദിക്കാന്‍ പറ്റിയില്ല. വര്‍ഷങ്ങളായി മിണ്ടാട്ടമൊന്നുമില്ലാത്ത ആ അയല്‍വാസികളെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ മുത്തശ്ശിയ്ക്കും ഇഷ്ടമില്ലായിരുന്നു.

രൂക്ഷഗന്ധം വരാതിരിക്കാന്‍ ഞാന്‍ ജനാലകള്‍ നല്ലപോലെ അടച്ചിരുന്നുവെങ്കിലും വെന്ത ശരീരത്തിന്റെ ഗന്ധം മുറിയിലെല്ലാം മെല്ലെ പടര്‍ന്നു. എനിക്കുറങ്ങുവാന്‍ കഴിയാത്തതിന്റെ കാരണം അപ്പുറത്തെരിയുന്ന ശരീരമാണൊ? ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ശരീരം ചിതയിലെരിയുമ്പോള്‍ ഞാനെന്തിനു പേടിക്കണം?....എഴുന്നേറ്റ് ലൈറ്റിട്ടലോ? വേണ്ട,ആ കുട്ടിയുടെ ആത്മാവ് ഇവിടെയെല്ലാമുണ്ടാവും, ഈ വെളിച്ചം കണ്ടിങ്ങോട്ട് വന്നെങ്കിലോ? ആത്മാക്കളൊക്കെ വെറും അന്ധവിശ്വാസമെന്ന് സ്വയം വിശേഷിപ്പിക്കുന്ന നീ എന്തിന് അവയെക്കുറിച്ച് ചിന്തിക്കണം?മെല്ലെ കിടക്കയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ ടെറസ്സിലേക്കുള്ള വാതില്‍ തുറന്നു.

വലുതായും ചെറുതായും കറുപ്പുമാറ്റുന്ന മഞ്ഞവെളിച്ചം ആദ്യമെന്നെ അമ്പരിപ്പിച്ചു. ചിതയുടെ എരിഞ്ഞടങ്ങലിന്റെ പ്രതിഫലനങ്ങള്‍ ഭിത്തിയില്‍ സ്രഷ്ടിക്കുന്ന പ്രഹേളികയാണതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തു. നിശ്ചലമായ ചലനങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ കാലുകള്‍ മുന്നോട്ടെടുത്തു വച്ചു. നഗ്നപാദങ്ങള്‍ തറയോടുകളുടെ പ്രതലത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മുന്‍പൊക്കെ ലഭിച്ചിരുന്ന തണുപ്പ് അന്യമായി നിന്നു. കരിമരുന്നു പ്രകടനത്തിനൊടുവില്‍ പൊട്ടാതെ കിടക്കുന്ന പടക്കങ്ങളുടെ വിട്ടുവിട്ടുള്ള രോദനം പോലെ ചെറിയ പൊട്ടിത്തെറികള്‍ മാത്രം ആ ചിതയില്‍ നിന്നുമുതിര്‍ന്നുകൊണ്ടിരുന്നു. വെന്തെരിയാന്‍ മടികാണിക്കുന്ന ഉറപ്പുള്ള ഭാഗങ്ങളുടെ വൈകിയുള്ള എരിഞ്ഞടങ്ങല്‍.

യാന്ത്രികമായിരുന്ന എന്റെ ചലനങ്ങളെ ടെറസ്സിന്റെ ഒരു മൂലയില്‍ അവസാനിപ്പിച്ചു. മൂന്നുവശവും ചിതയെ മറച്ച ടെറസ്സിന്റെ അരമതിലുകള്‍ക്കുള്ളിലെ മുകള്‍ഭാഗം തുറന്ന ഇടത്ത് ഞാനെന്റെ സുരക്ഷിതത്വം കണ്ടെത്തി. നാലാം വശത്തെ തുറസ്സായ ഇരുണ്ട പ്രതലത്തില്‍ അവ്യക്തമായ വെള്ളിവരകള്‍ സ്രിഷ്ടിക്കുന്ന തറയോടുകള്‍ വിരിച്ച ടെറസ്സിന്റെ കറുപ്പില്‍ വെള്ളചായമൊഴിച്ച് പുകച്ചുരുളുകള്‍ എങ്ങോട്ടോ നീങ്ങുന്നു. മുകളില്‍ മേഘാവ്രതമായി കാണപ്പെട്ട മാനം,മഴപൊഴിക്കാന്‍ വെമ്പല്‍ കാട്ടുന്നതോ അതോ ചിതയുടെ പുകച്ചുരുളുകള്‍ സമ്മാനിച്ച ക്ഷണികമായ ഭാവത്തില്‍ അങ്ങനെ തോന്നിപ്പിക്കുന്നതോ? വാസ്തവം ആദ്യത്തേതാകാതിരിക്കാന്‍ മനസ്സാഗ്രഹിച്ചു. ചിത പൂര്‍ണ്ണമായി എരിഞ്ഞടങ്ങി ചാരമായിത്തീരാന്‍ ഇനിയും ഒരുപാട് മണിക്കൂറുകള്‍ വേണ്ടി വന്നേക്കാം.

എല്ലുകളുടെ പൊട്ടലുകളില്‍ അന്തരീക്ഷം ഇടയ്ക്കൊക്കെ ശബ്ദമുഖരിതമാക്കപ്പെട്ടു.നിശ്ചലമായ ശരീരത്തെ ചാരമാക്കി മാറ്റി മണ്ണിലേക്ക് ചേര്‍ക്കപ്പെടുന്നു. അവിചാരിതമായി ജീവന്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടിയെക്കുറിച്ചുള്ള ചിന്തകളില്‍ എന്റെ ശരീരത്തിന്റെ ഒരു വശത്തെ പൂര്‍ണ്ണമായി തറയോടുകളോട് സ്പര്‍ശിപ്പിക്കപ്പെടുത്തി. മാനം നോക്കിയുള്ള ആ കിടപ്പില്‍ ജീവനുള്ള എന്റെ ശരീരത്തിന്റെ ചൂട് തറയോടുകള്‍ വലിച്ചെടുക്കുന്നതായി അനുഭവപ്പെട്ടു.നിദ്രയെ ആശ്ലേഷിക്കുവാന്‍ എന്റെ കണ്‍പോളകള്‍ വ്യഗ്രത കാട്ടി. അസ്വസ്തമായ ശരീരത്തില്‍ കണ്‍പോളകളുടെ വാഞ്ച നാടീസ്പന്ദനങ്ങള്‍ അറിഞ്ഞില്ല.

ചിന്തകള്‍ ആ പെണ്‍കുട്ടിയിലും അവളുടെ ചിതയിലും പിന്നീടവളുടെ എല്ലുകളിലും ചെന്നു നിന്നു. എല്ലുകള്‍ കൂട്ടിമുട്ടുമ്പോളുള്ള ഞെരുക്കങ്ങള്‍ എന്റെ ചെവിയില്‍ ആഞ്ഞടിച്ചു. ആ ശബ്ദത്തിന്റെ ആക്കം കൂടി കൂടി വന്നു. എന്റെ ശരീരം വിയര്‍ത്തു. വിയര്‍പ്പിന്റെ അസ്വസ്തതയിലോ എല്ലുകളുടെ കൂട്ടിമുട്ടലുകളുടെ ഭയാനകതിയിലോ എനിക്ക് ടെറസ്സിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതായി തോന്നി. എഴുന്നേറ്റ് ടെറസ്സിലെ ലൈറ്റിട്ടു. ഞാന്‍ കിടന്നിരുന്ന സ്ഥലം വിയര്‍പ്പുതുള്ളികളില്‍ ശരീരത്തിന്റെ ആകാരം വെളിവാക്കപ്പെട്ട് മഹസര്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥന് സഹായകരമാകും വിധം കിടന്നു. ടെറസ്സിന്റെ വിശാലതയില്‍ നിന്നും നാലു ചുറ്റും ഉയര്‍ന്ന ഭിത്തികളാല്‍ സംരക്ഷിതമാക്കപ്പെട്ട മുറിക്കുള്ളിലേക്ക് ഞാന്‍ കടന്നു. വെളിയിലെ പുകചുരുളുകള്‍ അകത്തേക്ക് കയറപ്പെട്ട മുറിയില്‍ വെന്ത ശരീരത്തിന്റെ രൂക്ഷ ഗന്ധം പടര്‍ന്നുകിടന്നു. ലൈറ്റിട്ടിട്ടും ഘനീഭവിച്ച പുകച്ചുരുളുകളില്‍ എല്ലാറ്റിന്റെയും വ്യക്തത നഷ്ടപ്പെട്ടു.

കാലുകള്‍ ശരീരത്തിന്റെ ഭാരത്തെ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചടക്കപ്പെട്ടതില്‍ ചുളിവുകള്‍ സ്രഷ്ടിക്കപ്പെട്ട കണ്‍പോളകളുടെ പുറമേയുള്ള ലോകം അവ്യക്തത നിറഞ്ഞ് ഭയാനകമായി കാണപ്പെട്ടു. മരണപ്പെട്ട പെണ്‍കുട്ടിയുടെ മുഖം മുന്‍പു കണ്ടിട്ടുള്ളതിലും വ്യക്തതയോടെ തെളിഞ്ഞുവന്നു. കൂര്‍ത്ത എല്ലിന്‍ കഷണങ്ങള്‍ എന്റെ നെഞ്ചിനു നേരെ നീക്കപ്പെടുന്ന ആ പെണ്‍കുട്ടിയുടെ കൈകളുടെ ചലനങ്ങളില്‍നിന്ന് രക്ഷതേടി ഞാന്‍ ശരീരത്തെ ആ ദിശയില്‍ നിന്നും മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചു. വിഫലമായ ആ ശ്രമത്തിനൊടുവില്‍ എല്ലിന്റെ കൂര്‍ത്ത അറ്റം എന്റെ നെഞ്ചില്‍ അവള്‍ കുത്തിയിറക്കി. അയ്യോ എന്ന നിലവിളിയില്‍ അവാസ്തവികതയില്‍നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് ഞാനെത്തപ്പെട്ടു.

ചുറ്റുമുള്ള യാഥാര്‍ത്യത്തെ മനസ്സിലാക്കുവാന്‍ കൈവിരലുകള്‍ സ്വിച്ചിന്റെ സ്ഥാനം പരതി.പ്രകാശിതമാക്കപ്പെട്ട മുറിയില്‍ രക്ഷപ്പെടുവാന്‍ പഴുതുകളില്ലാതെ പുകച്ചുരുളുകള്‍ വിറങ്ങലിച്ചു നിന്നു. ചേതനയറ്റപ്പെട്ടുവെന്നു കരുതിയ ശരീരത്തിന്റെ അകാരണമായ തണുപ്പില്‍ സംശയാലുവായ ഞാന്‍ നഖമുനകള്‍ക്കൊണ്ട് തുടയെ വേദനിപ്പിച്ചു നോക്കി. മുത്തശ്ശിയുടെ മുറിയിലേക്കുള്ള ധ്രുത ഗതിയിലുള്ള നീക്കങ്ങളില്‍ ഗോവണിപ്പടികളില്‍ കാല്‍തെറ്റി വീണു. ഉറക്കമുണര്‍ന്ന മുത്തശ്ശിയുടെ അന്വേഷണത്തിന് മുകളിലെ ഫാനിനെ കുറ്റം പറഞ്ഞ്,ഞാന്‍ മുത്തശ്ശിയുടെ മുറിയില്‍ കിടക്കുന്നുവെന്നറിയിച്ചു.

മുത്തശ്ശിയുടെ കിടക്കയുടെ താഴെ ആ കട്ടിലിന്റെ കാലുകളില്‍ ശരീരം മുട്ടിച്ചു കിടന്നു. ചുടുചോരയൊഴുക്കുന്ന എന്റെ ശരീരത്തിന് മുത്തശ്ശിയുടെ വാര്‍ധക്യം നിറഞ്ഞ ശരീരത്തിന്റെ സാന്നിധ്യത്തിലൂടെ നല്‍കപ്പെട്ട സുരക്ഷിതത്തില്‍ ഞാനാശ്വാസം കൊണ്ടു. ഉടുതുണിയെ പുതപ്പാക്കിയിട്ടും എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

തുറക്കപ്പെട്ട ഭാരമേറിയ കണ്‍പോളകളുടെ ചെറിയ വിടവിലൂടെ ലാഘവത്തോടെയുള്ള ഫാനിന്റെ കറക്കം കണ്ടു. മരുന്നുകളുടെ മണം നിറഞ്ഞ ആ മുറിയില്‍ മുത്തശ്ശി വെള്ള വസ്ത്രധാരിയായ സ്ത്രീയോടിങ്ങെനെ പറയുന്നതു കേട്ടു,

“ ഞാന്‍ പറഞ്ഞതാ,അപ്പുറത്ത് ചിതയെരിയുന്നതുകൊണ്ട് മുകളില്‍ പോയി കിടക്കേണ്ടായെന്ന്, വലിയ ധൈര്യശാലിയാണെന്നാ ഭാവം, എന്നിട്ടിപ്പൊയെന്തായി..പേടികിട്ടിയതാ..ഈശ്വരന്‍ കാത്തു.”

എന്റെ ചുണ്ടുകളും അറിയാതെയനങ്ങി...‘ദൈവമേ’.

Monday, May 22, 2006

ഫുട്ബോള്‍

നേരം പരുപരാന്ന് വെളുക്കുന്ന ആ പതിവു പ്രവര്‍ത്തി ദിനത്തില്‍ മൈതാനത്തിലേക്കിറങ്ങാനുള്ള ആദ്യ വിസിലായ അലാറം മുഴങ്ങി.വാര്‍മപ്പിനായി ബാത്റൂമിലേക്ക് നടന്നു.ഗീസറിന്റെ ആവശ്യമില്ലാതെ ധാരധാരയായി ഒഴുകുന്ന ചൂടുവെള്ളത്തില്‍ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പണ്ട് അടുപ്പിലൂതി കണ്ണീരുമായ് വെള്ളം ചൂടാക്കി കുളിച്ചിരുന്ന കാലം ഓര്‍മ്മ വന്നു.അന്ന് ഇഞ്ജ തേച്ച് സമയമെടുത്ത് മെല്ലെ കുളിച്ചാല്‍ മതിയായിരുന്നു.ഇന്ന് തിരക്കു മാ‍ത്രമുള്ള ഈ മരുഭൂവാസത്തില്‍ കുളിയും ഒരു പ്രഹസനം മാത്രം.


ജേഴ്സിയായ റ്റൈയ്യും പാന്റും ഷര്‍ട്ടുമെല്ലാമിട്ട് മൈതാനത്തിലേക്കിറങ്ങാന്‍ തയ്യാറായി.എന്തൊരു വിയര്‍പ്പ്...എന്തു ചെയ്യാം..ഇതെല്ലാമണിയണമെന്നത് കോച്ചിന് നിര്‍ബന്ധമാണ്.ബാല്‍ക്കണിയില്‍ പോയി പന്തിനെയൊന്നു നോക്കി. ടീമിന്റെ സൈക്കോയായ വാച്മാന്‍ അതിനെ വ്രത്തിയാക്കുന്നതേയുള്ളൂ.5 മിനിറ്റ്കൂടെ വാര്‍മപ്പിനു സമയമുണ്ട്.


കട്ടിലില്‍ സുഗമായി ഉറങ്ങുന്ന നന്ദയെ നോക്കി നെടുവീര്‍പ്പിട്ടു.എത്ര ഭാഗ്യവതി.. ജോലിക്കൊന്നും പോകെണ്ടാതെ വീട്ടമ്മയായി ഇങ്ങെനെ നേരം പുലരും വരെ ഉറങ്ങുക. അമ്മയുടെ മാറില്‍ച്ചേര്‍ന്നുറങ്ങുന്ന മകനെ നോക്കി മനസ്സിലിങ്ങനെ പറഞ്ഞു,ഒന്ന് വേഗം വളരെടാ..എന്നിട്ട് വേണം നിന്റെ അമ്മയും എന്നെ പോലെ ജോലിക്ക് പോകുന്നതെന്നിക്കു കാണാന്‍.


നന്ദ എഴുന്നേറ്റ് ഫ്രിഡ്ജില്‍ തലേ ദിവസമേ തയ്യാറാക്കി വച്ചിരുന്ന ചോറ്റുപാ‍ത്രമെടുത്തു തന്നിട്ട് ദേവേട്ടാ എന്നത്തേയുപോലെ ഓഫീസിലെത്തിയാലുടനെ വിളിക്കണേയെന്ന മുന്നറിയിപ്പും നല്‍കി എന്നെ യാത്രയാക്കി.പുലര്‍ച്ചേയെഴുന്നേറ്റ് വിയര്‍ത്തൊഴുകുന്ന ശരീരവുമായി വാഴയിലയില്‍ പൊതിഞ്ഞ് ചൂട് ചോറുമായി എന്നെ യാത്രയാക്കിയിരുന്ന അമ്മയുടെ മുഖം അവളിലെനിക്ക് കാണാനായില്ല.


എല്ലാവരും ഓരോ പന്തുമായി കളിക്കുന്ന ഒരുപാടുനീളമുള്ള മൈതാനത്തിലേക്ക് ഷൂസിന്റെ കുളമ്പടി നാദവുമായി കാണികളുടെ കൈയ്യടികളൊന്നുമില്ലാതെ ആ ദിവസത്തെ കളിയുടെ സമാരംഭത്തിനായ് ഞാനിറങ്ങി.


തുടച്ച് വ്രത്തിയാക്കിയതിന്റെ ചിഹ്നമായി സൈക്കോ ഉയര്‍ത്തിവയ്ക്കാറുള്ള വൈപ്പര്‍ താഴ്ത്തി ഞാന്‍ എന്റെ നിസ്സാന്‍ പന്തിന്റെയുള്ളില്‍ കടന്നതിനെ സ്റ്റാര്‍ട്ട് ചെയ്തു.ഇന്നും സുഗമമായി ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എതിര്‍ ടീമിനെ ഗ്രൌണ്ടില്‍ ഒരുപാട് കൊണ്ടുവരരുതേയെന്ന മൌന പ്രാര്‍ത്ഥനയുമായി ഞാന്‍ പന്തു മെല്ലെ ഗ്രൌണ്ടിലേക്കുരുട്ടി.


നീണ്ടു നിവര്‍ന്നു കിടക്കുന്ന മൈതാനത്തിന്റെ ഒരു മൂലയില്‍ നിന്നും അതിന്റെ മധ്യ ഭാഗത്തുള്ള എമിരേറ്റ് റോഡ് വരെയും ഞാന്‍ പന്തു അതിവേഗം നീക്കി.എതിരാളികളെക്കൊണ്ടുനിറഞ്ഞ എമിരേറ്റ് റോഡിന്റെ കവാടത്തില്‍ ഞാന്‍ പന്തുമായി വിയര്‍ത്തു.എതിര്‍ റ്റീമിന്റെ ഡിഫന്റര്‍മാര്‍ ഹോര്‍ണടിച്ചും ഇന്റികേറ്ററിടാതെ കുത്തിക്കയറ്റിയും എന്നെ വിയര്‍പ്പിച്ചു.ഷോള്‍ഡര്‍ പുഷില്ലാത്തതിനാല്‍ ഞാന്‍ ഒരുവിധം എതിരാളികളുടെ ഇടയിലൂടെ മെല്ലെ ഗ്രൌണ്ടിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങി.എല്ലാവരും ഇഴഞ്ഞു നീങ്ങുന്ന ഗ്രൌന്‍ഡില്‍ ഏതോ കളിക്കാരനു പരുക്കുപറ്റിയ കാരണം എല്ലാ പന്തുകളും നിശ്ചലമാണ്.പരുക്കുപറ്റിയ് കളിക്കാരന്റെയടുത്തേക്ക് പോകുവാനായുള്ള ആമ്പുലന്‍സ് മുഴങ്ങി കേള്‍ക്കുന്ന സൈറണിലൂടെയും വെട്ടിത്തിളങ്ങുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന പ്രകാശകിരണങ്ങളിലൂടെയും കളിക്കാരെ വകഞ്ഞുമാറ്റി ഇടയിലൂടെ കടന്നുവരുന്നത് എന്റെ പന്തിന്റെ പുറകുവശം കാണാവുന്ന സ്പടിക തലത്തിലൂടെ ഞാന്‍ ദര്‍ശിച്ചു.


ഡോക്ടറിന് കടന്നു വരാ‍നായി എല്ലാ കളിക്കാരും ഗ്രൌണ്ടില്‍ സ്ഥലമൊരുക്കിക്കൊടുത്തു.നേടിയെടുത്ത വഴിയിലൂടെ ആംബുലന്‍സ് കുതിച്ച് നീങ്ങുന്നതിനിടയില്‍ എളുപ്പത്തില്‍ ഗോളടിക്കാമെന്ന ധാരണയോടെ ഒരു വിരുതന്‍ അതിന്റെ പിറകിലൂടെ പായുന്നതും കണ്ടു.ഇതെന്ത് അനീതിയെന്ന് എല്ലാവരും തങ്ങളുടെ പന്തിന്റെ ഹോര്‍ണുകള്‍ക്കൊണ്ട് ആരാഞ്ഞത് ലൈന്‍ അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തിയതും ഈ വിരുതനെ അമ്പയര്‍ ഗ്രൌണ്ടില്‍ നിന്നും പുറത്താക്കിയതും പെട്ടെന്നായിരുന്നു.


തുടര്‍ന്ന് കളിക്കുവാനാവാത്ത വിധം പരുക്കുപറ്റിയതിനാല്‍ കളിക്കാരനെ സ്ട്രെച്ചറില്‍ തൂക്കിയെടുത്ത്
ആംബുലന്‍സില്‍ വെളിയിലേക്ക് കൊണ്ടുപൊയി. അദ്ദേഹത്തിന്റെ പന്ത് തകര്‍ന്ന് മൈതാനത്തിന്റെയൊരു വശത്ത് ചുരുണ്ടുകൂടി കിടന്നു.ഗ്രൌണ്ടിന്റെ മധ്യ ഭാഗമായ ഈ എമിറേറ്റ്സ് റോഡില്‍ എന്നും ഓരൊ കളിക്കാര്‍ക്കും ജീവനോ അംഗവൈകല്യമോ സംഭവിക്കുന്നത് പതിവുകാഴ്ചയാണ്.അല്പസമയത്തിനു ശേഷം കളി പുനരാരംഭിക്കപ്പെട്ടു.പന്തുമായി കുതിച്ച് പാ‍ഞ്ഞോളു എന്നു റഫറി കൈവീശി ആംഗ്യം കാണിച്ചു.


ഈ കളിക്കാരന്റെ പരുക്കു കാരണം എല്ലാവര്‍ക്കും തക്ക സമയത്തു ഗോളടിക്കുവാനുള്ള അവസരം നഷ്ടപ്പെടുമെന്നു തോന്നിയതിനാലാവാം എതിരാളികള്‍ പന്തുകള്‍ അതിവേഗം നീക്കുവാനാരംഭിച്ചു.നീണ്ട ഹോര്‍ണടികളുടെയും ബ്രേയ്ക്കുപിടിക്കുന്നതിന്റെയും ശബ്ദം ഗ്രൌണ്ടിലെവിടേയും പ്രതിഫലിച്ചു.മുന്‍പിലായി വരുവാനിരിക്കുന്ന രാഷിദിയാ തടസ്സവും കഴിഞ്ഞ് ഇന്നു ഗോളാടിക്കാന്‍ 30-45 മിനിറ്റ് താമസം നേരിടുമെന്നു മനസ്സിലായതിനാല്‍ ഞാന്‍ പന്തുമായി അസ്വസ്ഥനായി മുന്നേറി. ഇടക്ക് മഞ്ഞ വരയുടെ അപ്പുറത്തുകൂടി ഒരു ബെന്‍സ് പന്തുമായി കുതിച്ചുപാഞ്ഞ എതിരാളിയെ പൊസ്റ്റിന്റെ മറവില്‍ മറഞ്ഞിരുന്ന റഫറി ഓഫ്സൈട് വിളിച്ച് പുറത്താക്കിയത് എന്നെ ഹര്‍ഷപുളകിതനാക്കി.


പ്രതീക്ഷിച്ചതുപോലെ രാഷിദിയാ എക്സിറ്റില്‍ മുന്നേറാന്‍ എന്റെ നിസ്സാന്‍ പന്ത് ഊഴവും കാത്ത് കിടന്നു.വലതുവശത്തുകൂടെ ഗ്രൌണ്‍ടിന്റെ വെളിയിലൂടെ വന്നു അകത്തേക്ക് പന്ത് കുത്തികയറ്റുന്ന എതിരാളികളെ ഹോര്‍ണ്‍ അടിച്ച് എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും അതു വകവെയ്ക്കാതെ അവര്‍ കുതിക്കുന്നതു കണ്ട് ഞാന്‍ എന്റെ പന്തുകൊണ്ട് ബമ്പര്‍-റ്റു-ബമ്പര്‍ ഡിഫെന്‍സ് പൊസിഷന്‍ കളിച്ചു.ഒരു മിഡ് ഫീല്‍ഡറെപ്പോലെ എല്ലാ പൊസിഷനിലും കളിക്കാനുള്ള വൈദഗ്ധ്യം ദിനംതോറുമുള്ള കളിയിലൂടെ ഞാന്‍ സ്വായത്തമാ‍ക്കിയിരുന്നു.


എതിര്‍വശത്തെ എതിരാളിയുടെ മുന്‍പിലേക്ക് ഇന്റികേറ്ററിടാതെ കുത്തികയറ്റിയപ്പോള്‍ മൊബൈലില്‍ നന്ദ കോളിങ്.ചേട്ടനിപ്പോളും റോഡില്‍ തന്നെയെന്ന് മനസ്സിലാക്കിയതിനാല്‍ അവളുടനെ അതു കട്ട് ചെയ്തു.മനസ്സല്പം കുളിര്‍ക്കുവാനായി റേഡിയോവിലെ സംഗീതവും കേട്ട് സിഗ്നല്‍ പച്ചയാവുന്നതും നോക്കിയിരുന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ താങ്കള്‍ എവിടെയെന്നു ചോദിച്ചുള്ള ആ ചോദ്യവുമായി ഓഫീസില്‍നിന്നും വിളി വന്നു.മൊബൈല്‍ തല്ലി തകര്‍ക്കുവാന്‍ എന്നുമെന്നതുപോലെയപ്പോഴും തോന്നി.വൈകി ഗോളടിച്ചാല്‍ കോച്ചില്‍നിന്നും നേരിടേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങളെയോര്‍ത്ത് യാന്ത്രികമായി എന്റെ പന്തിന്റെ വേഗം കൂടിക്കൊണ്ടേയിരുന്നു.


ഗോളടിക്കുവാനുള്ള വ്യഗ്രതയില്‍ മറ്റുള്ള കളിക്കാരെ ഫൌള്‍ ചെയ്തിടുന്ന കളിക്കാരെയും അവരെ മൈതാനത്തിനു പുറത്താക്കി പിഴയടിക്കുന്ന റഫറിമാരെയും എന്നത്തേയും പോലെ അന്നും ദ്രിശ്യമായി.


ഗോള്‍പോസ്റ്റിനടുത്തെത്താറായി എന്നു മന്സ്സിലക്കിയ ഞാന്‍ സിഗ്നലില്‍ വച്ച് എതിരാളികളെയെല്ലാം പിന്നിലാക്കി പന്തുമായി ഗോള്‍പൊസ്റ്റ് ലക്ഷ്യ്മാക്കി ഏകദേശം അന്‍പതു വാരയകലെനിന്നും ഒറ്റക്കുതിപ്പില്‍ ഒരു ലോങ്ങ് റേഞ്ജ് ഷോട്ടുതിര്‍ക്കുവാനായി ആക്സിലേട്റ്ററില്‍ കാലമര്‍ത്തുകയും സഹപ്രവര്‍ത്തകനും ഐ.എം.വിജയനെപ്പോലെ പന്തുമായി അസാധാരണ ഡ്രിബിളിങ്ങ് പാടവുമുള്ള തമ്പി തന്റെ പന്റുമായി എന്റെ മുന്നിലേക്കു കയറുവാനായി സൈടില്‍നിന്നും കുതിച്ചുവന്നു.വിഭ്രമിക്കാതെ വലത്ത് ഒഴിഞുകിടന്ന ഗോള്‍പ്പോസ്റ്റ് കണ്ടില്ലെന്നു നടിച്ച് ഇടത്തോട്ടുള്ള ഇന്റിക്കേറ്റരിട്ട് ഞാന്‍ വലത്തുവശത്തുള്ള ഗോള്‍പോസ്റ്റിലേക്ക് പന്തുരുട്ടിവിട്ടു.


ഗോള്‍..ആര്‍പ്പുവിളികളുയര്‍ന്നു ....അമ്പരപ്പോടെ ഗോളടിച്ചവന്റെ അഭിമാനതോടെ ഞാന്‍ ആര്‍പ്പുവിളികളെ എതിരേല്‍ക്കുമ്പോള്‍ പന്തിന്റെ താക്കോല്‍ ഇടത്തോട്ട് തിരിച്ചതും ആര്‍പ്പുവിളികള്‍ നിശബ്ദമായതുമൊന്നിച്ചായിരുന്നു.റേഡിയോയുടെ അവസരോചിതമായ ഇടപെടലില്‍ അഭൌമലോകത്തിലേക്ക് ക്ഷണികനേരത്തേക്കെത്തപ്പെട്ട ഞാന്‍ മൈതാനത്തിനു പുറത്തുള്ള കലുഷിത ഭൂമിയില്‍ മുഖം കറുപ്പിച്ചിരിക്കുന്ന കോച്ചായ മാനേജരേയും സഹപ്രവര്‍ത്തകരെയുമെല്ലാമോര്‍ത്ത് ഗോളടിച്ചെങ്കിലും തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന കളിക്കാരന്റെ മനസ്സോടെ ഓഫീസിന്റെ പടികളില്‍ ഒരോന്നായി കാലെടുത്തു വച്ചു.

Wednesday, May 17, 2006

ഹ്രദയഭേദകം




പളിറ്റ്സര്‍ ഫോട്ടോ അവാര്‍ഡ്‌ കെവിന്‍ കാര്‍ട്ടര്‍ക്ക്‌ നേടികൊടുത്ത 1994-ലെ സുഡാന്‍ വരള്‍ച്ചയുടെ ചിത്രം.



പട്ടിണിയിലകപ്പെട്ട കുഞ്ഞ്‌ ഒരു കിലോമീറ്ററകലെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണ ക്യാമ്പിലേക്ക്‌ ഇഴഞ്ഞു നീങ്ങുന്നു.


കുട്ടി മരിച്ചുകഴിഞ്ഞാല്‍ അതിനെ തിന്നുവാനായി കാത്തിരിക്കുന്ന കഴുകന്‍. ലോകത്തെ മുഴുവന്‍ നടുക്കിയ ചിത്രം.ഈ കുട്ടിക്ക്‌ പിന്നീടെന്തു സംഭവിച്ചെന്ന്‌ ആര്‍ക്കുമറിയില്ല. ഈ ചിത്രമെടുത്തയുടന്‍ അവിടെ നിന്നും കടന്നു കളഞ്ഞ കാര്‍ട്ടര്‍ക്കു പോലും.


മൂന്നു മാസങ്ങള്‍ക്ക്‌ ശേഷം മാനസിക പിരിമുറുക്കങ്ങളാല്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.

കെവിന്‍ കാര്‍ട്ടറുടെ ഡയറി കുറിപ്പുകള്‍..'ദൈവമേ ഞനൊരിക്കലും ഭക്ഷണമെന്തുതന്നെ ആയിരുന്നാലും, അതെത്ര അരുചിയുള്ളതായിരുന്നാലും, എണ്റ്റെ വയറ്റില്‍ കഴിക്കാനിടമില്ലായിരുന്നാലും ഞാനത്‌ വെറുതെ കളയില്ലെന്ന്‌ പ്രതിഞ്ജയെടുക്കുന്നു. ഈ കുഞ്ഞിനെ അവിടുന്ന്‌ പരിരക്ഷിക്കുമെന്നും, ഈ മരീചികയില്‍ നിന്നും വിടുവിക്കുമെന്നും കരുതട്ടെ. ഈ കുഞ്ഞിനു ലോകത്തോടും ചുറ്റുപാടുകളുടെ അനീതിയോടും, സ്വാര്‍ത്ത ചിന്തകളൊടും ശരിയായ രീതിയില്‍ പ്രതികരിക്കനുള്ള ശക്തിയും നീ അവിടുന്നു നല്‍കേണമേ.. '



ഭക്ഷണത്തിനു വലിയ വില കല്‍പ്പിക്കാത്ത ഭോജനശാലകലുടെ മുന്‍പില്‍ തിരക്കുക്കൂട്ടുന്ന വാണിജ്യ സംസ്ക്കാരത്തിണ്റ്റെ മുഖമുദ്രകളായ നമ്മള്‍ക്ക്‌ ഒരിക്കലെങ്കിലും ഇത്തരത്തില്ലുള്ള പട്ടിണി പാവങ്ങളെയോര്‍ക്കാന്‍ ഈ ചിത്രമുപകരിക്കട്ടെ. ഈ ചിത്രം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം, വേദനപ്പിച്ചേക്കാം.ഈ ലോകത്തില്‍ ഭക്ഷണത്തിണ്റ്റെ വിലയറിയുവാന്‍ വേണ്ടി സ്രിഷ്ടിക്കപ്പെടുന്ന ജന്‍മങ്ങളുടെ മുന്‍പില്‍ നമുക്ക്‌ പ്രണമിക്കാം. ഭക്ഷണശാലകളില്‍ ധൂര്‍ത്തടിക്കുമ്പോളും,അനാവശ്യമായി ഭക്ഷണസാധനങ്ങള്‍ കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയുമ്പോളും ഈ ഒരു ചിത്രം നമ്മുടെ മനസ്സിണ്റ്റെയുള്ളിലൊരു കറുത്ത രേഖാചിത്രമായി നിലനില്‍ക്കട്ടെ.

Thursday, May 04, 2006

പമ്പാനദിയുടെത്തീരങ്ങളില്‍...

കേരളത്തിലെ നദികളില്‍ നീളത്തിണ്റ്റെ കാര്യത്തില്‍ മൂന്നാംസ്ഥാനമുള്ള പമ്പാനദിയുടെ തീരത്താണു ഞങ്ങളുടെ നാട്‌. പീരുമേട്ടിലെ പുളിച്ചിമല, സുന്ദരമല, നാഗമല എന്നീ മലകളില്‍ നിന്നുമുത്ഭവിക്കുന്ന പമ്പാ നദി അതിണ്റ്റെ പ്രയാണത്തില്‍ കക്കിയാറിനേയും, മരുദയാറിനേയും, കക്കാടാറിനേയും, കല്ലടയാറിനേയും കൂട്ടുപിടിച്ച്‌ പമ്പയാറായി രൂപം കൊള്ളുന്നു. ശബരിമലയിലെ പുണ്യസ്ഥാനങ്ങളുടെ തീരങ്ങളിലൂടെയൊഴുകുന്നതിനാല്‍ പമ്പ പുണ്യനദിയായ്‌ അറിയപ്പെടുന്നു.റാന്നിയിലെ വടശ്ശേരിക്കരയില്‍ കല്ലാറുമായി കൂടിച്ചേരുന്ന പമ്പ അവിടെനിന്നും പന്നിയിലേക്കൊഴുകി പന്നിയാറായി അറിയപ്പെടുന്നു. പന്നിയില്‍നിന്നും പടിഞ്ഞാറുദിശയിലൊഴുകി കുറിയന്നൂരിലെത്തിയതിനു ശേഷം തെക്കോട്ടുള്ള ദിശയില്‍ ഞങ്ങളുടെ നാടായ മാരാമണ്ണിനും കോഴഞ്ചേരിക്കും മധ്യേയൊഴുകി നീരേറ്റുപ്പുറത്തുവച്ച്‌ മണിമലയാറ്റില്‍ സംഗമിച്ച്‌ വേമ്പനാട്ടുകായലിലൂടെ അറബിക്കടലില്‍ പതിച്ച്‌ തണ്റ്റെ 176 കി.മി പ്രയാണമവസാനിപ്പിക്കുന്നു.



എല്ലാ കാലങ്ങളിലും ഒരുപോലെ ഇഷ്ടപ്പെടുന്ന പമ്പയുടെ തീരങ്ങളിലാണു ഞങ്ങളുടെ ഒട്ടുമിക്ക നേരമ്പോക്കുകളും. വേനല്‍ക്കാലമായിക്കഴിഞ്ഞാല്‍ കഴുത്തറ്റം മാത്രം വെള്ളമ്മുള്ള പമ്പയില്‍ നീന്തലറിയാത്തവര്‍ക്കും സുഖമായി കുളിക്കാമായിരുന്നു.ഇപ്പോള്‍ മണല്‍വാരല്‍ കുഴികളില്‍പ്പെട്ട്‌ പലര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നു.മണല്‍ വന്നടിയുവാന്‍ വേണ്ടി നദിയില്‍ ക്രിത്രിമമായി തടയിണകളുണ്ടാക്കിയിട്ടുണ്ട്‌. ഞങ്ങളീ തടയിണകളെ 'പുല്‍മുട്ട്‌' എന്നു വിളിക്കും. ഇത്തരം ഒരു പുല്‍മുട്ടിണ്റ്റെ ചരുവിലാണു വേനലുകളില്‍ ഞങ്ങളുടെ സംഗമസ്ഥാനം.ഞങ്ങളുടെ ഈ പുലിമുട്ടിനിരുവശത്തുമായാണു മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറവും ആറന്‍മുള വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ്‌ പോയിണ്റ്റും.



വര്‍ഷത്തിലൊന്നോ രണ്ടോ പ്രാവശ്യം ഞങ്ങള്‍ വെള്ളവലിക്കല്‍ എന്ന മീന്‍പിടുത്ത വിനോദത്തിലേര്‍പ്പെടും. വെള്ളവലിക്കല്‍ എന്ന ഈ പ്രക്രിയക്കു പത്തിരുപതാളുകള്‍ വേണമെന്നതിനാലാണു ഈ മീന്‍പിടുത്ത പ്രെക്രിയ വര്‍ഷത്തില്‍ ഒന്നുരണ്ടായി ചുരുങ്ങുന്നത്‌.സാധാരണ അമ്പലങ്ങളിലും കല്ല്യാണപ്പന്തലിലും മറ്റും കാണാറുള്ളപോലെ മുപ്പതു മുതല്‍ അന്‍പതു മീറ്റര്‍വരെ നീളത്തില്‍ കുരുത്തോല തോരണം ഉണ്ടാക്കിയെടുക്കും. എല്ലാവരും ചേര്‍ന്ന്‌ ഈ തോരണം വെള്ളാമൊഴുക്കിനെതിരായി വെള്ളത്തില്‍ത്താഴ്ത്തി ആറിനു കുറുകെ നീക്കിക്കൊണ്ടുപോകും. ഈ തോരണത്തിനു രണ്ടറ്റത്തും കൈയ്യില്‍ തോര്‍ത്തുമുണ്ടുകൊണ്ടു വലകോരുന്നതുപോലെ മീന്‍ കോരിയെടുക്കും. കുരുത്തോല വെള്ളത്തില്‍ താഴ്ത്തുമ്പോള്‍ അതിണ്റ്റെ നിറം കാരണം മീനുകള്‍ അതില്ലാത്തിടത്തുകൂടെ രക്ഷപ്പെടുവാന്‍ ശ്രമിക്കയും അവയുടെ ആ രക്ഷാസ്ഥാനങ്ങളില്‍ തോര്‍ത്തു വലപോലെ പിടിച്ച്‌ അതിനെ കുടുക്കുകയും ചെയ്യുന്ന ഈ ശൈലിയില്‍ മണിക്കൂറുകള്‍ക്കൊണ്ടു ഇഷ്ടം പോലെ മീന്‍ കിട്ടും.



വേനല്‍ക്കാലമായാല്‍ എല്ലാ നേരവും പമ്പയാറ്റില്‍ത്തന്നെ കുളി. വൈകുന്നേരങ്ങളിലെ ഫുട്ബോള്‍ കളി കഴിഞ്ഞുള്ള കുളിയാണു എറ്റവും രസകരം. സോപ്പിനുവേണ്ടി പിടിവലിയുള്ളതിനാലും കൊണ്ടുവരുന്ന സോപ്പ്‌ അന്നുതന്നെ തീരുമെന്നതിനാലും ലൈഫ്ബോയ്‌ ആയിരുന്നു എല്ലാവര്‍ക്കും പ്രിയങ്കരന്‍.



എല്ലാ കാലവസ്ഥകളിലും വ്യക്തമായ സ്വഭാവത്തോടെ ഒഴുകിയിരുന്ന പമ്പയ്ക്കിന്ന്‌ അശ്ശാസ്ത്രീയ മണല്‍വാരലിലൂടെയും മറ്റും അസ്വാഭാവികത കൈവന്നിരിക്കുന്നു.ദിനംപ്രതി സൌന്ദര്യം നഷ്ടപ്പെടുന്ന പമ്പയ്ക്കുമുന്‍പില്‍ നേര്‍ത്ത രോദനത്തിണ്റ്റെ രണ്ട്‌ വരി...



അന്ന് നീയെനിക്കു നിണ്റ്റെ അടിത്തട്ട്‌ കാണിച്ചുതന്നിരുന്നു
ഇന്ന് നീ നിണ്റ്റെ മുറിവേറ്റ അടിത്തട്ട്‌ അവ്യക്തമായി കാട്ടിത്തരുന്നു

അന്ന് നിണ്റ്റെ അടിത്തട്ടുകള്‍ മണല്‍ത്തരികളാല്‍ വെട്ടിത്തിളങ്ങി
ഇന്ന് നിണ്റ്റെ അടിത്തട്ടുകളില്‍ കറുത്തതരികളാല്‍ ഇരുളുമൂടി

അന്ന് നിണ്റ്റെ മടിത്തട്ടില്‍ ഞങ്ങള്‍ കല്ലിട്ടാം കുഴി കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടില്‍ കല്ലുകള്‍ കാണാതെയാവുന്നു

അന്ന് നിണ്റ്റെ തെളിഞ്ഞ വിരിമാറില്‍ ഞങ്ങള്‍ നീര്‍ങ്ങാം കുഴി കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ അവ്യക്തമായ വിരിമാറിലെ കുഴികളില്‍ കളി ഭയാനകമാവുന്നു

അന്ന് നിണ്റ്റെ മടിത്തട്ടിലൂടെ ഞങ്ങള്‍ നെടുകയും കുറുകയും നീന്തി തുടിച്ചിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടിലെ ആഴമേറിയ കുഴികളില്‍ ഞങ്ങള്‍ പകച്ച്‌ നില്‍ക്കുന്നു

അന്ന് നിണ്റ്റെ തീരങ്ങളിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഞങ്ങള്‍ ഒളിച്ച്‌ കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ ചതുപ്പുനിറഞ്ഞ തീരങ്ങളില്‍ ഞങ്ങളുടെ കാലിടറുന്നു

അന്ന് നിണ്റ്റെ മടിത്തട്ടില്‍ നിന്നും മണല്‍ വാരിയെറിഞ്ഞു ഞങ്ങള്‍ കുറുമ്പുകാട്ടിയിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടില്‍ നിന്നും ചളിവാരിയെറിഞ്ഞ്‌ ഞങ്ങള്‍ വിക്രിതികാട്ടുന്നു

അന്ന് നിണ്റ്റെ വിരിമാറില്‍ ഞങ്ങള്‍ കായ്ഫലങ്ങള്‍ മുളപ്പിച്ചിരുന്നു
ഇന്ന് നീ എപ്പോളൊക്കെയോ നിറഞ്ഞുകവിഞ്ഞതിനെ വിഴുങ്ങിക്കളയുന്നു

അന്ന് നിണ്റ്റെ തീരങ്ങള്‍ ദ്രഡവും നിണ്റ്റെ പാതകള്‍ വ്യക്തവുമായിരുന്നു
ഇന്ന് നീ അവ്യക്തമായ പാതയിലൂടെയൊഴുകി തീരങ്ങളെ കാര്‍ന്നുതിന്നുന്നു

അന്ന് നീ ഞങ്ങള്‍ക്ക്‌ വെളുത്ത സുന്ദരി
ഇന്ന് നീ ഞങ്ങള്‍ക്ക്‌ കറുത്ത അസ്സുന്ദരി..

Saturday, April 29, 2006

കന്നി വിമാന യാത്ര

വര്‍ഷം 1999,മദ്രാസിലെ താംബരം എയര്‍പ്പോര്‍ട്ടിലെ റണ്‍വേ ജോലിയില്‍ പകലന്തിയോളം വെയിലുകൊണ്ട്‌ എങ്ങനേയും പ്രവര്‍ത്തി പരിചയം കിട്ടാനായി ജോലി ചെയ്തിരുന്ന കാലം. എണ്റ്റെ ഗള്‍ഫ്‌ യാത്ര ഉടന്‍ തന്നെ ശരിയാകുമെന്ന വാര്‍ത്തയുമായ്‌ ആ കൊടുംച്ചൂടില്‍ ഒരു കുളിരുപോലെ വീട്ടില്‍നിന്നും ഒരു എഴുത്തുവന്നു.എങ്ങനെ ഈ ജോലിയില്‍നിന്നും രക്ഷപ്പെടുമെന്ന്‌ വിചാരിച്ചിരുന്ന ഞാന്‍ കേട്ടപാതി ആ മാസത്തിലെ ശബളം കിട്ടിയതിനു ശേഷം ഒരു രാജിക്കത്തെഴുതിവച്ച്‌ മദ്രാസില്‍ നിന്നും നാട്ടിലേക്ക്‌ യാത്രയായി.


പ്രതീക്ഷിച്ചപോലെ വിസ വന്നില്ലെങ്കിലും ഒരല്‍പം ഇടവേളയ്ക്കുശേഷം അതു വന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ വെളിയില്‍ നിന്നു മാത്രം അത്രയും നാള്‍ കണ്ടിട്ടുള്ള ഞാന്‍ അകത്തെ സെറ്റപ്പുകണ്ടപ്പൊള്‍..'ഓ ഇതിത്രയേ ഉള്ളോ'.. എന്നു ചിന്തിച്ചുപോയി.


വിമാനത്തിണ്റ്റെ ഉള്ളില്‍ ജനാലക്കല്‍ തന്നെ സീറ്റ്‌ കിട്ടി.സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നതെങ്ങെനെയെന്നു മനസ്സിലാക്കി, സ്പീക്കറില്‍ക്കൂടെ അനൌണ്‍സ്മെണ്റ്റു വന്നപ്പോള്‍ ബെല്‍റ്റ്‌ നല്ല മുറുക്കത്തില്‍ തന്നെ ഇട്ടു. വിമാനം പറന്നുയര്‍ന്നു..എല്ലാവരും ബെല്‍റ്റ്‌ ഊരിയിടുന്നതു കണ്ട്‌ ഞാനും അതൂരുവാന്‍ ശ്രമിച്ചെങ്കിലും മുറുക്കിയിട്ടപ്പോള്‍ എവിടെയോ അതുടക്കിയതിനാല്‍ എണ്റ്റെ ശ്രമം വിഫലമായി.സഹായ രൂപേണെ അടുത്തിരിക്കുന്ന വ്യക്തിയെ നോക്കിയെങ്കിലും അദ്ദേഹം വളരേ ഗൌരവക്കാരനായതിനാല്‍ ഞാന്‍ നിസ്സഹായനായി മാറി.എന്തു ചെയ്യുമെന്നു വ്യാകുലപ്പെട്ടിരിക്കുംബൊളാണു ബെല്‍റ്റ്‌ അങ്ങെനെ തന്നെ ഇടുന്നതാണു സുരക്ഷയ്ക്കു നല്ലതെന്ന കിളിനാദം ഞാന്‍ സ്പീക്കറില്‍ക്കൂടെ കേട്ടത്‌. അങ്ങനെ ഇറങ്ങുമ്പോളൂരാം എന്നു സ്വയം സമാധാനിച്ച്‌ അടുത്തിരിക്കുന്ന ഗൌരവക്കാരനായ വ്യക്തിയെ ഒരിക്കല്‍ക്കൂടെ നോക്കി. ജീന്‍സും ടീ ഷര്‍ട്ടുമിട്ട്‌ കണ്ടാല്‍ ഒരു ഗള്‍ഫുകാരണ്റ്റെ എല്ലാ ലക്ഷണങ്ങളുമായ്‌ ആ ഗൌരവക്കാരന്‍.ഭക്ഷണം ട്രോളിയിലൂടെ ഉരുട്ടിക്കൊണ്ടു വരുന്നതു കണ്ടു.കഴിക്കുവാനുള്ള വ്യഗ്രതയും, എങ്ങെനെ ഇതു കഴിക്കുമെന്ന ചിന്തയും മനസ്സിലുടലെടുത്തു.അടുത്തിരിക്കുന്ന ഗൌരവക്കാരന്‍ എതായാലും ഒരുപാടു വിമാനയാത്രകള്‍ ചെയ്തിട്ടുള്ളതായിരിക്കണം, അവന്‍ ചെയ്യുന്നതുപോലെ എല്ലാം ചെയ്യാമെന്നു മനസ്സുമായി ഒരു ധാരണ ഉണ്ടാക്കിയപ്പോള്‍ മനസ്സടങ്ങി. അടുത്തിരിക്കുന്നവന്‍ ചെയ്തതു പോലെ ഭക്ഷണം മുന്‍പിലത്തെ സീറ്റിണ്റ്റെ പുറകിലെ തട്ടകം തുറന്ന്‌ അതില്‍ വച്ചു. ഭക്ഷണപ്പൊതി തുറന്നപ്പോള്‍ നല്ല ഇടിയപ്പവും മുട്ടക്കറിയും.കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സാര്‍ കോഫി ഓര്‍ ടീ എന്നു എയര്‍ ഹോസ്റ്റസ്‌ ചോദിച്ചപ്പോള്‍ കോഫി എന്നു മറുപടി കൊടുത്തു. ഗ്ളാസിലേക്ക്‌ ആ സ്ത്രീ കട്ടന്‍ കാപ്പി പകര്‍ന്നു.പാലില്ലാത്ത കാപ്പി ഒരു കവിള്‍ നുകര്‍ന്നപ്പോള്‍ അതിനു മധുരമില്ലെന്ന്‌ മനസ്സിലായി. അടുത്തിരുന്ന ഗൌരവക്കാരനെ നോക്കി. അദ്ദേഹം ഭക്ഷണം വെട്ടി വിഴുങ്ങുന്നു.വിമാനത്തിലെ കാപ്പി മധുരമില്ലാത്തതായിരിക്കാം എന്ന ധാരണയില്‍ ആ കയ്പ്പുനീരു ഞാന്‍ കുടിച്ചിറക്കി.അല്‍പം സമയം പുറത്തേക്ക്‌ നോക്കി മേഘങ്ങളുടെ വര്‍ണ്ണാഭമായ കാഴ്ച്ച കണ്ടിരുന്നു.അടുത്തിരുന്നവന്‍ ഭക്ഷണമെല്ലാം കഴിച്ചതിനു ശേഷം തണ്റ്റെ കാപ്പി ഗ്ളാസിലോട്ട്‌ പായ്ക്കറ്റിലുണ്ടായിരുന്ന പാല്‍പ്പൊടിയും പഞ്ചസാരയും പൊട്ടിച്ചിട്ടു കാപ്പി കുടിക്കുന്നതു കണ്ടപ്പൊല്‍ എനിക്കു പറ്റിയ അബദ്ധം മനസ്സിലായി.ഭക്ഷണം കഴിച്ചതിണ്റ്റെ ബാക്കി എയര്‍ ഹോസ്റ്റസ്സ്‌ വന്ന്‌ എടുത്തുകൊണ്ടു പോയി.എല്ലാവരെയും പോലെ കഴിക്കുവാനുള്ള തട്ടകം അടച്ചതിനു ശേഷം ഞാനും ഉറങ്ങുവാന്‍ സീറ്റിലേക്കു ചാഞ്ഞു. മുന്‍പിലുള്ള സീറ്റ്‌ പുറകിലേക്ക്‌ വന്നപ്പോള്‍ സീറ്റ്‌ പുറകിലേക്കാക്കാമെന്ന്‌ മനസ്സിലായി. എങ്ങെനെ സീറ്റ്‌ ചരിക്കാം എന്ന ചിന്തയില്‍ ഞാന്‍ അടുത്തിരിക്കുന്ന ഗൌരവക്കാരനെ നോക്കി.അദ്ദേഹം മസ്സിലുപിടിച്ചിരുന്ന്‌ ടിവി കാണുന്നു.നീ പോടാ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ കൈ വയ്ക്കുന്നിടത്തെ ബട്ടണില്‍ അമര്‍ത്തി. ചക്ക്‌..എന്ന ശബ്ദതോടെ അടുത്തിരിക്കുന്ന ഗൌരവക്കാരണ്റ്റെ സീറ്റ്‌ പുറകിലേക്കു ചരിഞ്ഞു.ചരിഞ്ഞു കിടക്കുന്ന ഗൌരവക്കാരന്‍ അടി പൊട്ടിക്കുന്നതിനു മുന്‍പു ഞാന്‍ സോറി പറഞ്ഞ്‌ സീറ്റ്‌ പൂര്‍വ്വസ്തിഥിയിലേക്ക്‌ കൊണ്ടുവരാനായി വിരലമര്‍ത്തനാന്‍ കൈ നീട്ടിയപ്പൊള്‍ ആ ഗൌരവക്കാരന്‍ എണ്റ്റെ കൈയ്യില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു വേണ്ട ഇങ്ങനെ ഇരിക്കുവാനായി ഞാനും ട്രൈ ചെയ്യുകായിരുനെന്നു. ഞാന്‍ സാകൂതം അയാളെ നോക്കിയപ്പൊള്‍ അയാള്‍ ക്രിത്രിമമായി എന്നെ ചിരിച്ചു കാണിച്ചു. എണ്റ്റെ വലത്തു ഭാഗത്തുള്ള ബട്ടണില്‍ വിരലമര്‍ത്തി എണ്റ്റെ സീറ്റും ചരിച്ചിട്ടതിനുശേഷം ഞാന്‍ അദ്ദേഹത്തെ നോക്കി താങ്കളുടെ ആദ്യ വിമാന യാത്രയാണോയെന്നു ചോദിച്ചു. അതെ എന്നു മറുപടിക്കു ശേഷം ഞങ്ങല്‍ തമ്മില്‍ സംസാരിച്ചു തുടങ്ങി.


രണ്ട്‌ കന്നി യാത്രക്കാരുടെ മനസ്സു തമ്മില്‍ വേഗമടുത്തു കഴിഞ്ഞപ്പൊള്‍ ഗൌരവക്കാരന്‍ വെറും ശുദ്ധനാണെന്നു തോന്നി.സീറ്റ്‌ ബെല്‍റ്റിണ്റ്റെ മുറുക്കം കാരണം എണ്റ്റെ ഇരുപ്പു അത്ര സുഖകരമല്ലായിരുന്നെങ്കിലും സംസാരിച്ചിരുന്നു ഞങ്ങളിരുവരും എപ്പോളോ ഉറങ്ങിപ്പോയി.ദുബായില്‍ വിമാനമിറങ്ങാറായി എന്ന അനൌണ്‍സ്മെണ്റ്റു കേട്ടപ്പോള്‍ ഉറക്കമുണര്‍ന്ന്‌ ഇറങ്ങാന്‍ തയ്യാറെടുത്തു.വിമാനം താഴ്‌ന്നു പറന്നപ്പൊള്‍ നിയോണ്‍ ലൈറ്റുകളുടെ പ്രഭയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദുബായിയുടെ കാഴ്ച കണ്ണുകളെ പുളകമണിയിച്ചു. സീറ്റ്‌ ബെല്‍റ്റുകാരണം എല്ലാവരുമിറങ്ങിയിട്ടു ഞാനിറങ്ങാമെന്നു കരുതി. അടുത്തിരുന്ന ഗൌരവക്കാരന്‍ യാത്ര പറഞ്ഞിറങ്ങി. എയര്‍ ഹോസ്റ്റെസ്സിണ്റ്റെ സഹായത്തോടെ സീറ്റ്‌ ബെല്‍റ്റിണ്റ്റെ ബന്ധനത്തില്‍ നിന്നും ഞാന്‍ മോചിതനായി.


രാത്രിയായതിനാലും സഹയാത്രികരെല്ലം മുന്‍പേ പോയതിനാലും എയര്‍പ്പോര്‍ട്ട്‌ വിജനമായി കാണപ്പെട്ടു.പാസ്സ്പ്പോര്‍ട്ടിലേ മുദ്രവയ്ക്കലെല്ലാം കഴിഞ്ഞതിനു ശേഷം ഞാന്‍ ലഗ്ഗേജ്‌ എടുക്കുവാനായി നീങ്ങി. കണ്‍വേയര്‍ ബെല്‍റ്റില്‍ നിന്നും ബാഗു തൂക്കിയെടുത്തു നടക്കുവാനൊരുംബെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ വന്നു പറഞ്ഞു സാധനം ട്രോളിയില്‍ വച്ച്‌ കൊണ്ടു പോകാന്‍.അവശേഷിച്ചിരുന്ന ഒരേയൊരു ട്രോളിയില്‍ സാധനം എടുത്തു വച്ച്‌ നീക്കാന്‍ ശ്രമിച്ചപ്പോള്‍ അതനങ്ങുന്നില്ല. ട്രോളിയില്‍ സാധനം വയ്ക്കാ പറഞ്ഞവനെ ഞനൊന്നു ക്രുദ്ധിച്ചു നോക്കി. അവന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പൊള്‍ ഞാന്‍ കോപാകുലനായി എന്നെ വടിയാക്കിയിട്ടു നിന്നു ചിരിക്കുന്നോടാ എന്ന ഭാവേന ഞാനവണ്റ്റെ അടുത്തേക്ക്‌ നീങ്ങി. നീ എനിക്കു ചീത്തയായ ട്രോളി കാണിച്ചിട്ട്‌ കൊണ്ടുപോകന്‍ പറഞ്ഞെന്നെ പൊട്ടനാക്കുകയാണോ എന്നു ഞാന്‍ ചോദിച്ചു. ചിരിച്ചുകൊണ്ടു ആ ട്രോളിയുടെ ഹാന്‍ഡില്‍ താഴ്ത്തിയാലേ അതു നീങ്ങൂ എന്നയാള്‍ പറഞ്ഞു തന്നു.ഇളിഭ്യനായി ഒരു ശുക്രിയാ പറഞ്ഞ്‌ ഞാന്‍ സാധനവുമായി പുറത്തേക്ക്‌ നീങ്ങി.ചില്ലുകള്‍ക്കപ്പുറത്ത്‌ നിന്നുകൊണ്ടു സുഹ്രുത്തുക്കള്‍ കൈ വീശി കാണിച്ചപ്പോള്‍ എനിക്കു സമാധാനമായി. എല്ലാ ദിശയിലും ചില്ലുകള്‍ മാത്രമുള്ള അവിടെ പുറത്തേക്കുള്ള വഴി പരതി ഞാന്‍ നടന്നു. വരുന്നതു വരട്ടെ എന്നു കരുതി എക്സിറ്റ്‌ എന്നെഴുതിവച്ചിരിക്കുന്ന ദിശയിലേക്ക്‌ ഞാന്‍ നടന്നു. ബോര്‍ഡിണ്റ്റെ അടുത്തെത്തിയപ്പോളാണു അതു സെന്‍സര്‍ കൊണ്ടു തനിയെ തുറക്കുന്ന ചില്ലു വാതായനങ്ങളാണെന്നു മനസ്സിലായത്‌.


പുറത്തിറങ്ങാന്‍ നേരിട്ട വിഷമങ്ങളാല്‍ അല്‍പം പരിഭ്രമം കലര്‍ന്ന മനസ്സോടെ കാത്തു നിന്നവരോടു കൂടെ സോഡിയം വേപ്പര്‍ ലൈറ്റുകളുടെ നീണ്ട നിരകളുള്ള നിരത്തിലൂടെ മറ്റൊരു പ്രവാസിയെക്കൂടെ കൈക്കലാക്കിയ മരുഭൂമിയുടെ വിരിമാറിലെ എതോ ദിശയിലേക്ക്‌ ആ കാറില്‍ ഞാന്‍ കുതിച്ചു പാഞ്ഞു..

Saturday, April 15, 2006

ജാലകങ്ങള്‍ .... (വിന്‍ഡോസ്‌)

ജാലകത്തിലൂടെ ഒരു ശലഭം പറന്നുവന്ന്‌ എണ്റ്റെ ചിന്തകളെ അലോസരപ്പെടുത്തി. എണ്റ്റെ ചിന്തകള്‍ക്ക്‌ വിഘ്നം വരുത്തുവാന്‍ സ്രിഷ്ടി അതിനെ അയച്ചിരിക്കുന്നു. ഞാന്‍ ആദ്യം അതിനെ കൊല്ലുവാനൊരുംബെട്ടെങ്കിലും പെട്ടെന്നുണ്ടായ എണ്റ്റെ മനം മാറ്റത്തില്‍ അതിനെ കടന്നുവന്ന ജാലകത്തിലൂടെത്തന്നെ ആട്ടിയൊടിച്ച്‌ ജാലകപാളികള്‍ വലിച്ചടക്കുന്നതിനിടയില്‍ അത്‌ തിരിച്ചുവന്ന്‌ പാളികള്‍ക്കിടയില്‍ ഞരിഞ്ഞമര്‍ന്നു. രക്ഷിക്കാനാഗ്രഹിച്ച ആ പ്രാണനെ ജാലകമെന്ന ആരാച്ചാര്‍ കീഴടക്കി.



ജാലകങ്ങല്‍ ഇന്നു ലോകത്തിണ്റ്റെ തന്നെ വാതായനങ്ങളാണു. നൈര്യാശ്യമാര്‍ന്ന രാത്രികളില്‍ ഈ ജനാലകളിലൂടെ വന്ന നിലാവില്‍ എത്രയൊ നിരാശകള്‍ പ്രത്യാശകള്‍ക്കിടം നല്‍കി. കമ്പ്യൂട്ടറിലും ജാലകങ്ങളുടെ അതിപ്രസരമാണു. ഒരു ജാലകം തുറന്നു മറ്റൊന്നിലേക്കും, പിന്നീടവിടുന്നു മറ്റൊരിടത്തേക്കും.അതികായകനായ വ്യക്തിയോടും അദ്ദേഹത്തിണ്റ്റെ ലോകോത്തര നിലവാരമുള്ള കണ്ടുപിടുത്തത്തോടും ജാലകത്തിനു വളരേയധികം കടപ്പാട്‌. ജാലകത്തിലൂടെ ലോകം പിടിച്ചടക്കിയ ആ കമ്പ്യൂട്ടര്‍ അധികായകന്‍ എപ്പോഴെങ്കിലും തണ്റ്റെ വീടിണ്റ്റെ ജാലകത്തിലൂടെ മാനം നോക്കിയിരുന്നു തണ്റ്റെ നേട്ടങ്ങളെകുറിച്ച്‌ അയവിറക്കിയിട്ടുണ്ടാവും.അദ്ദേഹം ഈ ജനാലകള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിണ്റ്റെ ഗതി മറ്റൊരു ദിശയിലായിരുന്നിരിക്കാം.



കവുംങ്ങോടത്തെ ഗോപാലനാശാരി ജനാലയുടെ ഉരുപ്പടികള്‍ ചിന്തേരിടുമ്പോള്‍ ലോക ഗതിതന്നെ നിയന്ത്രിക്കാവുന്ന യന്ത്രത്തിനെയാണു താന്‍ സ്രിഷ്ടിക്കുന്നതെന്നു ചിന്തിച്ചിരുന്നിരിക്കില്ല. പകരം അദ്ദേഹം എപ്പൊളത്തെയും പോലെ അടുത്തുകൂടി ഇഴഞ്ഞു നീങ്ങുന്ന ഉറുംബുകളുടെ പ്രഷ്ടത്തില്‍ ഉളിമുട്ടിച്ച്‌ അതിണ്റ്റെ പിടച്ചിലുകണ്ടു രസിച്ചുകൊണ്ടിരുന്നു.



പൊതു ഗതാഗതവാഹനമായ ശകടത്തിലും പുതുമ കൈവരിക്കാനായി സ്പടികജാലകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കല്ലേറിണ്റ്റെ പ്രഹരത്തില്‍ വ്യക്തമായ ശബ്ദത്തോടെ തങ്ങളുടെ സമരത്തിനു ഒട്ടേറെ പിന്തുണ തന്നിരുന്ന സ്പടികജനാലകളെ രാഷ്ട്രീയക്കാരും സമരമുന്നണികളും ഒരുപാടു പ്രേമിച്ചിരിക്കണം. പ്രബുദ്ധരായ ജനങ്ങള്‍ മന്ദമാരുതന്‍ ഉള്ളില്‍ യദ്ദേഷ്ടം കയറിയിറങ്ങുന്നതിനു സ്പടികങ്ങള്‍ വിഘ്നം വരുത്തുന്നു എന്നു കണ്ടെത്തിയതൊടെ പഴയരീതിയില്ലുള്ള തുറന്ന ജാലകങ്ങല്‍ തിരിച്ചുവന്നു. കേരളത്തിലെ ബസ്സുകളുടെ തുറന്ന ജാലകങ്ങള്‍ ചെന്നൈപട്ടണനിരത്തിലോടുംബോള്‍ ,തണ്റ്റെ കന്നിയാത്രയില്‍ മൂക്കത്തു വിരലമര്‍ത്തി പാവം നംബൂതിരി സഹയാത്രികനോടു ആരാഞ്ഞു, ഇവിടെയുള്ളവര്‍ വെളിക്കിരിക്കുനതു പൊതു നിരത്തിലാണോയെന്ന്‌?. ഇവിടുത്തെ മനുഷ്യര്‍ക്കു ഇതാണു ശീലം, കൂടെ വെളുപ്പിനെയുള്ള യാത്രയില്‍ ഒരുപാടു കറുത്ത പ്രഷ്ടങ്ങളും കാണാമല്ലൊ എന്നു മറുപടി.ഇണ്റ്റര്‍ സ്റ്റേറ്റ്‌ വണ്ടികളില്‍ ഇപ്പോളും സ്പടികജാലകങ്ങള്‍ തുടരുന്നതിനൊരുകാരണവും ഇതായിരിക്കാം. ഏങ്കിലും സമരക്കാരുടെ തീഗോളം തുറന്ന ജാലകത്തിലൂടെ ദാനമായി ലഭിച്ച സ്ത്രീ ഒരു ദീര്‍ഗ്ഗനിശ്വാസം വിട്ടിരുന്നിരിക്കണം.



നീലനിറത്തിനു ആധിക്ക്യമുള്ള ഈ കമ്പ്യൂട്ടര്‍ ജനാലകള്‍ എന്നും എത്രെയൊ ദേശങ്ങളില്‍ തുറക്കുകയും അടക്കപ്പെടുകയും ചെയ്യുന്നു. ആരും വെറുക്കാത്ത എല്ലാവരും സ്നേഹിച്ചുപോയ ജാലകമെന്ന ഈ ഞാന്‍ സ്നേഹത്താല്‍ വീര്‍പ്പുമുട്ടി അല്‍പമൊക്കെ അഹങ്കാരം കാണിക്കുന്നതായി നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഈ ഭൂലോഗത്തില്‍ എല്ലായ്പ്പോഴും എല്ലാ നിമിഷങ്ങളിലും നിങ്ങള്‍ക്ക്‌ ഞാന്‍ ആവശ്യമായി വരുന്നതുകൊണ്ടാവാം..