Thursday, May 04, 2006

പമ്പാനദിയുടെത്തീരങ്ങളില്‍...

കേരളത്തിലെ നദികളില്‍ നീളത്തിണ്റ്റെ കാര്യത്തില്‍ മൂന്നാംസ്ഥാനമുള്ള പമ്പാനദിയുടെ തീരത്താണു ഞങ്ങളുടെ നാട്‌. പീരുമേട്ടിലെ പുളിച്ചിമല, സുന്ദരമല, നാഗമല എന്നീ മലകളില്‍ നിന്നുമുത്ഭവിക്കുന്ന പമ്പാ നദി അതിണ്റ്റെ പ്രയാണത്തില്‍ കക്കിയാറിനേയും, മരുദയാറിനേയും, കക്കാടാറിനേയും, കല്ലടയാറിനേയും കൂട്ടുപിടിച്ച്‌ പമ്പയാറായി രൂപം കൊള്ളുന്നു. ശബരിമലയിലെ പുണ്യസ്ഥാനങ്ങളുടെ തീരങ്ങളിലൂടെയൊഴുകുന്നതിനാല്‍ പമ്പ പുണ്യനദിയായ്‌ അറിയപ്പെടുന്നു.റാന്നിയിലെ വടശ്ശേരിക്കരയില്‍ കല്ലാറുമായി കൂടിച്ചേരുന്ന പമ്പ അവിടെനിന്നും പന്നിയിലേക്കൊഴുകി പന്നിയാറായി അറിയപ്പെടുന്നു. പന്നിയില്‍നിന്നും പടിഞ്ഞാറുദിശയിലൊഴുകി കുറിയന്നൂരിലെത്തിയതിനു ശേഷം തെക്കോട്ടുള്ള ദിശയില്‍ ഞങ്ങളുടെ നാടായ മാരാമണ്ണിനും കോഴഞ്ചേരിക്കും മധ്യേയൊഴുകി നീരേറ്റുപ്പുറത്തുവച്ച്‌ മണിമലയാറ്റില്‍ സംഗമിച്ച്‌ വേമ്പനാട്ടുകായലിലൂടെ അറബിക്കടലില്‍ പതിച്ച്‌ തണ്റ്റെ 176 കി.മി പ്രയാണമവസാനിപ്പിക്കുന്നു.എല്ലാ കാലങ്ങളിലും ഒരുപോലെ ഇഷ്ടപ്പെടുന്ന പമ്പയുടെ തീരങ്ങളിലാണു ഞങ്ങളുടെ ഒട്ടുമിക്ക നേരമ്പോക്കുകളും. വേനല്‍ക്കാലമായിക്കഴിഞ്ഞാല്‍ കഴുത്തറ്റം മാത്രം വെള്ളമ്മുള്ള പമ്പയില്‍ നീന്തലറിയാത്തവര്‍ക്കും സുഖമായി കുളിക്കാമായിരുന്നു.ഇപ്പോള്‍ മണല്‍വാരല്‍ കുഴികളില്‍പ്പെട്ട്‌ പലര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നു.മണല്‍ വന്നടിയുവാന്‍ വേണ്ടി നദിയില്‍ ക്രിത്രിമമായി തടയിണകളുണ്ടാക്കിയിട്ടുണ്ട്‌. ഞങ്ങളീ തടയിണകളെ 'പുല്‍മുട്ട്‌' എന്നു വിളിക്കും. ഇത്തരം ഒരു പുല്‍മുട്ടിണ്റ്റെ ചരുവിലാണു വേനലുകളില്‍ ഞങ്ങളുടെ സംഗമസ്ഥാനം.ഞങ്ങളുടെ ഈ പുലിമുട്ടിനിരുവശത്തുമായാണു മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറവും ആറന്‍മുള വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ്‌ പോയിണ്റ്റും.വര്‍ഷത്തിലൊന്നോ രണ്ടോ പ്രാവശ്യം ഞങ്ങള്‍ വെള്ളവലിക്കല്‍ എന്ന മീന്‍പിടുത്ത വിനോദത്തിലേര്‍പ്പെടും. വെള്ളവലിക്കല്‍ എന്ന ഈ പ്രക്രിയക്കു പത്തിരുപതാളുകള്‍ വേണമെന്നതിനാലാണു ഈ മീന്‍പിടുത്ത പ്രെക്രിയ വര്‍ഷത്തില്‍ ഒന്നുരണ്ടായി ചുരുങ്ങുന്നത്‌.സാധാരണ അമ്പലങ്ങളിലും കല്ല്യാണപ്പന്തലിലും മറ്റും കാണാറുള്ളപോലെ മുപ്പതു മുതല്‍ അന്‍പതു മീറ്റര്‍വരെ നീളത്തില്‍ കുരുത്തോല തോരണം ഉണ്ടാക്കിയെടുക്കും. എല്ലാവരും ചേര്‍ന്ന്‌ ഈ തോരണം വെള്ളാമൊഴുക്കിനെതിരായി വെള്ളത്തില്‍ത്താഴ്ത്തി ആറിനു കുറുകെ നീക്കിക്കൊണ്ടുപോകും. ഈ തോരണത്തിനു രണ്ടറ്റത്തും കൈയ്യില്‍ തോര്‍ത്തുമുണ്ടുകൊണ്ടു വലകോരുന്നതുപോലെ മീന്‍ കോരിയെടുക്കും. കുരുത്തോല വെള്ളത്തില്‍ താഴ്ത്തുമ്പോള്‍ അതിണ്റ്റെ നിറം കാരണം മീനുകള്‍ അതില്ലാത്തിടത്തുകൂടെ രക്ഷപ്പെടുവാന്‍ ശ്രമിക്കയും അവയുടെ ആ രക്ഷാസ്ഥാനങ്ങളില്‍ തോര്‍ത്തു വലപോലെ പിടിച്ച്‌ അതിനെ കുടുക്കുകയും ചെയ്യുന്ന ഈ ശൈലിയില്‍ മണിക്കൂറുകള്‍ക്കൊണ്ടു ഇഷ്ടം പോലെ മീന്‍ കിട്ടും.വേനല്‍ക്കാലമായാല്‍ എല്ലാ നേരവും പമ്പയാറ്റില്‍ത്തന്നെ കുളി. വൈകുന്നേരങ്ങളിലെ ഫുട്ബോള്‍ കളി കഴിഞ്ഞുള്ള കുളിയാണു എറ്റവും രസകരം. സോപ്പിനുവേണ്ടി പിടിവലിയുള്ളതിനാലും കൊണ്ടുവരുന്ന സോപ്പ്‌ അന്നുതന്നെ തീരുമെന്നതിനാലും ലൈഫ്ബോയ്‌ ആയിരുന്നു എല്ലാവര്‍ക്കും പ്രിയങ്കരന്‍.എല്ലാ കാലവസ്ഥകളിലും വ്യക്തമായ സ്വഭാവത്തോടെ ഒഴുകിയിരുന്ന പമ്പയ്ക്കിന്ന്‌ അശ്ശാസ്ത്രീയ മണല്‍വാരലിലൂടെയും മറ്റും അസ്വാഭാവികത കൈവന്നിരിക്കുന്നു.ദിനംപ്രതി സൌന്ദര്യം നഷ്ടപ്പെടുന്ന പമ്പയ്ക്കുമുന്‍പില്‍ നേര്‍ത്ത രോദനത്തിണ്റ്റെ രണ്ട്‌ വരി...അന്ന് നീയെനിക്കു നിണ്റ്റെ അടിത്തട്ട്‌ കാണിച്ചുതന്നിരുന്നു
ഇന്ന് നീ നിണ്റ്റെ മുറിവേറ്റ അടിത്തട്ട്‌ അവ്യക്തമായി കാട്ടിത്തരുന്നു

അന്ന് നിണ്റ്റെ അടിത്തട്ടുകള്‍ മണല്‍ത്തരികളാല്‍ വെട്ടിത്തിളങ്ങി
ഇന്ന് നിണ്റ്റെ അടിത്തട്ടുകളില്‍ കറുത്തതരികളാല്‍ ഇരുളുമൂടി

അന്ന് നിണ്റ്റെ മടിത്തട്ടില്‍ ഞങ്ങള്‍ കല്ലിട്ടാം കുഴി കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടില്‍ കല്ലുകള്‍ കാണാതെയാവുന്നു

അന്ന് നിണ്റ്റെ തെളിഞ്ഞ വിരിമാറില്‍ ഞങ്ങള്‍ നീര്‍ങ്ങാം കുഴി കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ അവ്യക്തമായ വിരിമാറിലെ കുഴികളില്‍ കളി ഭയാനകമാവുന്നു

അന്ന് നിണ്റ്റെ മടിത്തട്ടിലൂടെ ഞങ്ങള്‍ നെടുകയും കുറുകയും നീന്തി തുടിച്ചിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടിലെ ആഴമേറിയ കുഴികളില്‍ ഞങ്ങള്‍ പകച്ച്‌ നില്‍ക്കുന്നു

അന്ന് നിണ്റ്റെ തീരങ്ങളിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഞങ്ങള്‍ ഒളിച്ച്‌ കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ ചതുപ്പുനിറഞ്ഞ തീരങ്ങളില്‍ ഞങ്ങളുടെ കാലിടറുന്നു

അന്ന് നിണ്റ്റെ മടിത്തട്ടില്‍ നിന്നും മണല്‍ വാരിയെറിഞ്ഞു ഞങ്ങള്‍ കുറുമ്പുകാട്ടിയിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടില്‍ നിന്നും ചളിവാരിയെറിഞ്ഞ്‌ ഞങ്ങള്‍ വിക്രിതികാട്ടുന്നു

അന്ന് നിണ്റ്റെ വിരിമാറില്‍ ഞങ്ങള്‍ കായ്ഫലങ്ങള്‍ മുളപ്പിച്ചിരുന്നു
ഇന്ന് നീ എപ്പോളൊക്കെയോ നിറഞ്ഞുകവിഞ്ഞതിനെ വിഴുങ്ങിക്കളയുന്നു

അന്ന് നിണ്റ്റെ തീരങ്ങള്‍ ദ്രഡവും നിണ്റ്റെ പാതകള്‍ വ്യക്തവുമായിരുന്നു
ഇന്ന് നീ അവ്യക്തമായ പാതയിലൂടെയൊഴുകി തീരങ്ങളെ കാര്‍ന്നുതിന്നുന്നു

അന്ന് നീ ഞങ്ങള്‍ക്ക്‌ വെളുത്ത സുന്ദരി
ഇന്ന് നീ ഞങ്ങള്‍ക്ക്‌ കറുത്ത അസ്സുന്ദരി..

2 comments:

Anonymous said...

നന്ദി സുഹൃത്തേ,
പമ്പാ നദിയെ ഓര്‍മ്മിച്ചതിന്. എന്റെ ഒരു തുള്ളി കണ്ണീര്‍ നദിയോടു ചേര്‍ന്നു. മനസ്സില്‍ മൂകവേദനയായി പമ്പ ഒഴുകുന്നു.

വര്‍ണ്ണമേഘങ്ങള്‍ said...

പമ്പയാറിന്റെ പുണ്യവും, പുളകവും എല്ലാം പൊയ്പ്പോയല്ലോ..
മണലിനൊപ്പം അതും വാരിക്കൊണ്ട്‌ പോയോ നെറികെട്ടവന്മാര്‍..?