Saturday, April 29, 2006

കന്നി വിമാന യാത്ര

വര്‍ഷം 1999,മദ്രാസിലെ താംബരം എയര്‍പ്പോര്‍ട്ടിലെ റണ്‍വേ ജോലിയില്‍ പകലന്തിയോളം വെയിലുകൊണ്ട്‌ എങ്ങനേയും പ്രവര്‍ത്തി പരിചയം കിട്ടാനായി ജോലി ചെയ്തിരുന്ന കാലം. എണ്റ്റെ ഗള്‍ഫ്‌ യാത്ര ഉടന്‍ തന്നെ ശരിയാകുമെന്ന വാര്‍ത്തയുമായ്‌ ആ കൊടുംച്ചൂടില്‍ ഒരു കുളിരുപോലെ വീട്ടില്‍നിന്നും ഒരു എഴുത്തുവന്നു.എങ്ങനെ ഈ ജോലിയില്‍നിന്നും രക്ഷപ്പെടുമെന്ന്‌ വിചാരിച്ചിരുന്ന ഞാന്‍ കേട്ടപാതി ആ മാസത്തിലെ ശബളം കിട്ടിയതിനു ശേഷം ഒരു രാജിക്കത്തെഴുതിവച്ച്‌ മദ്രാസില്‍ നിന്നും നാട്ടിലേക്ക്‌ യാത്രയായി.


പ്രതീക്ഷിച്ചപോലെ വിസ വന്നില്ലെങ്കിലും ഒരല്‍പം ഇടവേളയ്ക്കുശേഷം അതു വന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ വെളിയില്‍ നിന്നു മാത്രം അത്രയും നാള്‍ കണ്ടിട്ടുള്ള ഞാന്‍ അകത്തെ സെറ്റപ്പുകണ്ടപ്പൊള്‍..'ഓ ഇതിത്രയേ ഉള്ളോ'.. എന്നു ചിന്തിച്ചുപോയി.


വിമാനത്തിണ്റ്റെ ഉള്ളില്‍ ജനാലക്കല്‍ തന്നെ സീറ്റ്‌ കിട്ടി.സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നതെങ്ങെനെയെന്നു മനസ്സിലാക്കി, സ്പീക്കറില്‍ക്കൂടെ അനൌണ്‍സ്മെണ്റ്റു വന്നപ്പോള്‍ ബെല്‍റ്റ്‌ നല്ല മുറുക്കത്തില്‍ തന്നെ ഇട്ടു. വിമാനം പറന്നുയര്‍ന്നു..എല്ലാവരും ബെല്‍റ്റ്‌ ഊരിയിടുന്നതു കണ്ട്‌ ഞാനും അതൂരുവാന്‍ ശ്രമിച്ചെങ്കിലും മുറുക്കിയിട്ടപ്പോള്‍ എവിടെയോ അതുടക്കിയതിനാല്‍ എണ്റ്റെ ശ്രമം വിഫലമായി.സഹായ രൂപേണെ അടുത്തിരിക്കുന്ന വ്യക്തിയെ നോക്കിയെങ്കിലും അദ്ദേഹം വളരേ ഗൌരവക്കാരനായതിനാല്‍ ഞാന്‍ നിസ്സഹായനായി മാറി.എന്തു ചെയ്യുമെന്നു വ്യാകുലപ്പെട്ടിരിക്കുംബൊളാണു ബെല്‍റ്റ്‌ അങ്ങെനെ തന്നെ ഇടുന്നതാണു സുരക്ഷയ്ക്കു നല്ലതെന്ന കിളിനാദം ഞാന്‍ സ്പീക്കറില്‍ക്കൂടെ കേട്ടത്‌. അങ്ങനെ ഇറങ്ങുമ്പോളൂരാം എന്നു സ്വയം സമാധാനിച്ച്‌ അടുത്തിരിക്കുന്ന ഗൌരവക്കാരനായ വ്യക്തിയെ ഒരിക്കല്‍ക്കൂടെ നോക്കി. ജീന്‍സും ടീ ഷര്‍ട്ടുമിട്ട്‌ കണ്ടാല്‍ ഒരു ഗള്‍ഫുകാരണ്റ്റെ എല്ലാ ലക്ഷണങ്ങളുമായ്‌ ആ ഗൌരവക്കാരന്‍.ഭക്ഷണം ട്രോളിയിലൂടെ ഉരുട്ടിക്കൊണ്ടു വരുന്നതു കണ്ടു.കഴിക്കുവാനുള്ള വ്യഗ്രതയും, എങ്ങെനെ ഇതു കഴിക്കുമെന്ന ചിന്തയും മനസ്സിലുടലെടുത്തു.അടുത്തിരിക്കുന്ന ഗൌരവക്കാരന്‍ എതായാലും ഒരുപാടു വിമാനയാത്രകള്‍ ചെയ്തിട്ടുള്ളതായിരിക്കണം, അവന്‍ ചെയ്യുന്നതുപോലെ എല്ലാം ചെയ്യാമെന്നു മനസ്സുമായി ഒരു ധാരണ ഉണ്ടാക്കിയപ്പോള്‍ മനസ്സടങ്ങി. അടുത്തിരിക്കുന്നവന്‍ ചെയ്തതു പോലെ ഭക്ഷണം മുന്‍പിലത്തെ സീറ്റിണ്റ്റെ പുറകിലെ തട്ടകം തുറന്ന്‌ അതില്‍ വച്ചു. ഭക്ഷണപ്പൊതി തുറന്നപ്പോള്‍ നല്ല ഇടിയപ്പവും മുട്ടക്കറിയും.കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സാര്‍ കോഫി ഓര്‍ ടീ എന്നു എയര്‍ ഹോസ്റ്റസ്‌ ചോദിച്ചപ്പോള്‍ കോഫി എന്നു മറുപടി കൊടുത്തു. ഗ്ളാസിലേക്ക്‌ ആ സ്ത്രീ കട്ടന്‍ കാപ്പി പകര്‍ന്നു.പാലില്ലാത്ത കാപ്പി ഒരു കവിള്‍ നുകര്‍ന്നപ്പോള്‍ അതിനു മധുരമില്ലെന്ന്‌ മനസ്സിലായി. അടുത്തിരുന്ന ഗൌരവക്കാരനെ നോക്കി. അദ്ദേഹം ഭക്ഷണം വെട്ടി വിഴുങ്ങുന്നു.വിമാനത്തിലെ കാപ്പി മധുരമില്ലാത്തതായിരിക്കാം എന്ന ധാരണയില്‍ ആ കയ്പ്പുനീരു ഞാന്‍ കുടിച്ചിറക്കി.അല്‍പം സമയം പുറത്തേക്ക്‌ നോക്കി മേഘങ്ങളുടെ വര്‍ണ്ണാഭമായ കാഴ്ച്ച കണ്ടിരുന്നു.അടുത്തിരുന്നവന്‍ ഭക്ഷണമെല്ലാം കഴിച്ചതിനു ശേഷം തണ്റ്റെ കാപ്പി ഗ്ളാസിലോട്ട്‌ പായ്ക്കറ്റിലുണ്ടായിരുന്ന പാല്‍പ്പൊടിയും പഞ്ചസാരയും പൊട്ടിച്ചിട്ടു കാപ്പി കുടിക്കുന്നതു കണ്ടപ്പൊല്‍ എനിക്കു പറ്റിയ അബദ്ധം മനസ്സിലായി.ഭക്ഷണം കഴിച്ചതിണ്റ്റെ ബാക്കി എയര്‍ ഹോസ്റ്റസ്സ്‌ വന്ന്‌ എടുത്തുകൊണ്ടു പോയി.എല്ലാവരെയും പോലെ കഴിക്കുവാനുള്ള തട്ടകം അടച്ചതിനു ശേഷം ഞാനും ഉറങ്ങുവാന്‍ സീറ്റിലേക്കു ചാഞ്ഞു. മുന്‍പിലുള്ള സീറ്റ്‌ പുറകിലേക്ക്‌ വന്നപ്പോള്‍ സീറ്റ്‌ പുറകിലേക്കാക്കാമെന്ന്‌ മനസ്സിലായി. എങ്ങെനെ സീറ്റ്‌ ചരിക്കാം എന്ന ചിന്തയില്‍ ഞാന്‍ അടുത്തിരിക്കുന്ന ഗൌരവക്കാരനെ നോക്കി.അദ്ദേഹം മസ്സിലുപിടിച്ചിരുന്ന്‌ ടിവി കാണുന്നു.നീ പോടാ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ കൈ വയ്ക്കുന്നിടത്തെ ബട്ടണില്‍ അമര്‍ത്തി. ചക്ക്‌..എന്ന ശബ്ദതോടെ അടുത്തിരിക്കുന്ന ഗൌരവക്കാരണ്റ്റെ സീറ്റ്‌ പുറകിലേക്കു ചരിഞ്ഞു.ചരിഞ്ഞു കിടക്കുന്ന ഗൌരവക്കാരന്‍ അടി പൊട്ടിക്കുന്നതിനു മുന്‍പു ഞാന്‍ സോറി പറഞ്ഞ്‌ സീറ്റ്‌ പൂര്‍വ്വസ്തിഥിയിലേക്ക്‌ കൊണ്ടുവരാനായി വിരലമര്‍ത്തനാന്‍ കൈ നീട്ടിയപ്പൊള്‍ ആ ഗൌരവക്കാരന്‍ എണ്റ്റെ കൈയ്യില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു വേണ്ട ഇങ്ങനെ ഇരിക്കുവാനായി ഞാനും ട്രൈ ചെയ്യുകായിരുനെന്നു. ഞാന്‍ സാകൂതം അയാളെ നോക്കിയപ്പൊള്‍ അയാള്‍ ക്രിത്രിമമായി എന്നെ ചിരിച്ചു കാണിച്ചു. എണ്റ്റെ വലത്തു ഭാഗത്തുള്ള ബട്ടണില്‍ വിരലമര്‍ത്തി എണ്റ്റെ സീറ്റും ചരിച്ചിട്ടതിനുശേഷം ഞാന്‍ അദ്ദേഹത്തെ നോക്കി താങ്കളുടെ ആദ്യ വിമാന യാത്രയാണോയെന്നു ചോദിച്ചു. അതെ എന്നു മറുപടിക്കു ശേഷം ഞങ്ങല്‍ തമ്മില്‍ സംസാരിച്ചു തുടങ്ങി.


രണ്ട്‌ കന്നി യാത്രക്കാരുടെ മനസ്സു തമ്മില്‍ വേഗമടുത്തു കഴിഞ്ഞപ്പൊള്‍ ഗൌരവക്കാരന്‍ വെറും ശുദ്ധനാണെന്നു തോന്നി.സീറ്റ്‌ ബെല്‍റ്റിണ്റ്റെ മുറുക്കം കാരണം എണ്റ്റെ ഇരുപ്പു അത്ര സുഖകരമല്ലായിരുന്നെങ്കിലും സംസാരിച്ചിരുന്നു ഞങ്ങളിരുവരും എപ്പോളോ ഉറങ്ങിപ്പോയി.ദുബായില്‍ വിമാനമിറങ്ങാറായി എന്ന അനൌണ്‍സ്മെണ്റ്റു കേട്ടപ്പോള്‍ ഉറക്കമുണര്‍ന്ന്‌ ഇറങ്ങാന്‍ തയ്യാറെടുത്തു.വിമാനം താഴ്‌ന്നു പറന്നപ്പൊള്‍ നിയോണ്‍ ലൈറ്റുകളുടെ പ്രഭയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദുബായിയുടെ കാഴ്ച കണ്ണുകളെ പുളകമണിയിച്ചു. സീറ്റ്‌ ബെല്‍റ്റുകാരണം എല്ലാവരുമിറങ്ങിയിട്ടു ഞാനിറങ്ങാമെന്നു കരുതി. അടുത്തിരുന്ന ഗൌരവക്കാരന്‍ യാത്ര പറഞ്ഞിറങ്ങി. എയര്‍ ഹോസ്റ്റെസ്സിണ്റ്റെ സഹായത്തോടെ സീറ്റ്‌ ബെല്‍റ്റിണ്റ്റെ ബന്ധനത്തില്‍ നിന്നും ഞാന്‍ മോചിതനായി.


രാത്രിയായതിനാലും സഹയാത്രികരെല്ലം മുന്‍പേ പോയതിനാലും എയര്‍പ്പോര്‍ട്ട്‌ വിജനമായി കാണപ്പെട്ടു.പാസ്സ്പ്പോര്‍ട്ടിലേ മുദ്രവയ്ക്കലെല്ലാം കഴിഞ്ഞതിനു ശേഷം ഞാന്‍ ലഗ്ഗേജ്‌ എടുക്കുവാനായി നീങ്ങി. കണ്‍വേയര്‍ ബെല്‍റ്റില്‍ നിന്നും ബാഗു തൂക്കിയെടുത്തു നടക്കുവാനൊരുംബെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ വന്നു പറഞ്ഞു സാധനം ട്രോളിയില്‍ വച്ച്‌ കൊണ്ടു പോകാന്‍.അവശേഷിച്ചിരുന്ന ഒരേയൊരു ട്രോളിയില്‍ സാധനം എടുത്തു വച്ച്‌ നീക്കാന്‍ ശ്രമിച്ചപ്പോള്‍ അതനങ്ങുന്നില്ല. ട്രോളിയില്‍ സാധനം വയ്ക്കാ പറഞ്ഞവനെ ഞനൊന്നു ക്രുദ്ധിച്ചു നോക്കി. അവന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പൊള്‍ ഞാന്‍ കോപാകുലനായി എന്നെ വടിയാക്കിയിട്ടു നിന്നു ചിരിക്കുന്നോടാ എന്ന ഭാവേന ഞാനവണ്റ്റെ അടുത്തേക്ക്‌ നീങ്ങി. നീ എനിക്കു ചീത്തയായ ട്രോളി കാണിച്ചിട്ട്‌ കൊണ്ടുപോകന്‍ പറഞ്ഞെന്നെ പൊട്ടനാക്കുകയാണോ എന്നു ഞാന്‍ ചോദിച്ചു. ചിരിച്ചുകൊണ്ടു ആ ട്രോളിയുടെ ഹാന്‍ഡില്‍ താഴ്ത്തിയാലേ അതു നീങ്ങൂ എന്നയാള്‍ പറഞ്ഞു തന്നു.ഇളിഭ്യനായി ഒരു ശുക്രിയാ പറഞ്ഞ്‌ ഞാന്‍ സാധനവുമായി പുറത്തേക്ക്‌ നീങ്ങി.ചില്ലുകള്‍ക്കപ്പുറത്ത്‌ നിന്നുകൊണ്ടു സുഹ്രുത്തുക്കള്‍ കൈ വീശി കാണിച്ചപ്പോള്‍ എനിക്കു സമാധാനമായി. എല്ലാ ദിശയിലും ചില്ലുകള്‍ മാത്രമുള്ള അവിടെ പുറത്തേക്കുള്ള വഴി പരതി ഞാന്‍ നടന്നു. വരുന്നതു വരട്ടെ എന്നു കരുതി എക്സിറ്റ്‌ എന്നെഴുതിവച്ചിരിക്കുന്ന ദിശയിലേക്ക്‌ ഞാന്‍ നടന്നു. ബോര്‍ഡിണ്റ്റെ അടുത്തെത്തിയപ്പോളാണു അതു സെന്‍സര്‍ കൊണ്ടു തനിയെ തുറക്കുന്ന ചില്ലു വാതായനങ്ങളാണെന്നു മനസ്സിലായത്‌.


പുറത്തിറങ്ങാന്‍ നേരിട്ട വിഷമങ്ങളാല്‍ അല്‍പം പരിഭ്രമം കലര്‍ന്ന മനസ്സോടെ കാത്തു നിന്നവരോടു കൂടെ സോഡിയം വേപ്പര്‍ ലൈറ്റുകളുടെ നീണ്ട നിരകളുള്ള നിരത്തിലൂടെ മറ്റൊരു പ്രവാസിയെക്കൂടെ കൈക്കലാക്കിയ മരുഭൂമിയുടെ വിരിമാറിലെ എതോ ദിശയിലേക്ക്‌ ആ കാറില്‍ ഞാന്‍ കുതിച്ചു പാഞ്ഞു..

Saturday, April 15, 2006

ജാലകങ്ങള്‍ .... (വിന്‍ഡോസ്‌)

ജാലകത്തിലൂടെ ഒരു ശലഭം പറന്നുവന്ന്‌ എണ്റ്റെ ചിന്തകളെ അലോസരപ്പെടുത്തി. എണ്റ്റെ ചിന്തകള്‍ക്ക്‌ വിഘ്നം വരുത്തുവാന്‍ സ്രിഷ്ടി അതിനെ അയച്ചിരിക്കുന്നു. ഞാന്‍ ആദ്യം അതിനെ കൊല്ലുവാനൊരുംബെട്ടെങ്കിലും പെട്ടെന്നുണ്ടായ എണ്റ്റെ മനം മാറ്റത്തില്‍ അതിനെ കടന്നുവന്ന ജാലകത്തിലൂടെത്തന്നെ ആട്ടിയൊടിച്ച്‌ ജാലകപാളികള്‍ വലിച്ചടക്കുന്നതിനിടയില്‍ അത്‌ തിരിച്ചുവന്ന്‌ പാളികള്‍ക്കിടയില്‍ ഞരിഞ്ഞമര്‍ന്നു. രക്ഷിക്കാനാഗ്രഹിച്ച ആ പ്രാണനെ ജാലകമെന്ന ആരാച്ചാര്‍ കീഴടക്കി.ജാലകങ്ങല്‍ ഇന്നു ലോകത്തിണ്റ്റെ തന്നെ വാതായനങ്ങളാണു. നൈര്യാശ്യമാര്‍ന്ന രാത്രികളില്‍ ഈ ജനാലകളിലൂടെ വന്ന നിലാവില്‍ എത്രയൊ നിരാശകള്‍ പ്രത്യാശകള്‍ക്കിടം നല്‍കി. കമ്പ്യൂട്ടറിലും ജാലകങ്ങളുടെ അതിപ്രസരമാണു. ഒരു ജാലകം തുറന്നു മറ്റൊന്നിലേക്കും, പിന്നീടവിടുന്നു മറ്റൊരിടത്തേക്കും.അതികായകനായ വ്യക്തിയോടും അദ്ദേഹത്തിണ്റ്റെ ലോകോത്തര നിലവാരമുള്ള കണ്ടുപിടുത്തത്തോടും ജാലകത്തിനു വളരേയധികം കടപ്പാട്‌. ജാലകത്തിലൂടെ ലോകം പിടിച്ചടക്കിയ ആ കമ്പ്യൂട്ടര്‍ അധികായകന്‍ എപ്പോഴെങ്കിലും തണ്റ്റെ വീടിണ്റ്റെ ജാലകത്തിലൂടെ മാനം നോക്കിയിരുന്നു തണ്റ്റെ നേട്ടങ്ങളെകുറിച്ച്‌ അയവിറക്കിയിട്ടുണ്ടാവും.അദ്ദേഹം ഈ ജനാലകള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിണ്റ്റെ ഗതി മറ്റൊരു ദിശയിലായിരുന്നിരിക്കാം.കവുംങ്ങോടത്തെ ഗോപാലനാശാരി ജനാലയുടെ ഉരുപ്പടികള്‍ ചിന്തേരിടുമ്പോള്‍ ലോക ഗതിതന്നെ നിയന്ത്രിക്കാവുന്ന യന്ത്രത്തിനെയാണു താന്‍ സ്രിഷ്ടിക്കുന്നതെന്നു ചിന്തിച്ചിരുന്നിരിക്കില്ല. പകരം അദ്ദേഹം എപ്പൊളത്തെയും പോലെ അടുത്തുകൂടി ഇഴഞ്ഞു നീങ്ങുന്ന ഉറുംബുകളുടെ പ്രഷ്ടത്തില്‍ ഉളിമുട്ടിച്ച്‌ അതിണ്റ്റെ പിടച്ചിലുകണ്ടു രസിച്ചുകൊണ്ടിരുന്നു.പൊതു ഗതാഗതവാഹനമായ ശകടത്തിലും പുതുമ കൈവരിക്കാനായി സ്പടികജാലകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കല്ലേറിണ്റ്റെ പ്രഹരത്തില്‍ വ്യക്തമായ ശബ്ദത്തോടെ തങ്ങളുടെ സമരത്തിനു ഒട്ടേറെ പിന്തുണ തന്നിരുന്ന സ്പടികജനാലകളെ രാഷ്ട്രീയക്കാരും സമരമുന്നണികളും ഒരുപാടു പ്രേമിച്ചിരിക്കണം. പ്രബുദ്ധരായ ജനങ്ങള്‍ മന്ദമാരുതന്‍ ഉള്ളില്‍ യദ്ദേഷ്ടം കയറിയിറങ്ങുന്നതിനു സ്പടികങ്ങള്‍ വിഘ്നം വരുത്തുന്നു എന്നു കണ്ടെത്തിയതൊടെ പഴയരീതിയില്ലുള്ള തുറന്ന ജാലകങ്ങല്‍ തിരിച്ചുവന്നു. കേരളത്തിലെ ബസ്സുകളുടെ തുറന്ന ജാലകങ്ങള്‍ ചെന്നൈപട്ടണനിരത്തിലോടുംബോള്‍ ,തണ്റ്റെ കന്നിയാത്രയില്‍ മൂക്കത്തു വിരലമര്‍ത്തി പാവം നംബൂതിരി സഹയാത്രികനോടു ആരാഞ്ഞു, ഇവിടെയുള്ളവര്‍ വെളിക്കിരിക്കുനതു പൊതു നിരത്തിലാണോയെന്ന്‌?. ഇവിടുത്തെ മനുഷ്യര്‍ക്കു ഇതാണു ശീലം, കൂടെ വെളുപ്പിനെയുള്ള യാത്രയില്‍ ഒരുപാടു കറുത്ത പ്രഷ്ടങ്ങളും കാണാമല്ലൊ എന്നു മറുപടി.ഇണ്റ്റര്‍ സ്റ്റേറ്റ്‌ വണ്ടികളില്‍ ഇപ്പോളും സ്പടികജാലകങ്ങള്‍ തുടരുന്നതിനൊരുകാരണവും ഇതായിരിക്കാം. ഏങ്കിലും സമരക്കാരുടെ തീഗോളം തുറന്ന ജാലകത്തിലൂടെ ദാനമായി ലഭിച്ച സ്ത്രീ ഒരു ദീര്‍ഗ്ഗനിശ്വാസം വിട്ടിരുന്നിരിക്കണം.നീലനിറത്തിനു ആധിക്ക്യമുള്ള ഈ കമ്പ്യൂട്ടര്‍ ജനാലകള്‍ എന്നും എത്രെയൊ ദേശങ്ങളില്‍ തുറക്കുകയും അടക്കപ്പെടുകയും ചെയ്യുന്നു. ആരും വെറുക്കാത്ത എല്ലാവരും സ്നേഹിച്ചുപോയ ജാലകമെന്ന ഈ ഞാന്‍ സ്നേഹത്താല്‍ വീര്‍പ്പുമുട്ടി അല്‍പമൊക്കെ അഹങ്കാരം കാണിക്കുന്നതായി നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഈ ഭൂലോഗത്തില്‍ എല്ലായ്പ്പോഴും എല്ലാ നിമിഷങ്ങളിലും നിങ്ങള്‍ക്ക്‌ ഞാന്‍ ആവശ്യമായി വരുന്നതുകൊണ്ടാവാം..